കാട്ടുപോത്തിനു മുൻപിൽ | KAIROS MALAYALAM | APRIL 2026


ഊട്ടിയിൽ കുടുംബമായി മിഷൻ പ്രവർത്തനങ്ങൾ ചെയ്യുന്ന സമയത്ത് റോഡിൽ നിന്നും കുറച്ചു മാറി ഒറ്റപ്പെട്ട ഒരു വീട്ടിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. പകലെന്നോ രാത്രിയെന്നോ വ്യത്യാസംകൂടാതെ റോഡുകളിലും ജനവാസ മേഖലകളിലും കാട്ടുപോത്തുകൾ ഇറങ്ങാറുണ്ടായിരുന്നു. ഞങ്ങൾ താമസിക്കുന്ന വീടിന്റെ മുറ്റത്ത് കാട്ടുപോത്തുകൾ പകൽ സമയത്ത് കൂട്ടമായി വിശ്രമിക്കുവാൻ വരുന്നത് സ്ഥിരം കാഴ്ചയായിരുന്നു. അവിടെയുള്ള ജനങ്ങൾ കാട്ടുപോത്തിനെ പേടിച്ച് ഞായറാഴ്ചകളിൽ മാത്രം രണ്ടാമത്തെ കുർബാനയ്ക്കാണ് പോകാറുള്ളത്.
കൊടിയ തണുപ്പും മഞ്ഞും കാട്ടുപോത്തിന്റെ ശല്യവും ഇരുട്ടും പള്ളിയിലേക്ക് മുക്കാൽ മണിക്കൂർ നടന്നു പോകുവാനുള്ള ദൂരവും, ദിവസവും ദിവ്യബലിക്ക് പോകുവാൻ ഞങ്ങളുടെ മുൻപിൽ ഒരു വെല്ലുവിളിയായിരുന്നു. രാവിലെ 5.40 ന് ഞങ്ങളെല്ലാവരും ചെറിയ ടോർച്ചും തെളിച്ച് പള്ളിയിലേക്ക് യാത്രയാകും. ഒരു ദിവസം സൈഡിൽ തേയിലത്തോട്ടങ്ങൾക്കിടയിൽ മറഞ്ഞു നിൽക്കുന്ന കാട്ടുപോത്തിന്റെ മുൻപിൽ ഞങ്ങൾ അകപ്പെട്ടു. എല്ലാദിവസവും തൊണ്ണൂറ്റിയൊന്നാം സങ്കീർത്തനവും ജപമാലയും ചൊല്ലി ദേവാലയത്തിൽ പോകുന്ന ഞങ്ങൾ 'നന്മ നിറഞ്ഞ മറിയമേ' എന്ന പ്രാർത്ഥന ചൊല്ലി സൈഡിലൂടെ മുന്നിലേക്ക് ഓടി. ഞങ്ങൾ അന്ന് ദേവാലയത്തിലേക്ക് പോയി തിരിച്ചു വരുമ്പോഴും കാട്ടുപോത്ത് ആ ഭാഗത്തു തന്നെ നിൽക്കുന്നുണ്ടായിരുന്നു.
ഏഴുമാസത്തെ ഞങ്ങളുടെ അവിടുത്തെ മിഷൻ പ്രവർത്തന സമയങ്ങളിൽ ഒരു വ്യക്തിയെ കാട്ടുപോത്ത് കുത്തി കൊല്ലുകയും നാലു വ്യക്തികൾക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടുന്നതിനിടയിൽ പരിക്കേൽക്കുകയും ചെയ്തു. വന്യമൃഗങ്ങളിൽ നിന്ന് പോലും ഒരു മിഷണറി കുടുംബത്തെ സംരക്ഷിക്കുന്ന ദൈവപരിപാലന ഞങ്ങൾ കൂടുതൽ അടുത്തറിഞ്ഞ സമയങ്ങൾ ആയിരുന്നു അത്. അവിടുത്തെ മിഷൻ കഴിഞ്ഞ് തിരിച്ചു വരുന്നതുവരെ ഒരു ദിവസം പോലും വന്യമൃഗങ്ങളുടെ ശല്യംമൂലം പരിശുദ്ധ കുർബാന മുടങ്ങുവാൻ ദൈവം അനുവദിച്ചില്ല. "ഇതാ പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്തികളുടെയും മീതെ ചവിട്ടി നടക്കാൻ നിങ്ങൾക്ക് ഞാൻ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല" (ലൂക്കാ 10:19)
മനോജ് തോമസ്, തൃശൂർ,



Comments