കാരുണ്യവാനായ പിതാവിന്റെ മുഖമുള്ള നേതാവ് | സ്പെഷ്യൽ സ്റ്റോറി | മനോജ് സണ്ണി | KAIROS MALAYALAM | MAY 2025

ഫ്രാന്‍സിസ് പാപ്പ ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പയുടെ പിന്‍ഗാമിയായി സ്ഥാനമേറ്റതിന് തൊട്ടുപിന്നാലെ, പെന്തക്കോസ്ത ദിനത്തില്‍ വത്തിക്കാനില്‍ സഭാ പ്രസ്ഥാനങ്ങളുടെ ഒരു സമ്മേളനം അദ്ദേഹം പ്രഖ്യാപിച്ചു. 2013 മെയ് 26ന്, ഈ സമ്മേളനത്തിനിടെയാണ് പുതിയ പാപ്പയെ ആദ്യമായി കാണാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചത്. അദ്ദേഹം പാപ്പയായി വെറും രണ്ടുമാസം മാത്രം ആയപ്പോഴായിരുന്നു അത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പയെയും ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പയെയും ഞാന്‍ കണ്ടിട്ടുണ്ടെങ്കിലും, ഈ കൂടിക്കാഴ്ച വേറിട്ട ഒരു അനുഭവം തന്നെയായിരുന്നു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പയെ ആദ്യമായി കണ്ടപ്പോള്‍, എന്റെ കണ്ണുകള്‍ കവിഞ്ഞൊഴുകുകയായിരുന്നു. കാരണം പരിശുദ്ധമായ ഒരു സ്ഥലത്തും വിശുദ്ധനായ ഒരു വ്യക്തിയുടെ സാന്നിധ്യത്തിലുമാണ് ഞാന്‍ നില്‍ക്കുന്നതെന്ന് തിരിച്ചറിയാന്‍ എനിക്ക് സാധിച്ചു. സുവിശേഷ വത്കരണത്തിനായുള്ള സിനഡിന്റെ അവസാനത്തിലാണ് ഞാന്‍ ബെനഡിക്ട് പാപ്പയെ ആദ്യമായി കാണുന്നത്. ഈ സിനഡിന്റെ ഭാഗമായി ഒരു മാസത്തോളം അദ്ദേഹത്തെ ശ്രവിച്ചപ്പോള്‍, ജ്ഞാനത്തിന്റെയും അറിവിന്റെയും ഇരിപ്പിടമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു യഥാര്‍ഥ കത്തോലിക്കാ അധ്യാപകന്റെ സാന്നിധ്യത്തിലാണ് ഞാനെന്ന് മനസ്സിലാക്കുകയായിരുന്നു.
ഫ്രാന്‍സിസ് പാപ്പയുമായി അഞ്ച് തവണ കൂടിക്കാഴ്ച നടത്താന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ധൈര്യവും പ്രത്യാശയും പകരുന്ന അദ്ദേഹത്തിന്റെ സ്ഥായിയായ പുഞ്ചിരിയും ആനന്ദവും എന്നെ പൂര്‍ണമായും ത്രസിപ്പിച്ചു. അദ്ദേഹം എന്നെ സ്നേഹിക്കുന്നുവെന്നും വിലമതിക്കുന്നുവെന്നും മനസ്സിലാകും വിധമായിരുന്നു അദ്ദേഹത്തിന്റെ എല്ലാ പ്രവൃത്തികളും. ആദ്യമായി ഫ്രാന്‍സിസ് പാപ്പയെ കണ്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തെ 'പരിശുദ്ധ പിതാവേ' (Holy father) എന്ന് അഭിസംബോധന ചെയ്തു. നിറപുഞ്ചിരിയോടെ 'വിശുദ്ധനായ പുത്രാ' (Holy son) എന്ന് അദ്ദേഹം പ്രത്യഭിവാദനം ചെയ്തു. മുന്‍പ് പാപ്പമാരെ കണ്ടപ്പോള്‍ കുമ്പിട്ട് മോതിരം ചുംബിക്കുന്ന പതിവുണ്ടായിരുന്നു. ഞാന്‍ അതിന് തുനിഞ്ഞപ്പോള്‍ ഫ്രാന്‍സിസ് പാപ്പ എന്നെ അതിന് അനുവദിച്ചില്ല. പകരം എന്റെ രണ്ട് കൈകളും കൂട്ടിപ്പിടിച്ച്, കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് സ്നേഹപൂര്‍വം സംസാരിച്ചു. ഞാന്‍ അദ്ദേഹത്തെ കണ്ടുമുട്ടുമ്പോഴെല്ലാം കെയ്റോസ് മാഗസിനും ജീസസ് യൂത്തിന്റെ ഇന്റര്‍നാഷണല്‍ ന്യൂസ് ലെറ്ററും സമ്മാനിക്കാറുണ്ടായിരുന്നു. ജീസസ് യൂത്ത് മൂവ്മെന്റിനെ ആദ്യമായി ഞാന്‍ പരിചയപ്പെടുത്തിയപ്പോഴും അന്തര്‍ദേശീയ തലത്തിലുള്ള അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചപ്പോഴും പാപ്പാ സാകൂതം അത് ശ്രദ്ധിക്കുകയുണ്ടായി.
അതോടൊപ്പം നമ്മുടെ മൂവ്മെന്റിനെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുകയും വളരെയധികം പിന്തുണയ്ക്കുകയും ചെയ്തു. ഞാന്‍ നമ്മുടെ മൂവ്മെന്റിനു വേണ്ടി അദ്ദേഹത്തിന്റെ അനുഗ്രഹവും ആശീര്‍വാദവും ചോദിച്ചപ്പോഴെല്ലാം ഏറെ സ്നേഹപൂര്‍വം അദ്ദേഹം അത് നല്‍കിയിട്ടുണ്ട്. ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചിട്ടുള്ള പല ബിഷപ്പുമാരും 'ജീസസ് യൂത്തിനെ പാപ്പയ്ക്ക് നന്നായി അറിയാമെന്നും അദ്ദേഹം നിങ്ങളെ ഏറെ വിലമതിക്കുന്നുവെന്നും' പലപ്പോഴും എന്നോട് പറഞ്ഞിട്ടുണ്ട്.
2014 ജൂണ്‍ 1ന് റോമിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തില്‍ വച്ചുള്ള സമ്മേളനം എനിക്ക് ഒരിക്കലും മറക്കാനാവില്ല. ഇറ്റാലിയന്‍ കരിസ്മാറ്റിക് റിന്യൂവലിന്റെയും ഗ്ലോബല്‍ ലീഡേഴ്സിന്റെയും ഒരു സമ്മേളനമായിരുന്നു അത്. ആ സമ്മേളനത്തില്‍ പങ്കെടുത്ത 40,000 ത്തിലധികം വരുന്ന ആളുകളെ അഭിസംബോധന ചെയ്തശേഷം ഫ്രാന്‍സിസ് പാപ്പ ആ സ്റ്റേജില്‍ മുട്ടുകുത്തി, തലകുമ്പിട്ടശേഷം ജനങ്ങളോട് തനിക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടു. പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട വേളയിലും അദ്ദേഹം ഇത്തരത്തില്‍ ജനങ്ങളുടെ പ്രാര്‍ഥന യാചിച്ചിരുന്നു. ആ സമയം അവിടെ സമ്മേളിച്ചിരുന്ന ജനങ്ങളത്രയും പാപ്പായുടെ നേരെ കൈകള്‍ നീട്ടി, അദ്ദേഹത്തിന് വേണ്ടി അതിശക്തമായി പ്രാര്‍ഥിക്കുന്ന കാഴ്ച ഏറെ ഹൃദയസ്പര്‍ശിയായിരുന്നു. കരിസ്മാറ്റിക് നവീകരണത്തിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് റോമില്‍വച്ച് 2017 ജൂണ്‍ മൂന്നിന് നടന്ന പ്രാര്‍ഥനാ ശുശ്രൂഷയ്ക്കിടെ പരിശുദ്ധ പാപ്പ, തന്റെ സുഹൃത്തും പെന്തക്കോസ്ത് പാസ്റ്ററുമായ ജിയോവന്നി ട്രാറ്റിനോ (Pastor Giovanni Traettino) യുടെ മുന്പില് തനിക്കുവേണ്ടി പ്രാര്‍ഥിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തലകുനിച്ചു നിന്നതും അവിടെ സമ്മേളിച്ചിരുന്ന ആയിരങ്ങള്‍ പാസ്റ്ററിനോടൊപ്പം പാപ്പായ്ക്കായി പ്രാര്‍ഥിച്ചതും എന്റെ ഓര്‍മയിലുണ്ട്. (2014ല്‍ പാസ്റ്റര്‍ ജിയോവന്നിയെ ഫ്രാന്‍സിസ് പാപ്പ അദ്ദേഹത്തിന്റെ ആരാധനാലയത്തിലെത്തി സന്ദര്‍ശിച്ചിരുന്നു).
സമ്മേളനത്തിനിടെ മറ്റ് കരിസ്മാറ്റിക് നേതാക്കളോടൊപ്പം കൈകള്‍ ഉയര്‍ത്തി ഉച്ചത്തില്‍ How great Thou Art' എന്ന് പാടി പ്രാര്‍ഥിക്കുന്ന അദ്ദേഹത്തിന്റെ മനോഹരദൃശ്യം ഇന്നും ഞാന്‍ ഓര്‍ക്കുന്നു. പാപ്പായുടെ ഒരു പ്രധാന മേന്മയായി ഞാന്‍ കണ്ടിട്ടുള്ളത് ഈ സാധാരണത്വമാണ്. അദ്ദേഹത്തിന്റെ വസതിയും ഉപയോഗിച്ചിരുന്ന കാറുമെല്ലാം ലാളിത്യത്തിന്റെ അടയാളങ്ങള്‍ ആയിരുന്നു. ഒരു അധികാരി എന്നതിനപ്പുറം തന്റെ കുറവുകളെയും ദൗര്‍ബല്യങ്ങളെയും അംഗീകരിച്ചുകൊണ്ട്, സഭയെ നയിക്കാന്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ട ഒരു എളിയദാസന്‍ എന്ന നിലയിലാണ് അദ്ദേഹം എപ്പോഴും വര്‍ത്തിച്ചിട്ടുള്ളത്.
നമ്മെപ്പോലുള്ള ഒരു സാധാരണക്കാരന് മാത്രമാണ് താനെന്ന് വിളിച്ചോതുന്നതായിരുന്നു അദ്ദേഹത്തിന്റെ ഓരോ പ്രവൃത്തിയും. ഈ ലാളിത്യം ആയിരുന്നു അദ്ദേഹത്തിന്റെ നേതൃപാടവത്തിന്റെ മുഖമുദ്ര. അദ്ദേഹം തന്നെക്കുറിച്ച് പരാമര്‍ശിച്ചിരുന്നത് താനൊരു പാപിയാണെന്നും, എന്നാല്‍ രക്ഷിക്കപ്പെട്ട പാപിയാണെന്നുമായിരുന്നു. 'Miserado atque eligendo"(കാരുണ്യത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവന്‍) എന്ന ആദര്‍ശവാക്യം അദ്ദേഹം സ്വീകരിക്കാന്‍ കാരണവും ഇതുതന്നെയാണെന്ന് ഞാന്‍ കരുതുന്നു. പരിശുദ്ധാത്മാവിലുള്ള ജ്ഞാനസ്നാനവും പരിശുദ്ധാത്മാവിലുള്ള ജീവിതവും എല്ലാവര്ക്കും എവിടെയും എപ്പോഴും സംലഭ്യമാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി സുവിശേഷവത്കരണത്തിനും സഭാത്മക പ്രസ്ഥാനങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ പ്രാധാന്യവും അംഗീകാരവും നല്‍കിയത് ഫ്രാന്‍സിസ് പാപ്പയാണ്. 2019ല്‍ 'ഇവമൃശ'െ ന് തുടക്കം കുറിച്ചുകൊണ്ട് കരിസ്മാറ്റിക് നവീകരണത്തെ സഭയുടെ ഔദ്യോഗിക ശ്രേണിയിലേക്ക് അദ്ദേഹം ഉള്‍ച്ചേര്‍ത്തു.
വത്തിക്കാനില്‍ 2016 ഫെബ്രുവരിയില്‍ നടന്ന 150ലധികം വരുന്ന പ്രതിനിധികളുടെ ഒരു സമ്മേളനത്തെ ഫ്രാന്‍സിസ് പാപ്പ അഭിസംബോധന ചെയ്യാന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ തലേരാത്രിയിലാണ് കടുത്ത പനിയെതുടര്‍ന്ന് അദ്ദേഹം ഞങ്ങളോട് സംസാരിക്കാന്‍ ഇടയില്ലെന്നും അഥവാ സംസാരിച്ചാല്‍ തന്നെ ഓരോരുത്തരോടും വ്യക്തിപരമായുള്ള കൂടിക്കാഴ്ച അസാധ്യമാണെന്നും അറിയിപ്പ് ലഭിച്ചത്. എന്നിരുന്നാലും അദ്ദേഹം സമയത്തിന് തന്നെ എത്തുകയുണ്ടായി. ക്ഷീണിതനാ യിരുന്നെങ്കിലും പിതാക്കന്മാരെയും നേതൃനിരയിലുള്ളവരെയും മാത്രമല്ലാതെ അതില്‍ പങ്കെടുക്കുന്ന ഓരോരുത്തരെയും വ്യക്തി പരമായികാണാന് അദ്ദേഹം തീരുമാനിച്ചു. എനിക്കും അതിന് ഭാഗ്യമുണ്ടായി. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ഞങ്ങള്‍ എല്ലാവരും തുല്യരായി പരിഗണിക്കപ്പെട്ടു. ദൈവപിതാവ് നമ്മെ കാണുന്നതുപോലെ തുല്യ അന്തസ്സോടും ആദരവോടും കൂടെയാണ് അദ്ദേഹം ഞങ്ങളെ ഓരോരുത്തരെയും കണ്ടത്.പിതാവായ ദൈവത്തിന്റെ കാരുണ്യത്തിന്റെ മുഖമാണ് ഫ്രാന്‍സിസ് പാപ്പയ്ക്ക്. ദൈവം പാപിയെ സ്നേഹിക്കുന്നുവെന്നും പാപത്തെ വെറുക്കുന്നു എന്നുമുള്ള അദ്ദേഹത്തിന്റെ വിശ്വാസം സഭയുടെ വാതായനങ്ങള്‍ എല്ലാവര്‍ക്കുമായി തുറന്നിടാന്‍ സഹായകരമായി. LGBTQ വിഭാഗങ്ങളോടുള്ള അദ്ദേഹത്തിന്റെ 'അവരെ വിധിക്കാന്‍ ഞാന്‍ ആര്?' എന്ന നിലപാടും മറ്റും ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യരുടെ അന്തസ്സിനോടുള്ള ആഭിമുഖ്യം പ്രതിഫലിപ്പിക്കുന്നതായിരുന്നു. മടങ്ങിവരവിനായി ആഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്യുന്ന ഒരു ഇടം ദൈവ പിതാവിന്റെ ഹൃദയത്തിലുണ്ടെന്നും അതുകൊണ്ടുതന്നെ സഭയുടെ വാതായനങ്ങള്‍ അത്തരക്കാര്‍ക്കായി തുറന്നിടണമെന്നും അദ്ദേഹം കരുതിയിരുന്നു.
'അടച്ചു പൂട്ടിയിരിക്കുന്നതുകൊണ്ടും സ്വന്തം സുരക്ഷിതത്വത്തില്‍ ഒട്ടിച്ചേരുന്നതുകൊണ്ടും അനാരോഗ്യകരമായ ഒരു സഭയെക്കാള്‍ കൂടുതല്‍ ഞാന്‍ ഇഷ്ടപ്പെടുന്നത് പുറത്ത് തെരുവുകളില്‍ ആയിരുന്നതുകൊണ്ട് മുറിവേറ്റതും പീഡിപ്പിക്കപ്പെടുന്നതും കളങ്കപ്പെട്ടതുമായ ഒരു സഭയെയാണ്. കേന്ദ്രത്തിലായിരിക്കാന് താത്പര്യം കാണിക്കുന്നതും പിന്നീട് വ്യാമോഹങ്ങളുടെയും നടപടിക്രമങ്ങളുടെയും വലയില്‍ അവസാനിക്കുകയും ചെയ്യുന്ന ഒരു സഭ എനിക്ക് വേണ്ട (സുവിശേഷത്തിന്റെ ആനന്ദം 49.) അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സഭയെന്നത് 'യുദ്ധഭൂമിയിലെ ആശുപത്രിയാണ് (എശലഹറ ഒീുെശമേഹ). 2016 കരുണയുടെ വര്‍ഷമായി പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം ഇതിന് തുടക്കം കുറിച്ചത്. 'തങ്ങളുടെ മുറിവുകള്‍ സുഖപ്പെടേണ്ട ധാരാളം ആളുകള്‍ ഉണ്ട്. ഇതാണ് സഭയുടെ ദൗത്യം, ഹൃദയങ്ങളിലെ മുറിവുണക്കുക, ആളുകളെ സ്വതന്ത്രരാക്കാന്‍ സഭയുടെ വാതിലുകള്‍ തുറക്കുക, ആളുകളെ സ്വതന്ത്രരാക്കുക, ദൈവം നല്ലവന്‍ ആണെന്ന് പറയുക, ദൈവം എല്ലാവരോടും ക്ഷമിക്കുന്നു, സ്നേഹിക്കുന്നു. അവിടന്ന് നമ്മുടെ പിതാവാണ് സ്നേഹനിധിയാണ്, നമ്മെ കാത്തിരിക്കുന്നവനാണ്'.
സിദ്ധാന്തങ്ങള്‍ക്കപ്പുറം സ്നേഹം, വിധിപ്രസ്താവനകള്ക്കു പകരം കരുണ, എല്ലാറ്റിലുമുപരിയായി കൈയടികള്‍ക്കു പകരം പ്രവൃത്തി, ഇതെല്ലാമാണ് അദ്ദേഹം തെരഞ്ഞെടുത്തത്. ഇക്കഴിഞ്ഞ ഏപ്രില്‍ 21ന് ടൈം മാഗസിന് പുറത്തിറക്കിയ ഒരു ലേഖനത്തിന്റെ തലക്കെട്ട് 'ഫ്രാന്‍സിസ് പാപ്പയുടെ മഹത്തായ നേട്ടം കരുണയ്ക്ക് ഊന്നല്‍ നല്കയത്' എന്നായിരുന്നു. അതേ ദിവസം തന്നെ അമേരിക്കയിലെ പ്രശസ്ത ടെലിവിഷന്‍ അവതാരകയും അഭിനേത്രിയുമായ Whoopi Goldberg ഇന്‍സ്റ്റഗ്രാമില്‍ എഴുതിയത് ഇങ്ങനെയായിരുന്നു. 'ക്രിസ്തുവിന്റെ സ്നേഹം വിശ്വാസിയെയും അവിശ്വാസിയെയും ഒരുപോലെ പൊതിഞ്ഞ് നില്‍ക്കുന്നതാണെന്ന് അദ്ദേഹത്തെ കാണുമ്പോള്‍ അനുഭവപ്പെടുമായിരുന്നു'.
കരുണ, മനുഷ്യന്റെ അന്തസ്സ്, അഭയാര്‍ഥികള്‍, ദരിദ്രര്‍ക്കായുള്ള ദരിദ്രസഭ, പാര്‍ശ്വവത്കരിക്കപ്പെട്ടവരെ ചേര്‍ത്തുപിടിക്കല്‍, കാലാവസ്ഥ വ്യതിയാനം, ഭൂമിമാതാവിന്റെ സംരക്ഷണം, തുടങ്ങിയ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ എഴുത്തുകളും നിലപാടുകളും ക്രിസ്ത്യാനികള്‍ മാത്രമല്ല ആശ്ലേഷിച്ചതും പിഞ്ചെന്നതും, മറിച്ച് ലോക ജനത ഒട്ടാകെയായിരുന്നു. കാരുണ്യവാനായ പിതാവിന്റെ മുഖം പ്രതിഫലിപ്പിച്ച ഒരു കരുണാമയനായ നേതാവ്. സുവിശേഷവത്കരണമാണ് സഭയുടെ പ്രഥമ ദൗത്യം എന്ന വ്യക്തമായ ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. തന്റെ ആദ്യ അപ്പസ്തോലിക പ്രബോധനത്തില്‍ 'സഭയുടെ ആചാരങ്ങളും പ്രവര്‍ത്തന ശൈലിയും സമയങ്ങളും സമയവിവരപ്പട്ടികയും ഭാഷയും സംവിധാനങ്ങളും സ്വന്തം സംരക്ഷണത്തിന് എന്നതിനേക്കാള്‍ ഇന്നത്തെ ലോകത്തിന്റെ സുവിശേഷവത്കരണത്തിനായി ഒരു പ്രേക്ഷിതത്വ തെരഞ്ഞെടുപ്പ്, അതായത് എല്ലാം പരിവര്‍ത്തനം ചെയ്യാന്‍ കഴിവുള്ള പ്രേഷിതത്വ പ്രചോദനം ഞാന്‍ സ്വപ്നം കാണുന്നു' (EG27) എന്ന് അദ്ദേഹം പറഞ്ഞുവയ്ക്കുന്നു.
'എപ്പോഴും യാത്രയിലായിരിക്കാന്' അവന് നമ്മെ ഓരോരുത്തരെയും വിളിക്കുന്നു. നിശ്ചലമായി നില്‍ക്കാതെ, ക്രിസ്തുവിന്റെ യഥാര്‍ഥ ശിഷ്യന്മാരും മിഷണറിമാരുമാകാനും 'എല്ലായ്പ്പോഴും കൂടുതല്‍' ചെയ്യാനുണ്ട്' എന്ന ആശയം നമ്മുടെ ഹൃദയത്തില്‍ കൊണ്ടുനടക്കാനും റിസ്ക് ഏറ്റെടുക്കാനും അവന് നമ്മെ ക്ഷണിക്കുന്നു. അപ്പോള്‍ നമ്മുടെ കൈകള്‍ വൃത്തിഹീനമാകും തെറ്റുകള്‍ സംഭവിക്കും. പക്ഷേ എങ്ങനെ മുന്നോട്ട് പോകണമെന്ന് അറിയുന്നവരാകും (Plenary Assembly of PCL, 18, June 2016).
സഭയുടെ സേവനത്തിനുള്ള ഒരു മിഷണറി മൂവ്മെന്റ് എന്ന നിലയില്‍ എത്ര വലിയ വെല്ലുവിളിയാണ് ജീസസ് യൂത്തിന് മുമ്പില്‍ ഈ ദൈവമനുഷ്യന് ഉയര്‍ത്തുന്നത്.
പ്രിയപ്പെട്ട ഫ്രാന്‍സിസ് പാപ്പാ, ഞങ്ങള്‍ അങ്ങയെ മിസ്സ് ചെയ്യും. പക്ഷേ അങ്ങ്, അങ്ങയുടെ പിതാവിന്റെ ഭവനത്തില്‍ ആണെന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. അവസാന നാളുകളിലെ അങ്ങയുടെ സഹനത്തിനും സ്വന്തം ദൗത്യം തുടരാനുള്ള അസാമാന്യമായ ധൈര്യത്തിനും ഞങ്ങള്‍ സാക്ഷികളല്ലോ. ഉയിര്‍പ്പു തിരുനാളിന് ഞങ്ങളെ ആശീര്‍വദിക്കാന്‍ കൈകള്‍ ഉയര്‍ത്താന്‍ പോലും അങ്ങ് പാടുപെടുന്നത് ഞങ്ങള്‍ കണ്ടു. എന്നാല്‍ ജീവന്റെ അവസാനശ്വാസം വരെയും അങ്ങയില്‍ ഭരമേല്പിക്കപ്പെട്ടദൗത്യം അങ്ങ് തുടര്‍ന്നു. ഏപ്രില്‍ 21ന് അങ്ങയുടെ യജമാനനെ മുഖാമുഖം ദര്ശിച്ചപ്പോള് അങ്ങേയ്ക്ക് വിശുദ്ധ പൗലോസ് ശ്ലീഹായെ പോലെ അഭിമാനത്തോടെ. 'ഞാന്‍ നന്നായി പൊരുതി; എന്റെ ഓട്ടം പൂര്‍ത്തിയാക്കി; വിശ്വാസം കാത്തു' എന്ന് പറയാന്‍ കഴിഞ്ഞിട്ടുണ്ടാകുമല്ലോ? ഇന്ന് ഞങ്ങളും ഓട്ടം തുടരുന്നു. യജമാനന് എന്നു വരും എന്നറിയാതെ. അങ്ങയുടെ പാത പിന്തുടര്ന്ന്, യജമാനനെ മുഖാഭിമുഖം ദര്ശിക്കുമ്പോള് അങ്ങയെപോലെ ഇങ്ങനെ പറയുവാന്‍, ഞങ്ങള്‍ക്കും ഇടവരാനായി ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കണമേ. ആമ്മേന്‍.
മനോജ് സണ്ണി - ജീസസ് യൂത്ത് ഇന്റര്‍നാഷണല്‍ ഫോര്മേഷന് ഡയറക്ടര്‍, എക്സിക്യൂട്ടീവ് സെക്രട്ടറി എഅആഇ FABC office of evangelisation



Comments