top of page
Search

കരിക്കൽ ഗ്രാമത്തിലെ വിശേഷങ്ങൾ | KAIROS MALAYALAM | APRIL 2026

  • Writer: Kairos Media
    Kairos Media
  • May 29
  • 2 min read

:



സുവിശേഷ പ്രഘോഷണം എന്റെ പ്രഥമവും പ്രധാനവുമായ ദൗത്യം ആണെന്നുള്ള തിരിച്ചറിവ് എന്റെ ഉള്ളിൽ അടിയുറച്ചിരുന്നു. മിഷൻ യാത്രകളുടെ വിവരണങ്ങൾ പലപ്പോഴും മിഷൻ പ്രദേശങ്ങളിലേക്കുള്ള ഒരു യാത്രയുടെ സ്വപ്നം മനസ്സിൽ നിറച്ചിരുന്നു. വളരെ അപ്രതീക്ഷിതമായ സാഹചര്യത്തിലാണ് കോളേജ് ക്യാമ്പസുകളിലെ വിദ്യാർത്ഥികൾക്കായി ജീസസ് യൂത്ത് ഒരുക്കുന്ന 'സെം ബ്രേക്ക് മിഷനെ' (sem break mission) കുറിച്ചുള്ള വിശേഷങ്ങൾ ഞങ്ങളുടെ ക്യാമ്പസിലും എത്തിച്ചേർന്നത്. ഉള്ളിലുള്ള സ്വപ്നങ്ങൾക്ക് ചിറകു വിരിയുന്നത് പോലെ തോന്നി. ഉള്ളിൽ ചെറിയ ആശങ്കകൾ എല്ലാം ഉണ്ടെങ്കിൽപോലും ഞാനും, സെം ബ്രേക്ക് മിഷന്റെ ഭാഗമായി മാറാൻ തീരുമാനമെടുക്കുകയുണ്ടായി. പിന്നീടങ്ങോട്ട് ചർച്ചകളുടെയും തീരുമാനങ്ങളുടെയും പ്രാർത്ഥനയുടെയും ഒടുവിൽ എട്ടു പേരുൾപ്പെടുന്ന ഒരു ടീം രണ്ട് സിസ്റ്റേഴ്സിനോടൊപ്പം കർണാടക മിഷൻ പ്രദേശങ്ങളിലേക്ക് യാത്രയാകാൻ തീരുമാനം എടുത്തു. നാലുപേരടങ്ങുന്ന ഞങ്ങളുടെ ടീമിന് ലഭിച്ച പ്രദേശം കർണാടകയിലെ ബത്‌ക്കൽ (Bhatkal) ആയിരുന്നു.


എല്ലാ ഒരുക്കങ്ങളും പൂർത്തിയായ സമയത്താണ് അപ്പന് ഡെങ്കി ഫീവർ വരുന്നത്. ഇങ്ങനെയൊരവസരത്തിൽ യാത്രയെക്കുറിച്ചുള്ള ആശങ്കകൾ മനസ്സിനെ വല്ലാതെ അലട്ടുകയുണ്ടായി. ആ സമയത്ത് പൂർണ്ണമായും കർത്താവിൽ ആശ്രയിച്ചു. എനിക്ക് പോകേണ്ട ദിവസമായപ്പോഴേക്കും അപ്പന് പനി കുറയുകയും കാര്യങ്ങൾ ശാന്തമാവുകയും ചെയ്തു. 29 ന് രാത്രി ട്രെയിനിൽ ഞങ്ങളുടെ ടീം യാത്ര പുറപ്പെട്ടു. അവിടുന്നങ്ങോട്ടുള്ള ഓരോ നിമിഷങ്ങളും ദൈവപരിപാലനയുടെ അനുഭവങ്ങളായിരുന്നു. രാവിലെ തന്നെ ഞങ്ങൾ ബത്‌ക്കൽ സ്റ്റേഷനിൽ എത്തിച്ചേർന്നു. അവിടെ ഞങ്ങളെ സ്വീകരിക്കാനായി കാർവാർ സോണൽ കോർഡിനേറ്റർ റോഷൻഭായി എത്തിയിരുന്നു. അവിടെ നിന്ന് ഞങ്ങൾ കരിക്കൽ ഗ്രാമത്തിലേക്ക് യാത്ര തിരിച്ചു, അങ്ങോട്ടുള്ള വഴികൾ ഏറെ മനോഹരമായിരുന്നു. 95 ശതമാനത്തോളം മുസ്ലിമുകൾ തിങ്ങിപ്പാർക്കുന്ന നാടാണ് ബത്‌ക്കൽ. ടൗണിൽ നിന്ന് രണ്ടുമൂന്നു കിലോമീറ്ററുകൾക്കപ്പുറത്തു മനോഹരമായ ഒരു പ്രദേശം. ഒരു ദേവാലയത്തോടു ചേർന്ന് കൊങ്കണി ഭാഷ മാത്രം സംസാരിക്കാനറിയുന്ന 60 കുടുംബങ്ങൾ താമസിക്കുന്ന കരിക്കൽ ഗ്രാമം.


കരിക്കൽ ഗ്രാമത്തിൽ താമസിക്കുവാനായി അടഞ്ഞുകിടന്ന ഒരു മഠം ഞങ്ങൾക്കായി തുറന്നു തന്നു. ആദ്യമേ തന്നെ ഞങ്ങൾ അവിടുത്തെ വികാരിയച്ചനെ കാണുകയും ആ ഗ്രാമത്തിലെ വിശേഷങ്ങൾ അച്ചനോട് ചോദിച്ചറിയുകയും ചെയ്തതിനു ശേഷം ആശീർവാദം സ്വീകരിച്ചു. അവിടുത്തെ ഓരോ ദിവസവും ഞങ്ങൾക്ക് വ്യത്യസ്തമായ അനുഭവങ്ങൾ പകർന്നു തന്നു.


കൊങ്കണി ഭാഷ ഒട്ടുമാറിയാത്ത ഞങ്ങൾ പെട്ടെന്ന് തന്നെ ആ ഭാഷയിൽ 'നന്മ നിറഞ്ഞ മറിയമേ' പ്രാർത്ഥന ചൊല്ലാൻ പഠിച്ചത് പരിശുദ്ധാത്മാവിന്റെ പ്രത്യേക കൃപകൊണ്ട് മാത്രമായിരുന്നു. പല ദിവസങ്ങളിലും തനിച്ചുള്ള ഭക്ഷണം പാകം ചെയ്യുന്നത് ഞങ്ങളുടെ ജീവിതത്തിൽ പുതിയ ഒരനുഭവമായിരുന്നു. ആ ദിവസങ്ങളിൽ ഒരുക്കിയിരുന്ന ഭവന സന്ദർശനവും യൂത്ത് മീറ്റുകളും. പകൽ സമയത്ത് വീടുകളിൽ ആളുകളില്ലാത്തതിനാൽ മാറ്റിവയ്ക്കേണ്ടി വരും എന്ന വാർത്ത ഞങ്ങളെ ഏറെ വേദനിപ്പിച്ചു. കർത്താവിൽ ആശ്രയിച്ച് ഞങ്ങൾ പ്രാർത്ഥിച്ചു. അടുത്ത ദിവസം തന്നെ ഞങ്ങളുടെ പ്രതീക്ഷകൾക്ക് അപ്പുറത്ത് ഭവനസന്ദർശനത്തിനും യൂത്ത് മീറ്റിനുമുള്ള അവസരങ്ങൾ തുറന്നു കിട്ടി.


ഭവനങ്ങൾ സന്ദർശിക്കുമ്പോൾ അവർക്കു എന്താണ് ആവശ്യമെന്നു പരിശുദ്ധാത്മാവ് ഞങ്ങളെ പ്രചോദിപ്പിക്കുകയും, അവരോടു അത് സംസാരിക്കുകയും അങ്ങനെ ഞങ്ങൾ അനുഭവിച്ച ഈശോയുടെ സ്നേഹം അവരുമായി പങ്കുവെക്കാനും, അവരുടെ വിശ്വാസം മൂലം ഞങ്ങൾ വിശ്വാസത്തിൽ ആഴപ്പെടാനുമുള്ള അവസരങ്ങളായി വീട് സന്ദർശനങ്ങൾ മാറി. കൂട്ടായ്മയുടെയും വിശ്വാസത്തിന്റെയും അടിയുറച്ച മൂല്യങ്ങൾ ഞങ്ങൾക്ക് അവിടെ അനുഭവിക്കാൻ സാധിച്ചു. അവരോടൊപ്പമുള്ള കൊങ്കണി ഭാഷയിലുള്ള കുടുംബ പ്രാർത്ഥനയും, തുടർന്ന് അവർ ഞങ്ങൾക്കായി വീടുകളിൽ ഒരുക്കിയ സ്നേഹവിരുന്നും ഞങ്ങൾക്ക് പുതിയ അനുഭവങ്ങളായിരുന്നു.


അപ്രതീക്ഷിതമായി ആ വെള്ളിയാഴ്ച ഗവൺമെന്റ് അവധി പ്രഖ്യാപിക്കുകയും, ഇത് മൂലം അവിടെ യൂത്ത് മീറ്റ് ഒരുക്കാനും, അവർക്കുവേണ്ടി പ്രാർത്ഥിക്കാനുമായി ആ ദിവസത്തെ ദൈവം ഒരുക്കി. വളരെ തീക്ഷ്ണതയോടെയാണ് എല്ലാ യുവജനങ്ങളും ആ പ്രോഗ്രാമിൽ പങ്കെടുത്തത്. ദൈവകരുണയാൽ പങ്കെടുത്ത എല്ലാ യുവജനങ്ങൾക്കും യൂത്ത് മീറ്റ് ഒരു പുതിയ ഉണർവിന് കാരണമായി. ഞാൻ കണ്ടു മുട്ടിയ അനുഷയുടെ അനുഭവമാണ് എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത്. ജീസസ് യൂത്ത് കൂട്ടായ്മയിലേക്ക് പല പ്രാവശ്യം ക്ഷണിച്ചിട്ടും വരാൻ സമ്മതിക്കാതിരുന്ന അനുഷ, യൂത്ത് മീറ്റിന് എത്തിച്ചേർന്നത് അവിടെയുള്ളവർക്കു ആശ്ചര്യമുളവാക്കി. അനുഷയെ എത്തിച്ചത് പരിശുദ്ധാത്മാവാണെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.


ഒരിക്കൽ പോലും ഒരു പ്രോഗ്രാം നടത്താത്ത ഞങ്ങൾ, എന്ത് ചെയ്യണം, എങ്ങനെ സംസാരിക്കണം എന്നറിയാതിരുന്ന ഞങ്ങൾ, മൈക്ക് എടുത്ത് സംസാരിക്കുമ്പോൾ വിറക്കുകയും, സ്വരം ഇടറുകയും ചെയ്യുന്ന ഞങ്ങളെക്കൊണ്ട് ദൈവം വളരെ മനോഹരമായി ഈ പ്രോഗ്രാം ചെയ്യിപ്പിച്ചത് ഞങ്ങൾക്ക് അവിശ്വസനീയമായ അനുഭവമായിത്തീർന്നു.


അവിടെ നിന്ന് തിരികെ വരുമ്പോൾ, വിശ്വാസത്തിൽ ഒരു പടികൂടി വളർത്തിയതിനു ഹൃദയത്തിൽ ഈശോയോടു ഒത്തിരി നന്ദിയോടെയായിരുന്നു. ഇപ്പോഴും ഞങ്ങൾ അവർക്കായി പ്രാർത്ഥിക്കുകയും, ആ സ്നേഹകൂട്ടായ്മ നിലനിർത്തുകയും ചെയ്യുന്നു. ഒരിക്കലും മറക്കാനാകാത്ത ആദ്യത്തെ മിഷൻ അനുഭവം. ഈശോയ്ക്ക് നന്ദി പറഞ്ഞുകൊണ്ട്, ഇത് പോലെ മിഷൻ അനുഭവം അനേകർക്ക് സ്വന്തമാക്കാൻ സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ…


മരിയ ജോർജ്, തൃശൂർ

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page