top of page

എലിമെന്ററി കുട്ടികളെ (6 മുതൽ 12 വരെ പ്രായമുള്ളവർ ) എങ്ങനെ വൈകാരിക പവിത്രത പഠിപ്പിക്കാം ? | ഫമിലിയ/ഫാമിലികഫേ | സിൽവി സന്തോഷ് | KAIROS MALAYALAM | APRIL 2025

Writer: സിൽവി സന്തോഷ്
സിൽവി സന്തോഷ്
4 days ago
4 min read

10 പ്രായോഗിക മാര്‍ഗങ്ങള്‍


''ശൈശവത്തില്‍ത്തന്നെ നടക്കേണ്ട വഴി പരിശീലിപ്പിക്കുക; വാര്‍ധക്യത്തിലും അതില്‍നിന്നു വ്യതിചലിക്കുകയില്ല'' (സുഭാ 22, 6).


വൈകാരിക പവിത്രത നമ്മുടെ കുഞ്ഞുങ്ങളെ ചെറുപ്പം മുതലെതന്നെ പഠിപ്പിക്കാന്‍ കത്തോലിക്കാരായ നാം വിളിക്കപ്പെട്ടിരിക്കുന്നു. ഇതു വഴിയായി, അനുദിനം വിശുദ്ധിയില്‍ വളരാനും, ദൈവസ്‌നേഹത്തില്‍ ആഴപ്പെടാനും അവര്‍ക്ക് കഴിയും.


6-11 വയസ്സ് വരെയുള്ള കുട്ടികളില്‍ മാനസികമായും, വൈകാരികമായും ദ്രുതഗതിയില്‍ മാറ്റങ്ങള്‍ നടക്കുന്ന സമയമാണ്. പ്രത്യേകിച്ച്, ഈ കാലഘട്ടത്തില്‍ കുട്ടികള്‍ ഋതു (puberty) വാകുന്നത് വളരെ നേരത്തെയാണ്. പെണ്‍കുട്ടികള്‍ എട്ടു മുതല്‍ പതിമൂന്ന് വയസ്സ് വരെയുള്ള പ്രായത്തില്‍ puberty യില്‍ എത്തുമ്പോള്‍, ആണ്‍കുട്ടികള്‍ ഒമ്പത് മുതല്‍ പതിനാല് വയസ്സ് വരെയുള്ള പ്രായത്തില്‍ ആണ് puberty യില്‍ എത്തുന്നത്. ഈ ഒരു കാരണത്താല്‍തന്നെ ഈ പ്രായക്കാരെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.


6-8 വയസുള്ള കുട്ടികള്‍


(1-3 ക്ലാസ്സുകള്‍)


ഈ പ്രായത്തില്‍ കുട്ടികള്‍ തങ്ങളുടെ ഉള്ളിലുള്ള വികാരങ്ങളെ മനസ്സിലാക്കുന്നതോടൊപ്പം തന്റെ ചുറ്റുമുള്ളവരിലും വികാരങ്ങളുണ്ട് എന്ന സത്യം മനസ്സിലാക്കി തുടങ്ങും. വികാരങ്ങളെ എങ്ങനെ നല്ല രീതിയില്‍ പ്രകടിപ്പിക്കാം എന്നതില്‍ അവര്‍ പലപ്പോഴും പരാജയപ്പെടുന്നു.


ഉദാഹരണത്തിന്, അവരുടെ ചേട്ടനോ അനിയത്തിയോ അവരുടെ ഒരു കളിപ്പാട്ടമെടുത്താല്‍ അവര്‍ അവരോട് ഉച്ചത്തില്‍ ഒച്ചയിടും. അതിനപ്പുറം എന്ത് ചെയ്യണം എന്നവര്‍ക്കറിയില്ല.


9-11 വയസ്സുള്ള കുട്ടികള്‍

(4-5 ക്ലാസ്സുകള്‍)


ഈ പ്രായത്തില്‍ കുട്ടികള്‍ക്ക് കുറച്ച് കൂടി സങ്കീര്‍ണമായ വികാരങ്ങളെ മനസ്സിലാക്കാന്‍ സാധിക്കുന്നു. നാണക്കേട്, അഹങ്കാരം തുടങ്ങിയ വികാരങ്ങള്‍ അവര്‍ അധികമായി ശ്രദ്ധിച്ചു തുടങ്ങുന്നു. ഈ പ്രായത്തില്‍ കൂട്ടുകാര്‍ അവരുടെ ജീവിതത്തിലെ പ്രധാന ഭാഗമായി മാറുന്നു.


ഉദാഹരണത്തിന്: കൂട്ടുകാര്‍ കളിക്കാന്‍ കൂട്ടിയില്ലെങ്കില്‍, അവരോട് വിരോധം ഉണ്ടാകാന്‍ സാധ്യതയുണ്ട്.


ഇമോഷണല്‍ ചാസ്റ്റിറ്റി ഈ പ്രായക്കാരെ എങ്ങനെ പഠിപ്പിക്കാം ?


1. വികാരങ്ങളെ മനസ്സിലാക്കാന്‍ പഠിപ്പിക്കുക


സ്വന്തം വികാരങ്ങളെ മനസ്സിലാക്കാനും, അവയെ പേര് ചൊല്ലി വിളിക്കാനും അവരെ പഠിപ്പിക്കുക: എനിക്ക് ദേഷ്യം വരുന്നു, എനിക്ക് അസൂയ തോന്നുന്നു, എനിക്ക് സങ്കടം വരുന്നു എന്ന് നിങ്ങളോട് പറയാനായി അവരെ പ്രോത്സാഹിപ്പിക്കുക. ഇങ്ങനെ പരിശീലിപ്പിക്കുന്നതിലൂടെ, തങ്ങളുടെ വികാരങ്ങള്‍ എന്തെന്ന് മനസ്സിലാക്കാനും, ഓരോ വികാരങ്ങളോടും ശരിയായ രീതിയില്‍ പ്രതികരിക്കാനും അവര്‍ പഠിക്കും.


എല്ലാ വികാരങ്ങളും നല്ലതാണ്. ഓരോ വികാരങ്ങളോടും എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് പ്രധാനം.


ഉദാഹരണങ്ങള്‍:


പെണ്‍കുട്ടികള്‍: കൂട്ടുകാരികള്‍ മറ്റുള്ളവരുടെ കൂടെ കളിക്കുന്നത് കാണുമ്പോള്‍, ചെറിയ ഒരു നിരാശ തോന്നുന്നത് വളരെ സ്വാഭാവികമാണ്. എന്നാല്‍, അസൂയ എന്ന വികാരത്തിന് അടിമപ്പെടാതെ, യഥാര്‍ഥ കൂട്ടുകാരി, തങ്ങളുടെ കൂട്ടുകാരുടെ നന്മയെ കാംക്ഷിക്കുന്നു എന്ന നന്മ ശീലിക്കാന്‍വേണ്ടി അവരെ നമുക്ക് പരിശീലിപ്പിക്കാം. ഇതിന് അനുയോജ്യമായ കഥകളും പറഞ്ഞു കൊടുക്കാം.


ആണ്‍കുട്ടികള്‍: ഒരു ഫുട്‌ബോള്‍ കളിയോ, ടെന്നീസ് കളിയോ തോറ്റു കഴിയുമ്പോള്‍ നല്ല അരിശവും, അസൂയയും വരാന്‍ സാധ്യതയുണ്ട്. ആ സമയത്ത് deep breath എടുത്തു കൊണ്ട് ഒരു നല്ല സ്‌പോര്‍ട്ട്‌സ്മാന്‍ഷിപ്പ് ആണ് വിജയത്തേക്കാള്‍ പ്രധാനം എന്ന സത്യം മനസ്സിലാക്കാന്‍ അവരെ പഠിപ്പിക്കുക. അപ്പന്മാര്‍ ചെറുപ്പത്തിലെ അവരുടെ കൂടെ കളിക്കുക, ജയിക്കുന്നതിനൊപ്പം തോല്‍ക്കാനും ഉള്ള അവസരം ഉണ്ടാക്കി കൊടുക്കാം.


2. മൂല്യങ്ങളുള്ള കൂട്ടുകെട്ടുകള്‍ ഉണ്ടാക്കിയെടുക്കാന്‍ അവരെ സഹായിക്കുക


നല്ല കൂട്ടുകാര്‍ ദൈവത്തിന്റെ ദാനമാണ്. സ്വന്തം കൂട്ടുകാരെ വിശ്വസ്തതയോടെയും ദയയോടും ബഹുമാനത്തോടും കൂടി കാണാന്‍ പഠിപ്പിക്കുക.


നല്ല മൂല്യങ്ങള്‍ പങ്കിടുന്ന സുഹൃത്തുക്കളെ തിരയുകയും വിശുദ്ധിയില്‍ വളരാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.


എല്ലാവരോടും സൗഹൃദപരമായിരിക്കുക, എന്നാല്‍ ഗോസിപ്പ്, അല്ലെങ്കില്‍ ദയാരഹിതമായ പെരുമാറ്റം എന്നിവ പ്രോത്സാഹിപ്പിക്കുന്ന കൂട്ടു ഗ്രൂപ്പുകളുമായി പൊരുത്തപ്പെടാന്‍ സമ്മര്‍ദം തോന്നാതിരിക്കാന്‍ അവരെ പരിശീലിപ്പിക്കുക


തങ്ങളുടെ വിശ്വാസത്തിനോ മൂല്യങ്ങള്‍ക്കോ എതിരായ എന്തെങ്കിലും ചെയ്യാന്‍ ആരെങ്കിലും നിങ്ങളെ നിര്‍ബന്ധിച്ചാല്‍ ''ഇല്ല'' എന്ന് പറയുന്നതില്‍ തെറ്റില്ല എന്ന് അവരെ പഠിപ്പിക്കുക.


ആണ്‍കുട്ടികളുമായും പെണ്‍കുട്ടികളുമായും ആരോഗ്യകരമായ സൗഹൃദം പങ്കുവയ്ക്കാന്‍ പരിശീലിപ്പിക്കാം.


ഒരു സുഹൃത്തിനോട് അമിതമായി അടുപ്പം കാണിക്കുന്നത് ഒഴിവാക്കുക. വൈവിധ്യമാര്‍ന്ന സുഹൃത്തുക്കള്‍ ഉണ്ടായിരിക്കുന്നത് ആരോഗ്യകരമാണ്.


അവരുടെ കൂട്ടുകാര്‍ ആരെന്നു അറിഞ്ഞിരിക്കുക, അവരുടെ കൂട്ടുകാരെ ഇടയ്ക്ക് വീട്ടിലേക്ക് വിളിക്കാം, അവരുടെ മാതാപിതാക്കളുമായി സൗഹൃദം പുലര്‍ത്താം.


ഭൂരിപക്ഷത്തെ പിന്തുടരേണ്ടതില്ലെന്ന് ഓര്‍മിക്കുക. ജനപ്രിയമല്ലെങ്കില്‍ പോലും ശരിയായത് മാത്രം എപ്പോഴും തിരഞ്ഞെടുക്കുവാന്‍ ഓര്‍മിപ്പിക്കുക. വസ്ത്ര ധാരണത്തിലൊക്കെ ഇക്കാര്യം അവരെ ഓര്‍മിപ്പിക്കാം.


മറ്റുള്ളവരുടെ വികാരങ്ങളെ ബഹുമാനിക്കുവാന്‍ പഠിപ്പിക്കണം: ദയയോടെ സംസാരിക്കുക, മറ്റുള്ളവരെ കളിയാക്കുകയോ, പരദൂഷണം പറയുകയോ, ഒഴിവാക്കുകയോ ചെയ്യരുത്.


ആരെങ്കിലും തങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയാല്‍, ക്ഷമ തിരഞ്ഞെടുക്കവാനും,വിദ്വേഷം ഉപേക്ഷിക്കുവാനും അവരെ പരിശീലിപ്പിക്കുക.


3. ആരോഗ്യകരമായ അതിരുകള്‍ (boundaries) നിശ്ചയിക്കുക


നമ്മള്‍ എല്ലാവരെയും സ്‌നേഹിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു; എന്നാല്‍, അതിനര്‍ഥം നമ്മുടെ ആഴമേറിയ വികാരങ്ങള്‍ വഴിയില്‍ കാണുന്ന ആരുമായും പങ്കുവയ്ക്കുക എന്നല്ല. ആരോഗ്യകരമായ അതിരുകള്‍ നമ്മുടെ ഹൃദയങ്ങളെ സംരക്ഷിക്കാന്‍ സഹായിക്കുന്നു. എല്ലാവരുമായും ആരോഗ്യകരമായ ഒരകലം പാലിക്കാന്‍ അവരെ പരിശീലിപ്പിക്കുക.


4. വാക്കുകളും പ്രവൃത്തികളും നിയന്ത്രിക്കാന്‍ പഠിപ്പിക്കുക


സംസാരിക്കുന്നതിനോ പ്രവര്‍ത്തിക്കുന്നതിനോ മുമ്പ് ഒരു നിമിഷം ചിന്തിക്കുവാന്‍ പഠിപ്പിക്കുക. വാക്കുകള്‍ വായില്‍ നിന്നും പുറത്ത് വരുന്നതിനു മുന്‍പായി: ഇത് ദയയുള്ളതാണോ? ഇത് സത്യമാണോ? ഇത് മറ്റുള്ളവര്‍ക്ക് സഹായകരമാണോ? എന്നൊക്കെ ഒന്ന് വിലയിരുത്താന്‍ അവരെ സഹായിക്കുക.


''എന്റെ പ്രിയസഹോദരരേ, ഓര്‍മിക്കുവിന്‍. നിങ്ങള്‍ കേള്‍ക്കുന്നതില്‍ സന്നദ്ധതയുള്ളവരും സംസാരിക്കുന്നതില്‍ തിടുക്കം കൂട്ടാത്തവരും കോപിക്കുന്നതില്‍ മന്ദഗതിക്കാരും ആയിരിക്കണം'' (യാക്കോ 1, 19) എന്ന വചനം അവരെ പഠിപ്പിക്കുക.


അവര്‍ക്ക് ശക്തമായ വികാരങ്ങള്‍ അനുഭവപ്പെടുമ്പോള്‍, പ്രതികരിക്കുന്നതിന് മുമ്പ് ഒരു നിമിഷം നിറുത്തി പ്രാര്‍ഥിക്കുവാന്‍ ചെറുപ്പത്തിലെ പരിശീലിപ്പിക്കുക. മാതാപിതാക്കള്‍ക്കും മാതൃക നല്‍കാം: കുട്ടിക

ളോട് നല്ല ദേഷ്യം തോന്നുന്ന സമയത്ത്, ഒരു നിമിഷം ഒന്ന് നിറുത്തിയിട്ട്, കുട്ടികളുടെ മുമ്പില്‍വച്ചുതന്നെ നമുക്ക് പ്രാര്‍ഥിക്കാം. നൂറു കാര്യങ്ങള്‍ പഠിപ്പിക്കുന്നതിലും ഫലം ചെയ്യും ഇത്.


5. വിശുദ്ധമായ വിനോദം തിരഞ്ഞെടുക്കാന്‍ സഹായിക്കുക


നമ്മള്‍ ആസ്വദിക്കുന്ന പുസ്തകങ്ങള്‍, സിനിമകള്‍, സംഗീതം എന്നിവ നമ്മുടെ ചിന്തകളെയും വികാരങ്ങളെയും രൂപപ്പെടുത്തുന്നു. ദൈവത്തെ ബഹുമാനിക്കുകയും മറ്റുള്ളവരോടുള്ള ബഹുമാനം പഠിപ്പിക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ തിരഞ്ഞെടുക്കുക.


ഗോസിപ്പോ, ആവശ്യമില്ലാത്ത തര്‍ക്കങ്ങളും പ്രോത്സാഹിപ്പിക്കുന്ന ടിവി ഷോകള്‍ ഒഴിവാക്കുക. പകരം, ദയ, ടീം വര്‍ക്ക്, സത്യസന്ധത എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഷോകള്‍ തിരഞ്ഞെടുക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുക. നല്ല പുസ്തകങ്ങള്‍ വായിപ്പിക്കുക. അക്രമമോ അനാദരവോ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ ഗെയിമുകള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കുക. ക്ഷമ, സര്‍ഗത്മകത, പ്രശ്‌നപരിഹാര കഴിവുകള്‍ എന്നിവ വികസിപ്പിക്കാന്‍ സഹായിക്കുന്ന ഗെയിമുകള്‍ തിരഞ്ഞെടുക്കുക.


6. സാങ്കേതികവിദ്യയും മാധ്യമങ്ങളും ഉപയോഗിക്കുന്നതില്‍ അതിരുകള്‍ (boundaries) നിശ്ചയിക്കുക


കോവിഡ് പാന്‍ഡെമികിനു ശേഷം കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകളുടെയും, ഇന്റര്‍നെറ്റിന്റേയും ലഭ്യത വളരെ കൂടുതലാണ്. പലപ്പോഴും മാതാപിതാക്കളുടെ ശരിയായ സൂപ്പര്‍വിഷന്‍ ഇല്ലാത്തത് മൂലം, കുട്ടികള്‍ അശ്ലീല വീഡിയോകള്‍ കാണുവാന്‍ ഇടയുണ്ട്. പല ഫോണ്‍ ആപ്പുകളിലൂടെയും, സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയയിലൂടെയും ചതിയില്‍ പെട്ടു പോകുന്ന കുട്ടികളുണ്ട്. ഇതു വൈകാരിക പവിത്രതയെ തകര്‍ത്തു കളയും എന്ന് മാത്രമല്ല, ഭാവിയില്‍ ഒരു നല്ല കൂദാശ ജീവിതം നയിക്കാന്‍ പറ്റാത്ത രീതിയില്‍ ജീവിതം തകര്‍ക്കുകയും ചെയ്യും. അതു കൊണ്ടുതന്നെ ഇതിന്റെ ഭവിഷ്യത്തു

കളെ കുറിച്ചു കുട്ടികളെ ചെറുപ്പത്തിലെ തന്നെ പഠിപ്പിച്ചു കൊടുക്കണം.


ദയ, ബഹുമാനം, സത്യം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പുസ്തകങ്ങള്‍, സിനിമകള്‍, ഗെയിമുകള്‍ എന്നിവ തിരഞ്ഞെടുക്കുവാന്‍ പ്രോത്സാഹിപ്പിക്കുക.


സോഷ്യല്‍ മീഡിയയില്‍ ജാഗ്രത പാലിക്കുക. വ്യക്തിപരമായ വികാരങ്ങള്‍ അമിതമായി പങ്കിടുകയോ ഓണ്‍ലൈനില്‍ ശ്രദ്ധ തേടുകയോ ചെയ്യുന്നത് ഒഴിവാക്കുവാന്‍ അവരെ പരിശീലിപ്പിക്കുക.


തങ്ങളെ അസ്വസ്ഥമാക്കുന്ന എന്തെങ്കിലും ഇന്റര്‍നെറ്റില്‍ കാണുകയാണെങ്കില്‍, മാതാപിതാക്കളോടോ വിശ്വസ്തനായ ഒരു മുതിര്‍ന്നയാളോടോ സംസാരിക്കുവാന്‍ പ്രോത്സാഹിപ്പിക്കുക.


വീട്ടില്‍ തുറന്ന പൊതുമുറികളില്‍ മാത്രമേ ടാബ്ലറ്റോ, കമ്പ്യൂട്ടറോ, ഫോണോ ഉപയോഗിക്കാന്‍ അവരെ അനുവദിക്കാവൂ. അടച്ചിട്ട മുറികളില്‍ ഒരു ഗാഡ്ജറ്റും ഉപയോഗിക്കാന്‍ പാടില്ല എന്ന നിയമം വളരെ കര്‍ക്കശമായി പാലിക്കണം. അവരോട്കൂടെ കുറച്ച് സമയം ഇരിക്കുമ്പോള്‍ അവര്‍ എന്തൊക്കെ കാണുന്നു എന്ന് നമുക്കും മനസ്സിലാകും. ഏതൊക്കെ പരിപാടികളും, ആപ്പുകളും സുരക്ഷിതമാണ് എന്ന് ഒരു അവബോധം മാതാപിതാക്കളായ നമുക്കും ഉണ്ടായിരിക്കണം.


7. ലൈംഗിക വിദ്യാഭ്യാസം കൊടുക്കുക


3-4 ക്ലാസ്സൊക്കെ ആകുമ്പോഴേ സെക്‌സ് വിദ്യാഭ്യാസം ആരംഭിക്കണം. സ്‌കൂള്‍ ടീച്ചര്‍മാരോ, ക്യാറ്റക്കിംസം ടീച്ചര്‍മാരോ അതെല്ലാം പഠിപ്പിച്ചോളും എന്ന് കരുതിയിരിക്കാതെ, മാതാപിതാക്കള്‍ തന്നെ ഇതില്‍ മുന്‍കൈ എടുക്കണം ഈ കാര്യത്തില്‍. അതിനു ഉപകരിക്കുന്ന പുസ്തകങ്ങള്‍ വായിക്കാനും, മറ്റുള്ള അമ്മമാരോട് ചര്‍ച്ച ചെയ്തു പഠിക്കാനും നമ്മള്‍ തന്നെ തയ്യാറാകണം. ഈ ഒരു കാര്യത്തില്‍ എന്ത് സംശയം തോന്നിയാലും അത് ചോദിക്കേണ്ട സ്ഥലം സ്വന്തം ഭവനമാണെന്ന് അവര്‍ക്ക് ബോധ്യം കൊടുക്കണം. അല്ലെങ്കില്‍ അറിവിന്റെ പല ഉറവിടങ്ങള്‍ തപ്പി അവര്‍ എത്തിച്ചേരുന്നത് വലിയ ചതിക്കുഴിയില്‍ ആയിരിക്കും. താഴെ കൊടുക്കുന്ന ൃreosurces ശ്രമിച്ചു നോക്കൂ:



8. പ്രാര്‍ഥനയിലൂടെയും, വചന വായനയിലൂടെയും ദൈവത്തിലേക്ക് തിരിയുവാന്‍ അവരെ പരിശീലിപ്പിക്കുക


ശക്തമായ വികാരങ്ങള്‍ അവരെ തളര്‍ത്തുന്നതായി തോന്നുമ്പോള്‍, ദൈവത്തോട് സംസാരിക്കുവാന്‍ അവരെ പ്രോത്സാഹിപ്പിക്കുക.


തങ്ങളുടെ ഹൃദയത്തെ കാത്തുസൂക്ഷിക്കാനും മറ്റുള്ളവരോട് ദയയോടെ പെരുമാറാനും ദൈവത്തോട് സഹായം ചോദിച്ചുകൊണ്ട് ദിവസം ആരംഭിക്കുവാനും അവരെ പ്രോത്സാഹിപ്പിക്കുക. 91-ാം സങ്കീര്‍ത്തനം, വിശുദ്ധ മിഖായേല്‍ മാലാഖയോടുള്ള ജപം, കാവല്‍ മാലാഖയോടുള്ള ജപം, വി. കുരിശ് വരയ്ക്കുക തുടങ്ങിയവയെല്ലാം അവരെ കുഞ്ഞിലേ പഠിപ്പിച്ചു ഹൃദിസ്ഥമാക്കുക.


സ്‌കൂളില്‍വച്ച് അവര്‍ക്ക് അസ്വസ്ഥതയോ, അമിതഭാരമോ, വികാരങ്ങളുടെ തള്ളിക്കയറ്റമോ തോന്നുകയാണെങ്കില്‍, നിശ്ശബ്ദമായി പ്രാര്‍ഥിക്കുവാന്‍ പഠിപ്പിക്കുക: 'യേശുവേ, നിന്നെപ്പോലെ മറ്റുള്ളവരെ സ്‌നേഹിക്കാന്‍ എന്നെ സഹായിക്കണമേ.'


നല്ല നിമിഷങ്ങള്‍ക്ക് ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടും ഏതെങ്കിലും വെല്ലുവിളികളില്‍ സഹായം അഭ്യര്‍ഥിച്ചുകൊണ്ടും, ദിവസം അവസാനിപ്പിക്കുവാന്‍ പഠിപ്പിക്കുക. സന്ധ്യാ നമസ്‌കാരത്തിന്റെ സമയത്ത് അവരെക്കൊണ്ട് തന്നെ ഉറക്കെ പ്രാര്‍ഥിക്കുവാനും വചനം വായിക്കാനും ശീലിപ്പിക്കുക.


2തിമോത്തേയോസ് 2, 22-1 കോറിന്തോസ് 6, 19 തുടങ്ങിയ തിരു വചനങ്ങളൊക്കെ വായിച്ചു ധ്യാനിക്കുവാന്‍ അവരെ ചെറുപ്പത്തിലേ തന്നെ പ്രോത്സാഹിപ്പിക്കുക.


9. മാതാപിതാക്കളോട് സംസാരിക്കുവാന്‍ പ്രോത്സാഹിപ്പിക്കുക


അവര്‍ക്ക് മനസ്സിലാകാത്ത ചോദ്യങ്ങളോ വികാരങ്ങളോ ഉണ്ടെങ്കില്‍, മാതാപിതാക്കളോട് സംസാരിക്കുവാന്‍ വേണ്ടി പ്രോത്സാഹിപ്പിക്കാം. അവരുടെ ഇമോഷണല്‍ ചാസ്റ്റിറ്റി എങ്ങനെ വളര്‍ത്തിയെടുക്കാം എന്ന കാര്യത്തില്‍ മാതാപിതാക്കള്‍ നല്ല അറിവ് നേടേണ്ടത് അത്യവശ്യമാണ്.


10. വിശുദ്ധരില്‍ നിന്നു പഠിക്കാം


നമ്മുടെ ഹൃദയങ്ങളെ കാത്തുസൂക്ഷിക്കുമ്പോള്‍ മറ്റുള്ളവരെ എങ്ങനെ സ്‌നേഹിക്കാമെന്ന് നിരവധി യുവ വിശുദ്ധന്മാര്‍ നമ്മെ പഠിപ്പിക്കുന്നു: വിശുദ്ധ ജസീന്ത, വിശുദ്ധ ഫ്രാന്‍സിസ്‌കോ, വിശുദ്ധ ഡൊമിനിക് സാവിയോ, വിശുദ്ധ മരിയ ഗൊരേത്തി.. ഏത് പ്രായത്തിലും വിശുദ്ധി സാധ്യമാണെന്ന് ഈ വിശുദ്ധന്മാര്‍ നമ്മെ കാണിച്ചുതരുന്നു. വൈകാരിക പവിത്രത പരിശീലിക്കുന്നതിലൂടെ, ദൈവത്തോട് കൂടുതല്‍ അടുക്കാനും കുടുംബവുമായും സുഹൃത്തുക്കളുമായും ഉള്ള അവരുടെ ബന്ധങ്ങളില്‍ അവന്റെ സ്‌നേഹം പ്രതിഫലിപ്പിക്കാനും കഴിയും എന്ന് പറഞ്ഞു ബോധ്യപ്പെടുത്തുക. എപ്പോഴും പരിശുദ്ധ അമ്മയുടെയും, വി. യൗസേപ്പ് പിതാവിന്റെയും കരങ്ങള്‍ പിടിക്കാന്‍ അവരെ പഠിപ്പിക്കുക.


ഉപസംഹാരം


കത്തോലിക്കരായ നാമോരോരുത്തരും, ഹൃദയങ്ങളെ പരിപാലിക്കാനും, വിശുദ്ധിയോടും ബഹുമാനത്തോടും കൂടി നമ്മുടെ വികാരങ്ങളെ കൈകാര്യം ചെയ്യാനും വിളിക്കപ്പെട്ടിരിക്കുന്നു.


ആറാമത്തെ സുവിശേഷ ഭാഗ്യമായ ''ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവത്തെ കാണും'' (മത്താ 5, 8) എന്ന വചനം നമ്മിലും, അവരിലും മാംസം ധരിക്കാന്‍ വേണ്ടി നമുക്ക്, ഈശോയോട്

പ്രാര്‍ഥിക്കാം, അതിനായി മാതാപിതാക്കളായ നമ്മില്‍ ഏല്‍പിച്ചിരിക്കുന്ന, ഓട്ടം ഏറ്റവും വിശ്വസ്തതയോടെ ഓടാനായി ശ്രമിക്കാം!


elementary കുട്ടികളെ എങ്ങനെ emotional chastiy പഠിപ്പിക്കാം എന്ന്, തിരു വചനത്തില്‍ നിന്നും, ശരീരത്തിന്റെ ദൈവശാസ്ത്രത്തില്‍ (Theology of Body) നിന്നും, വിശുദ്ധരുടെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പ്രായോഗിക പാഠങ്ങള്‍ ലേഖിക പങ്കുവയ്ക്കുന്നു.


അടുത്ത ലക്കത്തില്‍: മിഡില്‍ സ്‌കൂള്‍ കുട്ടികളെ എങ്ങനെ ഇമോഷണല്‍ ചാസ്റ്റിറ്റി പഠിപ്പിക്കാം എന്ന് വായിക്കാം.


ടെക്സസിലെ കോപ്പലിലുള്ള സെന്റ് അൽഫോൻസ് ഇടവ കാംഗമാണ് ലേഖിക. പീഡിയാട്രിക് നേഴ്സ് പ്രാക്ടീഷ ണറായി ജോലി ചെയ്യുന്നു. ഭർത്താവ് സന്തോഷ് കുര്യൻ മക്കൾ സോഫിയ, സോണിയ.സോളമൻ.

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page