ഒരു ഡോളറിന്റെ മാജിക് | KAIROS MALAYALAM | APRIL 2026
- Kairos Media

- May 29
- 2 min read

.
‘ക്രിസ്തു നിങ്ങളുടെ ജീവിതത്തെ പൂർണ്ണമായും രൂപാന്തര പ്പെടുത്തും.’’ - മെലാനി റിവാസ് (മുൻ സാത്താനിസ്റ്റ്, സ്വവർഗ്ഗഭോഗി)
ഇപ്പോൾ ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടുന്ന മാനസാന്തര വാർത്തയാണ് മെലാനി റിവാസിന്റെ ജീവിത സാക്ഷ്യം. GEN Z എന്നറിയപ്പെടുന്ന പുതു തലമുറയിലെ യുവജനങ്ങൾക്കിടയിൽ ഇന്ന് ചൂടേറിയ മാനസാന്തര സാക്ഷ്യമാണ് അവളുടേത്. ക്രിസ്തുവിന്റെ സുവിശേഷം തന്റെ ജീവിതത്തെ എങ്ങനെയാണ് മാറ്റിമറിച്ചതെന്നും, ഈ ലോകത്തിലെ ഏറ്റവും മാരകമായ തിന്മകളിൽ മുഴുകി ജീവിച്ചിരുന്ന തനിക്ക് സുവിശേഷം എങ്ങനെ വീണ്ടും ജീവശ്വാസമായെന്നും ഇനിയുള്ള ജീവിതം ക്രിസ്തുവിനെ പ്രഘോഷിക്കാൻ മാത്രമുള്ളതായിരിക്കുമെന്നും അവൾ ലോകത്തോട് വിളിച്ചു പറയുന്നു.
മാമ്മോദീസ, ജ്ഞാനസ്നാനം, വിശുദ്ധ കുർബ്ബാന തുടങ്ങിയ വിശ്വാസ പാരമ്പര്യങ്ങളുള്ള അമേരിക്കയിലെ ഷിക്കാഗോയിലെ ഒരു കത്തോലിക്കാ ഭവനത്തിലാണ് മെലാനി ജനിച്ചതും വളർന്നതും. ദേവാലയത്തിലെ തിരുക്കർമ്മങ്ങൾ എല്ലാം തന്നെ ഒരു 'ചടങ്ങ്' പോലെയും 'ആവർത്തന വിരസത' ഉളവാക്കുന്നതും പോലെയാണ് അവൾക്കനുഭവപ്പെട്ടത് എന്നവൾ പറയുന്നു. യേശുവുമായുള്ള തന്റെ ബന്ധം ഒരിക്കലും ആഴത്തിൽ ഉള്ളതായിരുന്നില്ലെന്നും, അവനുമായി യാതൊരു ബന്ധവു മില്ലായിരുന്നുവെന്നും റിവാസ് സമ്മതിക്കുന്നു. ക്രിസ്തുവുമായി തനിക്ക് ഉറച്ച ബന്ധം ഇല്ലാഞ്ഞതിനാലാണ് താൻ തെറ്റായ സ്വാധീനങ്ങളാൽ നയിക്കപ്പെട്ടുപോയതെന്നും, വിശ്വാസത്തിൽ ആഴപ്പെടാഞ്ഞതെന്നും അവൾ സമ്മതിക്കുന്നു.
ഹൈസ്കൂളിൽ എത്തിയപ്പോൾ തന്നെ സ്വവർഗ്ഗ ബന്ധങ്ങളിലേക്ക് വഴുതിവീണു. മയക്കുമരുന്ന് പരീക്ഷിക്കാൻ ആരംഭിച്ചു. വിവിധ തരത്തിലുള്ള മയക്കുമരുന്നുകൾ അനുദിനം പരീക്ഷിക്കുവാൻ തുടങ്ങി. കഞ്ചാവ്, കൊക്കെയ്ൻ തുടങ്ങിയ മയക്കുമരുന്നുകളുടെ ഉപയോഗം ഒഴിച്ചുകൂടാൻ പറ്റാതായി. ഹൈസ്കൂൾ കാലഘട്ടത്തിലാണ് ഇത്തരമൊരു ദുരന്തത്തിലേക്ക് അവൾ എത്തപ്പെട്ടത്.
കോവിഡ് കാലത്ത് കാര്യങ്ങൾ കൂടുതൽ വഷളായി. ലോക്ഡൗണുകളും, സാമൂഹിക ഒറ്റപ്പെടലുകളും അവളെ സോഷ്യൽ മീഡിയയുടെ ലോകത്ത്, ടിക് ടോക്കിൽ കൊണ്ട് ചെന്നെത്തിച്ചു. ഒരു മിനിറ്റ് വീഡിയോ, ഡാൻസ് ചലഞ്ചുകൾ, വൈറൽ ട്രെൻഡുകൾ, ക്വിക്ക് വീഡിയോകൾ, എന്നിവയിൽ തുടങ്ങി; മന്ത്രവാദത്തിന്റെയും ബ്ലാക്ക് മാജിക്കിന്റെയും കേന്ദ്രമായി അവളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം മാറി. മരണത്തെ ആരാധിക്കുന്ന, സാത്താനിസ്റ്റായ ഒരു പെൺകുട്ടിയെ കണ്ടുമുട്ടിയതിന് ശേഷം മന്ത്രവാദത്തിലേക്ക് കൂടുതൽ ആഴത്തിൽ പോകാൻ തുടങ്ങി. സ്വവർഗ്ഗ അനുരാഗിയായ അവളുമായുള്ള ബന്ധം ശക്തമായപ്പോൾ ഒടുവിൽ ആ പെൺകുട്ടിയെ തന്നെ വിവാഹം കഴിച്ചു. എന്നാൽ ആ അശുദ്ധ ബന്ധം വിഷലിപ്തവും മോശകരവുമായിരുന്നു. അധികം വൈകാതെ തന്നെ ആ സ്വവർഗ്ഗ വിവാഹബന്ധം തകർച്ചയുടെ വക്കിലെത്തി.
ബന്ധം പൂർണ്ണ തകർച്ചയിലെത്തിയ ഒരു ദിവസം മെലാനിയുടെ പെൺ സുഹൃത്ത് അവളെ വീട്ടിൽ നിന്നും പുറത്താക്കുകയും അവളുടെ വസ്ത്രങ്ങൾ അഴുക്കു ചാലിലേക്ക് വലിച്ചെറിയുകയും ചെയ്തു. മെലാനിക്ക് ഒറ്റ ദിവസം കൊണ്ട് വീട് നഷ്ടപ്പെട്ടു. ജീവിതകാലം മുഴുവൻ കൂടെയുണ്ടാകും എന്ന് വിശ്വസിച്ച പെൺസുഹൃത്ത് നഷ്ടപ്പെട്ടു, അതുപോലെ തന്നെ വരുമാനത്തിനുള്ള വഴിയും അടഞ്ഞു. രാത്രി കാലങ്ങളിൽ ഒരു കാറിൽ ഉറങ്ങേണ്ട അവസ്ഥയായി.
എല്ലാം നഷ്ടപ്പെട്ടതോടെ മെലാനി കടുത്ത വിഷാദത്തിന്റെ പിടിയിലമർന്നു. അനുദിനം അവൾ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി. മയക്ക് മരുന്നുകൾ കൂടുതലായി ഉപയോഗിക്കാനും, പല തരത്തിലുള്ള ആത്മീയ മന്ത്രങ്ങളും പരീക്ഷിച്ചു. ഒന്നുംതന്നെ ഫലംകണ്ടില്ല. ചികിത്സകളും ഫലിച്ചില്ല. ആത്മഹത്യ ചെയ്യാനായി ഒരു കുപ്പിനിറയെ ഗുളികകളുമായി അവൾ തുനിഞ്ഞിറങ്ങി.
അപ്രതീക്ഷിതമായി അവളെത്തേടിയെത്തിയ ഒരു മെയിൽ കാര്യങ്ങൾ മാറ്റിമറിച്ചു. ഉടനെ തന്നെ ഒരു പുസ്തകം വാങ്ങി വായിക്കുക എന്നതായിരുന്നു ആ വിചിത്രമായ മെയിലിലെ സന്ദേശം. അവൾ തൊട്ടടുത്തുള്ള പുസ്തക ഷോപ്പിൽ കയറി. കയ്യിൽ ആകെയുണ്ടായിരുന്നത് വെറും അഞ്ച് ഡോളർ മാത്രമായിരുന്നു. കടയിലെ ഒട്ടുമിക്ക പുസ്തകങ്ങൾക്കും അൻപത് ഡോളറിന് മുകളിലായിരുന്നു വില. അവസാനം ഒരു പുസ്തകത്തിൽ അവളുടെ കണ്ണുടക്കി. ഒരു ഡോളർ മാത്രം വിലയുള്ള ഒരു ‘പുതിയ നിയമ ഗ്രന്ഥം’ (ബൈബിൾ പുതിയനിയമം) ആയിരുന്നു അത്. ഒരു ഡോളറിന് ഒരു ചോക്ലേറ്റ് പോലും കിട്ടില്ലെന്നറിയാമായിരുന്ന മെലാനി റിവാസ് ആ പുതിയ നിയമ ഗ്രന്ഥവും മേടിച്ചു കൊണ്ട് കാറിലേക്ക് മടങ്ങി.
കാറിലിരുന്ന് കൊണ്ട് അവൾ പുതിയ നിയമഗ്രന്ഥം തുറന്നു. തനിക്ക് ചുറ്റുമുള്ള ലോകം മാറിമറിയുന്ന അവിസ്മരണീയമായ അനുഭവത്തിലേക്ക് റിവാസ് എടുത്തെറിയപ്പെട്ടു. പുതിയ നിയമം വായിച്ചുകൊണ്ടിരിക്കെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ പറഞ്ഞു, "ആ അവസ്ഥ എങ്ങനെ വിശദീകരിക്കണം എന്ന് എനിക്കറിയില്ല; പുസ്തകം തുറന്ന ഉടനെ എന്റെയുള്ളിൽ ഊഷ്മളമായ സ്നേഹം അനുഭവപ്പെട്ടു തുടങ്ങി, പരിശുദ്ധാത്മാവിന്റെ ശക്തി എനിക്കനുഭവപ്പെട്ടു". മുന്നോട്ടുള്ള തന്റെ ജീവിതത്തിന്റെ ഗതി മാറ്റിമറിക്കുന്ന ഒരു തീരുമാനം അവൾ കൈക്കൊണ്ടു. തന്റെ ഇനിയുള്ള ജീവിതം പൂർണ്ണമായും യേശുവിനുള്ളതായിരിക്കും എന്നവൾ ഉറച്ച തീരുമാനമെടുത്തു.
ദൈവവുമായുള്ള ഒരു കൂടിക്കാഴ്ചയാണ് തന്നെ സ്വാധീനിച്ചത്. തന്റെ ജീവിതം പൂർണ്ണമായും അവനു സമർപ്പിച്ചുവെന്നും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ലോകമെങ്ങുമുള്ള യുവജനങ്ങൾക്കായി സുവിശേഷ സന്ദേശം പ്രഘോഷിക്കാൻ സമയം ചെലവഴിക്കുന്നുവെന്നും റിവാസ് പറയുന്നു. ഈ അടുത്ത സമയത്ത് അവളുടെ ജീവിതസാക്ഷ്യത്തിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി കണ്ടത് ഏകദേശം 400,000 പേരാണ്.
മയക്കുമരുന്ന്, ലൈംഗികത, മദ്യം എന്നിവയിൽ ഉത്തരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു ലോകം നിങ്ങൾക്ക് നാശമേ നൽകൂ എന്നതിനാൽ ദൈവത്തിലേക്ക് തിരിയാൻ അവൾ GEN Z നെ പ്രോത്സാഹിപ്പിക്കുന്നു. യഥാർത്ഥ സമാധാനം യേശുവിൽ നിന്ന് മാത്രമേ വരുന്നുള്ളൂവെന്ന് റിവാസ് പറയുന്നു. അനേകം യുവജനങ്ങളുടെ മാനസാന്തരത്തിന് തന്റെ ജീവിതസാക്ഷ്യം കാരണമാകുമെന്ന് അവൾ പ്രതീക്ഷിക്കുന്നു.
റോബിൻ സക്കറിയാസ്



Comments