top of page

കടലമ്മ | സ്മാർട്ട് കിഡ്സ് | സെറീൻ ഏയ്ഞ്ചൽ | KAIROS MALAYALAM | JANUARY 2025

സെറീൻ ഏയ്ഞ്ചൽ
10 hours ago
2 min read

പുതുവര്‍ഷത്തില്‍ കടല്‍ കാണാന്‍ പോകാമെന്ന് പറഞ്ഞ കാര്യം ക്രിസ്മസ് അവധി ദിവസങ്ങളിലും ജോസൂട്ടി പപ്പയെ ഓര്‍മപ്പെടുത്തി. ക്രിസ്മസ് ദിനങ്ങള്‍ കഴിഞ്ഞു പുതുവര്‍ഷ പുലരിയിലും ബീച്ചില്‍ പോകുന്ന കാര്യം പപ്പയോടവന്‍ പറഞ്ഞു. ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ജോസുകുട്ടിക്ക് മൂന്നാം ക്ലാസ്സിലും നഴ്‌സറിയിലും പഠിക്കുന്ന രണ്ട് സഹോദരങ്ങളുണ്ട്. മൂവരും കൂടി ബീച്ചില്‍ പോകുന്ന കാര്യം ഇടയ്ക്കിടെ പറഞ്ഞ് രസിച്ചിരിക്കുകയാണ്. ഇടയ്ക്ക് അമ്മയ്ക്കരികില്‍ ചെന്ന് ബീച്ചില്‍ പോകാനുള്ള ദിവസം അടുത്തുവരുന്ന കാര്യംപറയും.


അങ്ങനെ കാത്തു കാത്തിരുന്ന ആ സുദിനം വന്നെത്തി. പുതിയ വര്‍ഷത്തിലെ ആദ്യ ഞായറാഴ്ച. രാവിലെ ഇടവക പള്ളിയിലെ കുര്‍ബാനയും വേദപാഠ ക്ലാസ്സുകളുമൊക്കെ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി. ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ് വെയിലൊക്കെ ഒന്ന് കുറഞ്ഞ് ഒരു നാലുമണിയോടെ ബീച്ചില്‍ പോകാമെന്നാണ് പപ്പ അവരോട് പറഞ്ഞിരിക്കുന്നത്. നാലുമണിക്ക് മുമ്പുതന്നെ ജോസുകുട്ടിയും ജോബി കുഞ്ഞും ജിലുമോളും റെഡിയായിട്ടു ണ്ടായിരുന്നു. ബീച്ചില്‍ ചെന്നിട്ട് കളിക്കേണ്ട കളികളൊക്കെ അവര്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. കടല്‍ തീരത്തെ നനഞ്ഞ മണ്ണുകൊണ്ട് കൊട്ടാരം ഉണ്ടാക്കു മെന്നും അത് മൊബൈലില്‍ ഫോട്ടോയെടുത്ത് കൊടുക്കണമെന്നും ജോസുകുട്ടി പപ്പയെ പറഞ്ഞ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ സ്‌കൂളില്‍ കൂട്ടുകാരെ കാണിച്ച് വീമ്പ് പറയാന്‍ വേണ്ടി, തിരമാല വരുമ്പോള്‍ ചാടി തലകുത്തി മറിയുന്നതിന്റെ ഫോട്ടോയും വേണമെന്നും നേരത്തെ തന്നെ പറഞ്ഞേല്പിച്ചു.


അവരെല്ലാവരും അഞ്ച് മണിയോടെ കടല്‍ക്കരയിലെത്തി. ധാരാളമാളുകള്‍ ബീച്ച് സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. കുഞ്ഞു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ കുടുംബമായും ഒറ്റയ്ക്കുമൊക്കെ കടല്‍ കാണുവാന്‍ വന്നിട്ടുണ്ട്. ചെറിയ കുട്ടികളെ അപ്പനും അമ്മയും ഇരുവശങ്ങളില്‍ കൈകള്‍ പിടിച്ച് ബീച്ചില്‍ ഇറങ്ങി കളിക്കുന്നത് കാണാം. അല്പം മുതിര്‍ന്ന കുട്ടികള്‍ തനിയെ വെള്ളത്തില്‍ ചാടി കളിക്കുന്നു. മുതിര്‍ന്നവര്‍ കുറെയേറെ ആഴത്തിലേക്ക് നീങ്ങി തിരമാലയ്‌ക്കൊപ്പം ചാടി കരണം മറിഞ്ഞ് ഉല്ലസിക്കുന്നുണ്ട്.


പെട്ടെന്നാണ് വലിയ ഒച്ച കേട്ട് ജോസൂട്ടിയും കുടുംബവും ഞെട്ടിത്തിരിഞ്ഞു നോക്കിയത്. നോക്കുമ്പോള്‍ കുറച്ചകലെ ഒന്നുരണ്ട് മുതിര്‍ന്നവര്‍ ഒച്ചവച്ച് കരയുകയാണ്. ഓടിവായോ ''ഓടിവായോ കൊച്ച് വെള്ളത്തില്‍ പോയി.. രക്ഷിക്കണേ.. രക്ഷിക്കണേ..'' കരച്ചില്‍ കേട്ട ഭാഗത്തേക്ക് ജോസൂട്ടി ഓടി. മോനെ ജോസൂ.. പോകല്ലേ ഇവിടെ വാ.. എന്ന് വിളിച്ച് അമ്മ പുറകെ ഓടിയെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ അവന്‍ കരച്ചില്‍ കേട്ട ഭാഗത്തേക്ക് പാഞ്ഞു. കടലില്‍ മുങ്ങിപ്പോയ കുട്ടിയുടെ അടുക്കലേക്ക് തിരമാലകള്‍ ക്കിടയിലൂടെ ജോസുകുട്ടി മുന്നോട്ടു നീങ്ങി. കഴുത്തൊപ്പം വെള്ളമെത്തി യപ്പോള്‍ അവന്‍ ആഴങ്ങളിലേക്ക് നീന്തി. തിരമാലകളില്‍ കൈകാലിട്ടടിച്ച് മറിയുന്ന കുഞ്ഞിന്റെ അടുത്തെത്തി മുടിയില്‍ കുത്തിപ്പിടിച്ച് പ്രയാസപ്പെട്ട് ആണെങ്കിലും വലിച്ച് നീന്തി കരയിലെത്തിച്ചു. തീരത്ത് എത്തിയ ഉടനെ വെള്ളത്തില്‍ വീണ കുട്ടിയെ മലര്‍ത്തി കിടത്തി പ്രഥമ ശുശ്രൂഷ നല്‍കി വയറിനുള്ളിലെ വെള്ളം പുറത്തെടുത്തു. ജോസുകുട്ടിയുടെ മാതാപിതാ ക്കളും വെള്ളത്തില്‍ അകപ്പെട്ട കുട്ടിയുടെ മാതാപിതാക്കളുമൊക്കെ വളരെ അത്ഭുതത്തോടെയാണ് ജോസൂട്ടിയുടെ ഈ പ്രവൃത്തികള്‍ കണ്ടുനിന്നത്. വലിയ കുഴപ്പമൊന്നുമില്ലാതെ കുട്ടിയെ രക്ഷപ്പെടുത്തിയ ജോസൂട്ടിയെ അവിടെ കൂടി നിന്ന ജനങ്ങളെല്ലാവരും ചേര്‍ന്ന് അഭിനന്ദിക്കുകയും എടുത്തുയര്‍ത്തി ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു. ഇതെല്ലാം കണ്ടുനിന്ന ജോസൂട്ടിയുടെ പപ്പയും അമ്മയും നിറകണ്ണുകള്‍ തുടച്ചുകൊണ്ട് അവനെ അഭിമാനപൂര്‍വം നോക്കിനിന്നു.


ബീച്ചിലുണ്ടായിരുന്ന പലരും ജോസൂട്ടിയോട് ഇതെല്ലാം എങ്ങനെയാണ് പഠിച്ചതെന്ന് ചോദിച്ചു. തന്റെ സ്‌കൂളിലെ റെഡ് ക്രോസ് എന്ന സംഘടനയെ കുറിച്ചും അതില്‍ അംഗങ്ങളായ കുട്ടികളെ അധ്യാപകര്‍ പഠിപ്പിക്കുന്ന കാര്യങ്ങളുമൊക്കെ അവന്‍ വിശദീകരിച്ചു. എങ്ങനെയാണ് സമൂഹത്തിന് നന്മ ചെയ്യേണ്ടതെന്നും അപകടങ്ങളില്‍ പ്രഥമ ശുശ്രൂഷ നല്‍കേണ്ടത് എങ്ങനെയെന്നുമെല്ലാം അവന്‍ ചെറിയ പ്രായത്തില്‍ തന്നെ പഠിച്ചിരുന്നു. സ്‌കൂളുകളിലെ റെഡ് ക്രോസ്, സ്‌കൗട്ട് & ഗൈഡ്‌സ്, എന്‍.സി.സി പോലുള്ള പാഠ്യേതര പ്രവര്‍ത്തനങ്ങളാണ് കുട്ടികളെ ഇപ്രകാരം സജ്ജമാക്കുന്നതെന്ന് അന്ന് കടല്‍ക്കരയില്‍ ഉണ്ടായിരുന്ന മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു.

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page