top of page
Search

കരയാം, പക്ഷെ നിരാശപ്പെടരുത് | KAIROS MALAYALAM | APRIL 2026

  • Writer: Kairos Media
    Kairos Media
  • May 29
  • 1 min read

എഡിറ്റേഴ്സ് റൂം


കേരള ജനതയെ പ്രത്യേകിച്ച് ചെറുപ്പക്കാരെ ഈ നാളുകളിൽ പ്രചോദിപ്പിച്ച രണ്ട് തിരുവനന്തപുരംകാരാണ് സഞ്ജു സാംസണും ശ്രീജയും. സമൂഹത്തിൻ്റെ വ്യത്യസ്ത മേഖലയിലാണ് അവർ ജീവിക്കുന്നതെങ്കിലും പ്രതിസന്ധികളെ നേരിട്ട അവരുടെ മനോഭാവങ്ങൾ ഒന്നുതന്നെയാണെന്ന് നിരീക്ഷിക്കാം. കളികളിൽ നിന്നും മാറ്റി നിർത്തിയപ്പോൾ താനനുഭവിച്ച മാനസിക വേദനയെക്കുറിച്ച് സഞ്ജു തുറന്നു പറഞ്ഞിട്ടുണ്ട്. തൻ്റെ സ്വപ്നങ്ങൾ തകർന്നുപോകുമോ എന്നുകരുതി കണ്ണീർ വാർത്ത സന്ദർഭങ്ങൾ ഒരുപാടുണ്ടായിട്ടുണ്ട്. സഞ്ജു ലോകകപ്പ് നേടിയ ശേഷമുള്ള അഭിമുഖത്തിൽ പറഞ്ഞു. നിരാശയിലേക്ക് പോകാതെ മനസ്സിനെ പിടിച്ചുനിർത്താൻ സഹായിച്ചവരെ നന്ദിയോടെ സ്മരിച്ചു.


പ്രതികൂലമായ സാഹചര്യങ്ങളെ തരണം ചെയ്താണ് ശ്രീജ ഇന്ത്യൻ സിവിൽ സർവീസ് എന്ന ഉന്നതമായ സ്വപ്നത്തിലേക്ക് അടുത്തത്. മത്സരപരീക്ഷയുടെ കാഠിന്യവും ജീവിത സാഹചര്യങ്ങളുടെ വെല്ലുവിളികളും സങ്കടപ്പെടുത്തിയെങ്കിലും മനസ്സിനെ പ്രസന്നമാക്കാൻ തൻ്റെ മുറിയിൽ ദൈവവചനങ്ങൾ അടക്കമുള്ള ക്രിയാത്മക സന്ദേശങ്ങൾ ഒട്ടിച്ചുവെച്ചു. സങ്കടങ്ങൾ പലതുണ്ടായെങ്കിലും നിരാശയിലേക്ക് പോകാതെ ദൈവം നയിച്ചുവെന്ന് അവർ പറയുന്നു.


സങ്കടങ്ങൾ ജീവിതവഴിയിൽ സാധാരണമാണ്, പക്ഷെ ക്രിയാത്മകമാണ്. നിരാശയിലേക്ക് നിപതിക്കുമ്പോൾ രക്ഷപ്പെടാനുള്ള കഠിന പരിശ്രമങ്ങൾ നടത്തേണ്ടിവരും. പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശരീരത്തിൻ്റെ സാധാരണമായ പ്രകൃതമാണ് കരച്ചിൽ എന്നാണ് പറയുന്നത്. ഹൃദയത്തെ ഉലക്കുന്ന വേദനയിലൂടെ കടന്നുപോകുമ്പോൾ വരുന്ന കണ്ണുനീർ, വരുംനാളുകളെ ധൈര്യപൂർവ്വം നേരിടാനുള്ള ഊർജ്ജമാണ് പകർന്നു തരുന്നത്. കുരിശിൽ കിടന്നുകൊണ്ട് ക്രിസ്തു വിലപിച്ചു. 'എൻ്റെ ദൈവമേ എൻ്റെ ദൈവമേ എന്തുകൊണ്ട് അങ്ങെന്നെ ഉപേക്ഷിച്ചു.' ഈ വിലാപസ്വരം കേട്ട സ്വർഗ്ഗം പൊഴിച്ച ഒരിറ്റു കണ്ണുനീർ, 'പാഷൻ ഓഫ് ദി ക്രൈസ്റ്റ്' എന്ന സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്. ഏതാനും നിമിഷം കഴിഞ്ഞപ്പോൾ പിതാവേ അങ്ങയുടെ കൈകളിൽ എൻ്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു എന്ന സംതൃപ്തി നിറഞ്ഞ മനസ്സോടെയാണ് ക്രിസ്തു കുരിശിൽ തലചായ്ക്കുന്നത്.


ഓരോ സങ്കടവും ദൈവം കാണുന്നു. ഓരോ വിലാപങ്ങളിലും അവൻ ആശ്വസിപ്പിക്കുന്നു. പല സങ്കടത്തിനും ഉത്തരം തേടുന്ന മനുഷ്യർക്ക് മുൻപിൽ, ഒരു ഉത്തരവും രേഖപ്പെടുത്താതെ ശാന്തമായാണ് ക്രിസ്തു കുരിശിൽ കിടക്കുന്നത്. സങ്കടത്തിനു ശേഷമുള്ള ശാന്തതയിൽ പിതാവായ ദൈവത്തിൻ്റെ മൃദുമന്ത്രണങ്ങൾ അവിടുന്ന് കേട്ടിട്ടുണ്ടാകും. ആ ആശ്വാസത്തിലാകണം അവിടുന്ന് തലചായ്ച്ചത്. ഓരോ സങ്കടത്തിനുംശേഷവും ലഭിക്കുന്ന ചെറിയ ഇടവേളകളിൽ ദൈവത്തിൻ്റെ സ്വരം ശ്രവിക്കാൻ നാം ശ്രദ്ധിക്കണം.


തൻ്റെ ബാറ്റിംഗ് മികവ് കൊണ്ട് മാത്രം ഇന്ത്യൻ ടീം ലോകകപ്പ് കിരീടത്തിലേക്ക് നടന്നടുത്തപ്പോൾ, തന്നെ സാന്ത്വനപ്പെടുത്തിയ സ്വർഗ്ഗത്തെ ഓർക്കുവാൻ സഞ്ജു ഉയർത്തിയ കൈകൾ കാലങ്ങളോളം പ്രതീക്ഷ നൽകുന്ന സന്ദേശമാണ്. വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ ലഭിച്ച IFS എന്ന സ്വപ്നം സാക്ഷാത്കരിക്ക- പ്പെട്ടപ്പോൾ ശ്രീജയും ആ ഉന്നതമായ പ്രചോദനങ്ങളെ മറച്ചു വെച്ചില്ല.


വിലപിക്കുന്നവർ ഭാഗ്യവാന്മാർ, എന്തുകൊണ്ടെന്നാൽ അവർ ആശ്വസിപ്പിക്കപ്പെടും. വിലാപം വ്യക്തിപരം മാത്രമാകാതെ ചുറ്റുമുള്ള ജനതകളെയും ജീവികളെയും കുറിച്ചാകുമ്പോൾ ആ വിലാപത്തിൻ്റെ പേര് ക്രിസ്തീയതയെന്നും ആശ്വാസത്തിൻ്റെ പേര് ക്രിസ്തുവെന്നും ആകുന്നു.


എഡിറ്റർ - ഇൻ - ചീഫ്

അഡ്വ. കെ. ജെ. ജോൺസൻ

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page