top of page
Search

കരുതലോടെ വളർത്തണം കരുണയോടെ കാണണം | KAIROS MALAYALAM | JUNE 2026

  • Writer: Kairos Media
    Kairos Media
  • May 31
  • 1 min read

അമേരിക്കൻ എഴുത്തുകാരനായ ജെയിംസ് ക്ലിയർ 2018 ൽ പ്രസിദ്ധീകരിച്ച പുസ്തകമാണ് അറ്റോമിക് ഹാബിറ്റ്സ്. ചെറിയ ശീലങ്ങൾ തുടർച്ചയായി പരിശീലിക്കുമ്പോൾ അപാരമായ പ്രതിഫലനങ്ങൾ ജീവിതത്തിൽ അതുണ്ടാക്കുന്നു എന്നതാണ് അതിൻ്റെ പ്രമേയം. ഓരോ ദിവസവും തുടർച്ചയായി പരിശീലിക്കുന്ന കാര്യങ്ങൾ ഒരു മനുഷ്യൻ്റെ ഭൗതികവും ശാരീരികവും മാനസികവും ആദ്ധ്യാത്മികവുമായ തലങ്ങളെ വളർത്തുന്നുവെന്നും ദിനംപ്രതി അതിൻ്റെ വളർച്ച ദർശിക്കാനായില്ലെങ്കിലും നാളുകൾക്ക് ശേഷമുള്ള അതിൻ്റെ ക്ഷമത വലുതായിരിക്കുമെന്നും കായിക അഭ്യാസികൾ തുടർച്ചയായി നടത്തുന്ന പരിശീലനമാണ് മത്സരങ്ങളിൽ അവരെ പ്രാവിണ്യരാക്കുന്നതെന്നും അദ്ദേഹം പറയുന്നു.


ജീവിതത്തിൽ ദിനംപ്രതി അഭ്യസിക്കേണ്ടതും പരിശോധിക്കേണ്ടതുമായ ഒന്നാണ് സത്യസന്ധത എന്നത്. കളഞ്ഞു കിട്ടിയ വിലപിടിപ്പുള്ള വസ്തുക്കൾ ഉടമസ്ഥരെ കണ്ടെത്തി ഏൽപ്പിക്കുന്ന സാധാരണക്കാരായ മനുഷ്യരെക്കുറിച്ച് പലപ്പോഴും വായിക്കുന്നുണ്ടാകും. ഒരു ദിവസം കൊണ്ട് അവർക്ക് ലഭിച്ച മൂല്യമല്ല ഈ സത്യസന്ധത. തുടർച്ചയായി ജീവിതത്തിൽ കാത്തുസൂക്ഷിക്കുന്ന ഒരു മാനസിക, ആത്മീയ മൂല്യമാണത്. ആരും ശ്രദ്ധിക്കാനില്ലാത്ത സമയത്ത് ഒരുവൻ എങ്ങനെയാണോ പെരുമാറുന്നത് എന്നതാണ് യഥാർത്ഥത്തിലുള്ള ആ വ്യക്തിയുടെ യഥാർത്ഥ മൂല്യബോധം എന്ന് പറയാറുണ്ട്.


സമയത്ത് ജോലിക്ക് എത്താത്ത ജോലിക്കാരനെ എവിടെയാണെന്ന് കടയുടമ വിളിച്ചു ചോദിച്ചു. സാർ ഞാൻ വീട്ടിൽ നിന്നും പുറപ്പെട്ടിട്ടേയുള്ളൂ, അരമണിക്കൂറിനുള്ളിൽ എത്തി കൊള്ളാമെന്ന് അയാൾ മറുപടി നൽകി. വീട്ടിൽ നിന്നും എന്തുകൊണ്ട് നേരത്തെ പുറപ്പെട്ടാതിരുന്നില്ലെന്നു ചോദിച്ച് കടയുടമ അയാളോട് ആക്രോശിച്ചു. പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ അയാൾ ചിന്തിച്ചു, എൻ്റെ കടയിലെ ഏറ്റവും സമർത്ഥനായ തൊഴിലാളിയാണ് അയാൾ. പല കളവുകൾ കാരണങ്ങളായി പറയാമായിരുന്നിട്ടും അയാൾ അത് ചെയ്തില്ലല്ലോ. ജോലിക്കാരൻ കടയിൽ എത്തിയപ്പോൾ കടയുടമ പറഞ്ഞു: ‘എന്നോട് ക്ഷമിക്കണം, ആവേശത്തിൽ പറഞ്ഞു പോയതാണ്. നിൻ്റെ സത്യസന്ധമായ മറുപടിക്ക് ഞാൻ പാരിതോഷികം നൽകുന്നതാണ്.’ “മുഖസ്തുതി പറയുന്ന അധരങ്ങളെയും വീമ്പിളക്കുന്ന നാവിനെയും കർത്താവ് ഛേദിച്ചുകളയട്ടെ” സങ്കീർത്തനങ്ങൾ 12 : 3.


സത്യസന്ധത എന്ന് പറയുന്നത് ഓരോ വ്യക്തിയും ദിനംപ്രതി കാത്തുസൂക്ഷിക്കേണ്ടതും അതുപോലെതന്നെ ഓരോ സമൂഹവും അതിനെ കരുണയോടെ കാണേണ്ടതുമാണ്. ഒരു വ്യക്തിക്ക് സത്യസന്ധമായി വ്യാപരിക്കാൻ വേണ്ട സാഹചര്യം ഒരുക്കേണ്ടതും അതിനെ പരിപോഷിപ്പിക്കേണ്ടതും അയാൾ ആയിരിക്കുന്ന സമൂഹമാണ്. ചെറിയ കാര്യങ്ങളിൽ പോലും പുലർത്തേണ്ട മനോഭാവവുമാണിത്. തെറ്റുകൾ അംഗീകരിക്കുക, വാഗ്ദാനങ്ങൾ പാലിക്കുക, പണം സ്വീകരിക്കുന്നതിലും കൊടുക്കുന്നതിലും ചിലവഴിക്കുന്നതിലുമുള്ള സുതാര്യത കാത്തുസൂക്ഷിക്കുക ഇവയെല്ലാം തുടർച്ചയായി പരിപാലിച്ച് വളർത്തേണ്ട ശീലങ്ങളാണ്. ദൈവവചനം പറയുന്നു: ചെറിയ കാര്യത്തിൽ വിശ്വസ്തൻ വലിയ കാര്യത്തിലും വിശ്വസ്തൻ ആയിരിക്കും. ചെറിയ കാര്യത്തിൽ അവിശ്വസ്തൻ വലിയ കാര്യത്തിലും അവിശ്വസ്തനായിരിക്കും… ലൂക്കാ 16 /10.

എഡിറ്റർ - ഇൻ - ചീഫ്

അഡ്വ. കെ. ജെ. ജോൺസൻ






 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page