ഒരത്ഭുതം ഞാൻ കണ്ടു | KAIROS MALAYALAM | JUNE 2026
- Kairos Media

- May 31
- 1 min read

കൈയ്യിലുണ്ടായിരുന്ന പൈസ മുഴുവൻ തീർന്നതുകൊണ്ട് ഞങ്ങളുടെ സ്വപ്നമായിരുന്ന പുതിയ വീടിന്റെ പണി നിർത്തിവെച്ചിരുന്ന സമയം. 2017 ഡിസംബർ മാസത്തിലെ ഒരു ഞായറാഴ്ച. പള്ളിയിൽ വിശുദ്ധ കുർബാനയുടെ സമയത്ത് കാഴ്ചവെപ്പിന് മുൻപ് അച്ചന്റെ അറിയിപ്പ്: ‘ഇന്നത്തെ കാഴ്ചവെപ്പിന്റെ പണം ഉപയോഗിക്കുന്നത് കഴിഞ്ഞ മാസം ഉണ്ടായ ഓഖി ചുഴലിക്കാറ്റിൽ വീടുകൾ നഷ്ടപ്പെട്ടുപോയവർക്ക് ഭവനങ്ങൾ നിർമ്മിച്ച് നൽകുന്നതിന് വേണ്ടിയാണ്.
എന്റെ പോക്കറ്റിൽ ഒരു 500 രൂപയുടെ നോട്ടും പിന്നെ ഒരു 50 രൂപയുടെ നോട്ടും ആണ് ഉണ്ടായിരുന്നത്. സാമ്പത്തികത്തെ കുറിച്ചുള്ള ചിന്ത ഉണ്ടായിരുന്നതിനാൽ മറ്റൊന്നും ആലോചിക്കാതെ ഞാൻ 50 രൂപ നോട്ട് കൈയ്യിലെടുത്തു. തൊട്ടടുത്ത നിമിഷം തന്നെ മറ്റു ചില ചിന്തകളാണ് ഉള്ളിൽ നിറഞ്ഞത്. എനിക്കിപ്പോൾ താമസിക്കാൻ തറവാടുണ്ട്. എന്റെ വീടിന്റെ പണി കുറച്ച് വൈകിയാലും കുഴപ്പമില്ല. പക്ഷെ ചുഴലിക്കാറ്റിൽ വീട് മുഴുവൻ നഷ്ടപ്പെട്ടവരുടെ അവസ്ഥ അതല്ലല്ലോ. വീട് നഷ്ടപ്പെട്ടവരെ ഓർത്തുള്ള ചിന്ത എന്റെയുള്ളിൽ അസ്വസ്ഥതയുളവാക്കി. പെട്ടെന്ന് ഞാൻ 500 രൂപയുടെ നോട്ടെടുത്ത് കാഴ്ചവെപ്പിന് കൊണ്ടുവന്ന പാത്രത്തിൽ ഇട്ടു. വീട്ടിൽ മറ്റൊരു ബാങ്കിടപാടിന്റെ പേരിൽ ലോണുകൾ ഒന്നും ശരിയാവാതെ ഇരുന്ന സമയം കൂടിയായിരുന്നു അത്.
തൊട്ടടുത്ത ദിവസം ഒരത്ഭുതം ഞാൻ കണ്ടു. ഞങ്ങളുടെ ഒരാൾ പപ്പയോട് (father) വീട് പണിയെ കുറിച്ച് അന്വേഷിക്കുകയും എന്നോട് വീട്ടിലേക്ക് ചെല്ലാൻ പറയുകയും ചെയ്തു. 10 ലക്ഷം രൂപയാണ് അന്ന് പപ്പ എന്റെ കൈയ്യിൽ ഏൽപ്പിച്ചത്. ഇനിയും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയണമെന്നും പറഞ്ഞു. നല്ല സമരിയക്കാരന്റെ ഉപമയിലെ സമരിയക്കാരൻ ചെയ്തതുപോലെ, അപകടത്തിൽപ്പെട്ട മനുഷ്യനെ സത്രത്തിലാക്കിയിട്ട് സത്രം ഉടമയോട് കാര്യങ്ങൾ പറഞ്ഞ് ഏൽപ്പിക്കുകയും പണം കൂടുതൽ ആവുകയാണെങ്കിൽ തിരികെ വരുമ്പോൾ തന്നു കൊള്ളാമെന്നും പറഞ്ഞു പോകുന്നു ആ ചിത്രമാണ് എന്റെ ഉള്ളിലൂടെ കടന്നുപോയത്. വിചാരിച്ചിരുന്ന ലോൺ എടുക്കാതെ തന്നെ വീട് പണി പൂർത്തിയാക്കാനും പപ്പ തന്ന പൈസ മുഴുവൻ പിന്നീട് തിരിച്ചു നൽകാനും ദൈവം അനുഗ്രഹിച്ചു.
ചെറിയ കാര്യങ്ങളിൽ വിശ്വസ്തരായിരിക്കുമ്പോൾ നമ്മുടെ ഉള്ളിലനുഭവിക്കുന്ന ആനന്ദവും നമ്മുടെ വിശ്വസ്തതയോട് ദൈവം പ്രതികരിക്കുന്നതും നമുക്ക് കാണാനാകുന്നത് അത്ഭുതത്തോടും നനവുള്ള മിഴികളോടെയും ആയിരിക്കും. മറ്റുള്ളവർക്ക് നമ്മളാൽ കഴിയുന്ന നന്മ മടികൂടാതെ ചെയ്യാനും ദൈവം നമുക്ക് പ്രേരണ നൽകും. നന്മ ചെയ്യാനായി ദൈവം നമുക്ക് നൽകുന്ന പ്രേരണകളെ അവഗണിക്കാതെ, ആ നന്മകൾ ചെയ്യുവാൻ നമുക്ക് പരിശ്രമിക്കാം. നല്ല ദൈവം നമ്മളെ അനുഗ്രഹിക്കുമെന്ന് തീർച്ചയാണ്.
ജോയിഷ് ജോർജ്, പഴങ്ങനാട്



Comments