ഗോത്രഗ്രാമങ്ങളിലൂടെ | KAIROS MALAYALAM | MARCH 2026
- Kairos Media

- May 30
- 2 min read

ഒരു മിഷൻ യാത്ര ഉള്ളിൽ താലോലിക്കുന്നുണ്ടായിരുന്നെങ്കിലും അത് നടക്കാതിരുന്ന സാഹചര്യത്തിലാണ്, അപ്രതീക്ഷിതമായി ഒരു മിഷൻ അവസരം എനിക്ക് ലഭിക്കുന്നത്. ഒട്ടും മുൻപരിചയമില്ലാത്ത ഒരു സംഘത്തിന്റെ കൂടെ ഒരു പകരക്കാരിയായാണ് പോകേണ്ടിയിരുന്നതെങ്കിലും, മിഷന്റെ പ്രാധാന്യം അറിയുന്നവരും കർത്താവിന്റെ പദ്ധതിയിൽ ആശ്രയിക്കുന്നവരുമായ എന്റെ ജീസസ് യൂത്ത് കുടുംബത്തിൽ നിന്ന് അനുമതി ലഭിക്കുക കൂടി ചെയ്തപ്പോൾ എന്റെ ആഗ്രഹം സഫലമായി
.
മിഷൻ യാത്രയിൽ യേശുവിനെ നൽകാൻ കഴിഞ്ഞു എന്നതുപോലെ തന്നെ, എന്റെ കണ്ണുതുറപ്പിച്ച അനുഭവങ്ങളും ഏറെയുണ്ടായിരുന്നു.
ഒറീസയിലെ ഗോത്രഗ്രാമങ്ങളിൽ (Tribal villages) ആയിരുന്നു ഞങ്ങളുടെ മിഷൻ പ്രവർത്തനം നടന്നത്. വിസ്തൃതമായ പ്രദേശങ്ങളിൽ അവർക്ക് കുർബാന വല്ലപ്പോഴും മാത്രമേ ലഭിച്ചിരുന്നുള്ളൂ. ഞങ്ങളുടെ ചെറുസംഘത്തിൽ പുരോഹിതനും കന്യാസ്ത്രീയും ഉണ്ടായിരുന്നതിനാൽ കുർബാന അർപ്പിക്കുന്ന സമയത്ത് അതിൽ പങ്കെടുക്കുന്നവരുടെ ആഗ്രഹവും തീക്ഷ്ണതയും ഞാൻ നേരിട്ട് കണ്ടു. അപ്പോൾ, നാട്ടിൽ എല്ലാ ദിവസവും പല സമയങ്ങളിൽ ലഭിക്കുന്ന കുർബാനയെ ഒരുപക്ഷേ ഞാൻ നിസ്സാരമായി (Teken for granted) കണക്കാക്കിയിരുന്നല്ലോ എന്നോർക്കുകയും ആ മനോഭാവം മാറ്റുവാൻ തീരുമാനിക്കുകയും ചെയ്തു.
നമ്മൾ നാട്ടിൽ ചെയ്യുന്ന 'വൺഡേ പ്രോഗ്രാം' പോലെയുള്ള ചെറുപതിപ്പുകൾ അവിടെ പലയിടങ്ങളിൽ ചെയ്തപ്പോൾ ഏതാണ്ട് എല്ലാ സ്ഥലങ്ങളിലും ഞാൻ തന്നെയായിരുന്നു പ്രോഗ്രാം നയിച്ചത്. അവരുടെ പ്രാദേശിക ഭാഷ അറിയാത്ത ഞാൻ ദൈവാശ്രയത്തിൽ ഇംഗ്ലീഷിലും മലയാളത്തിലും ഒക്കെയായി പറയുമ്പോൾ, അവിടെയുള്ള ഒരു മലയാളി അച്ചൻ അത് അവർക്ക് തർജ്ജമ ചെയ്തു കൊടുക്കുന്നുണ്ടായിരുന്നു. പക്ഷേ ഞാൻ ദൈവകൃപയിൽ ആശ്രയിച്ച് പറയുകയും ആംഗ്യങ്ങൾ കാണിക്കുകയും പാടുകയും ഒക്കെ ചെയ്യുമ്പോൾ തന്നെ ഈശോയുടെ സ്നേഹസ്പർശനം അവർക്ക് ലഭിക്കുന്നുണ്ടെന്ന് എനിക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു. പിന്നീട് അവർ തന്നെ, "എന്നിലൂടെ അവർക്ക് യേശുവിനെ കാണാൻ പറ്റി" എന്ന് പറഞ്ഞപ്പോൾ, നമ്മുടെ പരിശ്രമമോ ലൗകിക ജ്ഞാനമോ ഒന്നുമല്ല ദൈവകൃപയാണ് എല്ലാത്തിനും ആധാരമെന്ന് എനിക്ക് അനുഭവത്തിലൂടെ ബോധ്യമായി.'I am not worthy' (ഞാൻ യോഗ്യയല്ല) എന്നൊരു ചിന്ത പലപ്പോഴും എന്നെ ശല്യപ്പെടുത്തിയിരുന്നു. എന്നാൽ ഈ അനുഭവങ്ങളിലൂടെ കർത്താവ് എന്നെ ഉപയോഗിക്കുന്നത് കണ്ടപ്പോൾ കർത്താവിനോട് കൂടുതൽ അടുക്കുവാൻ അത് കാരണമായി. എന്റെ നിത്യേനയുള്ള പ്രാർത്ഥനയിലെ പ്രധാന ഒരു പോയിന്റ് ആയിരുന്നു "കർത്താവേ എന്നെ അങ്ങയുടെ സ്നേഹം പകരുന്ന നല്ല ഒരു ഉപകരണമായി ഉപയോഗിക്കണമേ" എന്നത്. ഈ അടുത്തകാലത്ത് ആ പോയിന്റ് എന്റെ പ്രാർത്ഥനയിൽ നിന്ന് മാറിപ്പോയിരുന്നു; അപ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത്. പ്രാർത്ഥനകൾ ഒന്നും വൃഥാവിലാവുന്നില്ല എന്ന് മനസ്സിലാക്കാനും കൂടുതൽ പ്രാർത്ഥിക്കുവാനും ഇത് പ്രചോദിദനമേകുന്നു.
നിത്യവൃത്തിക്കായി ബുദ്ധിമുട്ടുന്ന ആ പ്രദേശങ്ങളിൽ ആശുപത്രികളോ ആരോഗ്യപരിപാലന കേന്ദ്രങ്ങളോ വിദ്യാലയങ്ങളോ ഒന്നും തന്നെയില്ല. ഒരു ഭവനത്തിലെ രണ്ടുപേർ മരിച്ചത്, തൊണ്ടയിലെ കുരു കാരണം ഭക്ഷണം കഴിക്കാൻ പറ്റാതെയാണെന്ന് അറിഞ്ഞതും, മറ്റു പലയിടങ്ങളിലെയും മരണങ്ങൾ എന്ത് രോഗം വന്നാണെന്ന് അവർക്കറിയില്ല എന്നതുമൊക്കെ, നമ്മുടെ സാഹചര്യങ്ങൾ എത്ര അനുഗ്രഹീതമാണെന്ന് എന്നെ ചിന്തിപ്പിച്ചു.
എന്നിട്ടും തുച്ഛമായ അവരുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം ആശുപത്രിയോ വിദ്യാലയങ്ങളോ പണിയുന്നതിനോ, സ്വന്തം ഭവനത്തിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനോ ഉപയോഗിക്കാതെ പള്ളി നിർമ്മാണത്തിനും അതിനകത്തെ സൗണ്ട് സിസ്റ്റം, വാദ്യോപകരണങ്ങൾ തുടങ്ങിയ മറ്റു ക്രമീകരണങ്ങൾക്കും ചെലവാക്കുന്നത് കണ്ടപ്പോൾ, എല്ലാറ്റിനുമുപരിയായി ഈശോയെ സ്നേഹിക്കണം എന്ന വസ്തുത അവർ തങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു.
ലിഡിയ മാർട്ടിൻ, തിരുവനന്തപുരം



Comments