കാത്തിരിപ്പിന്റെ സുവിശേഷം | KAIROS MALAYALAM | APRIL 2026


ഓരോരുത്തർക്കും ഓരോ സമയമുണ്ട്. ദൈവത്തിന്റെ സമയം വരുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുന്നവർക്ക് ഹൃദ്യമായ ഒരു അനുഭവമായി അത് മാറും. ടീമിലെത്തിയിട്ട് നാളുകൾ ഏറെയായെങ്കിലും മുൻനിരയിൽ കളിക്കാനുള്ള അവസരം ലഭിക്കാതെ തന്റെ സമയത്തിനുവേണ്ടി പ്രത്യാശയോടെ കാത്തിരുന്ന ആളാണ് സഞ്ജു സാംസൺ. കിട്ടേണ്ട അവസരങ്ങളൊക്കെ നഷ്ടമാകുമ്പോഴും പ്രത്യാശയോടെ സഞ്ജു കാത്തിരുന്നു. ഒരു രാജ്യത്തെ മുഴുവൻ അഭിമാന പുളകിതമാക്കി ലോകത്തിന്റെ നെറുകയിൽ അദ്ദേഹം എത്തിച്ചേർന്നിരിക്കുന്നു. വിജയത്തിന് ശേഷം പരസ്യമായി ദൈവത്തിന് നന്ദി പറയുക, പോരാട്ടത്തിന് മുമ്പ് നന്നായി പ്രാർത്ഥിക്കുക എന്നതൊക്കെ സഞ്ജുവിന്റെ സവിശേഷതകളാണ്. സഞ്ജു നടത്തിയത് വലിയൊരു സുവിശേഷപ്രഘോഷണമാണ്. പ്രശസ്ത ധ്യാന ഗുരുവായ ഫാ. ഡാനിയേൽ പൂവണ്ണത്തിലിന്റെ പ്രബോധനങ്ങൾ സഞ്ജുവിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഇത്രയേറെ വിജയപഥത്തിലെത്തിയിട്ടും സഞ്ജുവിനെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ എളിമയാണ്. സമൂഹമാധ്യമങ്ങളിൽ സഞ്ജുവിനെ പറ്റിയുള്ള വീഡിയോയുടെ താഴെവരുന്ന കമന്റുകളിൽ ഭൂരിപക്ഷവും അദ്ദേഹത്തിന്റെ വിനയത്തെ പ്രശംസിച്ചു കൊണ്ടുള്ളതാണ്.
സ്വന്തം കഴിവിൽ അഹങ്കരിക്കാതെ അതെല്ലാം ദൈവീക ഇടപെടലിന്റെ ഭാഗമായി കാണുന്നവർ ഏറെ ഇല്ലെന്നതാണ് യാഥാർത്ഥ്യം. എപ്പോഴും ദൈവത്തിൽ പ്രത്യാശ വയ്ക്കുന്നവർക്ക് മാത്രമേ ഇങ്ങനെ കഴിയുകയുള്ളൂ. ഏതൊരു വ്യക്തിയുടെയും പ്രകടനം അവനു കിട്ടുന്ന പരിശീലനത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ശരിയായ വിധത്തിലുള്ള രൂപീകരണ പ്രക്രിയയുടെ അഭാവമാണ് ഇന്ന് സമൂഹത്തിൽ അനുഭവപ്പെടുന്ന എല്ലാ അപചയങ്ങളുടെയും കാരണം.
സണ്ണി കോക്കാപ്പിള്ളിൽ



Comments