top of page

ഒരു ടെസ്റ്റും ട്വിസ്റ്റും | KAIROS MALAYALAM | MARCH 2026

Writer: Kairos Media
Kairos Media
May 30
2 min read

ഏറ്റവും ഹൃദ്യമായ ഒന്നാണ് ഈശോയ്ക്ക് ഒത്തിരി ഇഷ്ടപ്പെട്ട കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാം. ദൂരദേശങ്ങളിൽ പോയി മിഷൻ ചെയ്യുന്നതിന് പകരം, നമ്മുടെ വീടുതന്നെ മിഷൻ സ്ഥലമാക്കുന്ന മാജിക്. ഭാഷ, സംസ്കാരം മുതലായവയെല്ലാം വിഭിന്നമായ ആളുകൾക്ക് ആതിഥ്യം നൽകിക്കൊണ്ട് നമ്മുടെ ക്രൈസ്തവ പാരമ്പര്യവും പ്രാർത്ഥന ജീവിതവും കുടുംബാംഗങ്ങൾ തമ്മിലുള്ള കെട്ടുറപ്പും രുചി വൈവിധ്യവുമെല്ലാം അവർക്കും പകർന്നു നൽകുന്ന സുരഭില നിമിഷങ്ങൾ.


ഈ വർഷം കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാമിൽ പങ്കെടുത്തവരെ ഞങ്ങളുടെ വീട്ടിൽ സ്വീകരിക്കാമെന്ന് അത്യധികം സന്തോഷ- ത്തോടെയാണ് ജീസസ് യൂത്ത് മിഷൻ ടീമിനെ അറിയിച്ചത്. രണ്ടാഴ്ച കഴിഞ്ഞപ്പോൾ വളരെ അപ്രതീക്ഷിതമായി എനിക്ക് ഹോസ്പിറ്റലിൽ പോകേണ്ടി വരികയും ഗോൾ ബ്ലാഡറിൽ കല്ലുകൾ ഉണ്ടെന്നും അത്യാവശ്യമായി സർജറി വേണമെന്നും ഡോക്ടർ അറിയിക്കുകയും ചെയ്തു. പദ്ധതികളെല്ലാം പാളിപ്പോയ അവസ്ഥ അതിഭീകരമായിരുന്നു. പുതിയ വീട്ടിലെ ആദ്യ ക്രിസ്മസ്, ഞാൻ ഏറ്റവും ഇഷ്ടത്തോടെ ചെയ്യുന്ന പുൽക്കൂട് നിർമ്മാണം, എക്സ്ചേഞ്ച് പ്രോഗ്രാം എല്ലാം അവസാനിച്ചു. ജീസസ് യൂത്ത് മിഷൻ ടീമിനെ വിളിച്ച് അസൗകര്യം അറിയിച്ചു. പ്ലാനനുസരിച്ച് കാര്യങ്ങൾ പോയില്ലെങ്കിൽ ഈശോയുമായി മുട്ടൻ അടി കൂടുന്ന ഞാൻ എന്തുകൊണ്ടോ സങ്കടക്കടൽ ഉള്ളിലൊതുക്കി നിശബ്ദത പാലിച്ചു.


ഗോൾ ബ്ലാഡർ സർജറിക്ക് ഇൻഷുറൻസ് പരിരക്ഷ കിട്ടുന്ന മറ്റൊരു ഹോസ്പിറ്റലിലേക്ക് ചികിത്സ മാറ്റുവാൻ തീരുമാനിച്ചു. വീട്ടുകാരും ഞാനും സർജറിക്കായി മാനസികമായി തയ്യാറെടുത്തു. അപ്പോഴാണ് ട്വിസ്റ്റ് വരുന്നത്. പുതിയ ആശുപത്രിയിൽ നടത്തിയ ബ്ലഡ് ടെസ്റ്റ് ഫലത്തിൽ പ്രതീക്ഷയ്ക്ക് വകയുള്ള ചില മാറ്റങ്ങൾ. ഒരാഴ്ചയ്ക്കുശേഷം വീണ്ടും ടെസ്റ്റ് ചെയ്യാൻ നിർദ്ദേശിച്ച് ഡോക്ടർ ഞങ്ങളെ മടക്കി അയച്ചു. ഒരാഴ്ചയ്ക്കു ശേഷമുള്ള ഫലംകണ്ട് ഡോക്ടർ, രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും ബ്ലഡ് ടെസ്റ്റ് ചെയ്യാൻ പറഞ്ഞു. ഞങ്ങൾക്ക് ആ സമയം ധാരാളമായിരുന്നു. കാരണം ആ രണ്ടാഴ്ചയാണ് കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാമും ക്രിസ്മസും. പ്രോഗ്രാമിന് ഞങ്ങളുടെ വീട് തയ്യാറാണെന്ന് മിഷൻ ടീമിനെ അറിയിക്കൽ ആയിരുന്നു ആദ്യം ചെയ്തത്. ഹോസ്പിറ്റലിൽ നിന്നും വരുന്ന വഴി തന്നെ ക്രിസ്മസിനുള്ള അലങ്കാരവസ്തുക്കളും വാങ്ങി.


അങ്ങനെ പ്രോഗ്രാമിന്റെ ഭാഗമായി വീട്ടിലെത്തിയവരെ ഞങ്ങൾ സ്വീകരിച്ചു. പ്രതീക്ഷിച്ചതിലും ഉപരിയായിരുന്നു പ്രോഗ്രാം നൽകിയ സന്തോഷം. ക്രിസ്മസിന് രണ്ട് ഉണ്ണീശോമാരെ കിട്ടിയതുപോലെ. നിഷ്കളങ്കരായ രണ്ട് മേഘാലയക്കാരാണ് ഞങ്ങളുടെ വീട്ടിൽ എത്തിയത്. കുടുംബ പ്രാർത്ഥന ഒന്നിച്ചു ചൊല്ലിയും മലയാളം പാട്ട് പഠിച്ചും കൃഷി കാര്യങ്ങൾ പരിചയങ്ങൾ സംസാരിച്ചും ക്രൈസ്തവ മലയാളി വിഭവങ്ങളുടെ രുചി അറിഞ്ഞുമുള്ള ഒരാഴ്ച പെട്ടെന്ന് കടന്നു പോയി. റെയിൽവേ സ്റ്റേഷനിൽ അവരെ തിരികെ യാത്രയാക്കാൻ പോയി തിരിച്ചു വന്നപ്പോൾ മനസ്സിന് ഒരു വിങ്ങലായിരുന്നു.


വീണ്ടും ഹോസ്പിറ്റലിലേക്ക്. രക്ത പരിശോധന ഫലം എല്ലാം നോർമൽ. ഒരു മരുന്നു പോലും കഴിക്കേണ്ടെന്ന് ഡോക്ടർ പറഞ്ഞു. ഡോക്ടറോട് നന്ദി പറഞ്ഞിറങ്ങിയപ്പോൾ, പ്രോഗ്രാമിൽ പങ്കെടുത്തവരെ ഒത്തിരി സ്നേഹത്തോടെ സ്വീകരിച്ചതിന് ഈശോ തന്ന സമ്മാനമാണ് ഈ രോഗശാന്തിയെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഈശോയ്ക്ക് അത്രയേറെ പ്രിയപ്പെട്ട മിഷൻ പ്രവർത്തനം തന്നെയായിരുന്നു ആ പ്രോഗ്രാമെന്ന ബോധ്യം എനിക്ക് ലഭിച്ചു. വീട്ടിൽ വന്നവരെ അതിഥികളായി സ്വീകരിക്കുന്നത് ഉണ്ണീശോയെ വീട്ടിൽ സ്വീകരിക്കുന്നത് പോലെ അനുഗ്രഹദായകമാണെന്ന് ഈ ക്രിസ്മസ് കാലയളവിൽ മനസ്സിലാക്കുവാൻ സാധിച്ചു.


(ലേഖിക അധ്യാപികയാണ്. ഭർത്താവിനോടും മൂന്ന് കുട്ടികളോടുമൊപ്പം അരൂരിൽ താമസിക്കുന്നു.)


ആൻസി ജോസ്, അരൂർ

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page