എക്കോ | KAIROS MALAYALAM | MARCH 2026
- Kairos Media

- May 30
- 2 min read

കാവലുള്ള ഗൃഹങ്ങൾ കാരാഗൃഹമാകുന്ന കരളലിയിക്കുന്ന കാഴ്ചകൾ സൂചിമുനപോലെ ഹൃദയത്തെ തൊടുമ്പോൾ നമ്മുടേതുതന്നെ ജീവിതപരിസരങ്ങളിലേക്ക് നമ്മൾ തിരിഞ്ഞുനോക്കും. അടക്കിപ്പിടിക്കുന്ന പല സഹനങ്ങൾക്കും മൗനത്തിനും കീഴെ പ്രക്ഷുബ്ധമായ അടിരൊഴുക്കുകൾ ഉണ്ടെന്നറിയണം. ആത്മാർത്ഥമായ ശുദ്ധസ്നേഹത്തിൽ ഭയത്തിനു സ്ഥാനമില്ല. ആ സ്നേഹം സകലതിനെയും കീഴടക്കുന്നു. തീർച്ചയായും ഇതാവും ‘എക്കോ’ നമ്മിലേക്ക് എത്തുമ്പോൾ നമ്മിൽ പ്രതിധ്വനിക്കുന്നത്.
വശ്യമനോഹരമായ മലയിടുക്കുകൾ നിറഞ്ഞ പ്രകൃതിയും അതിൽ നിറയുന്ന നിഗൂഢതയും വെള്ളിത്തിരകളിൽ തെളിയുമ്പോൾ മനസ്സിൽ നിറയുന്നതും ആ നിഗൂഢതയുടെ സൗന്ദര്യം തന്നെ. കേരള-കർണാടക അതിർത്തിയോടടുത്തുള്ള കാടുംമലകളും നിറഞ്ഞ പശ്ചിമഘട്ടപ്രകൃതിയും അവിടെത്തന്നെ റിമോട്ട് ഏരിയയിലുള്ള ഒരു എസ്റ്റേറ്റുമാണ് കഥാപരിസരം.
കാവൽ, സംരക്ഷണം, വിശ്വാസം, വിശ്വസ്തത തുടങ്ങിയ മാനുഷിക മൂല്യങ്ങളുടെ സ്നിഗ്ദ്ധമായ തലങ്ങൾ പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കുന്നതിൽ ചിത്രം നൂറു ശതമാനം വിജയിച്ചിരിക്കുന്നു. മനുഷ്യനോട് ഏറ്റവും വിശ്വസ്തരായിരിക്കുന്ന നായ്ക്കൾ ഈ ചിത്രത്തിൽ മനുഷ്യകഥാപാത്രങ്ങളെക്കാൾ ഗാംഭീര്യത്തോടെ തലയുയർത്തി നിൽക്കുന്നത് ചിത്രത്തിന്റെ ഹൈലൈറ്റ്സ് ആണ്.
കുര്യാച്ചൻ (സൗരഭ് സച്ച്ദേവ്) എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥയുടെ ചുരുളഴിയുന്നത്. മോഹൻ പോത്തൻ (വിനീത്) തന്റെ സുഹൃത്തായ കുര്യാച്ചനെ തേടി എസ്റ്റേറ്റിലേക്ക് എത്തുന്നു. കുര്യാച്ചന്റെ പക്കലുള്ള അപൂർവ്വയിനം നായ്ക്കളിൽ നിന്ന് ബ്രീഡ് ചെയ്ത് കൊണ്ടുപോകാനായി ഒരു പെൺ നായയുമായാണ് പോത്തൻ അവിടെയെത്തുന്നത്. അപ്പൂട്ടി (അശോകൻ) എന്ന ടാക്സി ഡ്രൈവറാണ് പോത്തനെ തന്റെ ജീപ്പിൽ എസ്റ്റേറ്റിലേക്ക് എത്തിക്കുന്നത്. ആകാംക്ഷഭരിതമായ കഥാഗതിയിൽ പിന്നീട് കാണുന്നത് പാറയിടുക്കിൽ വീണു മരിച്ചു കിടക്കുന്ന പോത്തനെയും ഭക്ഷണം കിട്ടാതെ മരിച്ചുപോയ പോത്തന്റെ നായയെയുമാണ്. കുര്യാച്ചന്റെ ഭാര്യയായ മലേഷ്യക്കാരി സോയി എസ്റ്റേറ്റിൽ താമസിക്കുന്നുണ്ട്. അവരെ ശുശ്രൂഷിക്കാൻ, ജോലിക്കാരനായി പീയൂസ് (സന്ദീപ് പ്രദീപ്) എന്ന ചെറുപ്പക്കാരനും കൂടെ വിശ്വസ്തരായ നായ്ക്കളും.
കുര്യാച്ചന്റെ കുടിലബുദ്ധിയുടെ ഫലമായി മോഹൻ പോത്തൻ കുറച്ചു വർഷം ജയിൽവാസം അനുഭവിച്ച ശേഷമാണ് കുര്യാച്ചനെ തേടി എസ്റ്റേറ്റിലേക്ക് വരുന്നത്. മംഗലാപുരത്തുനിന്ന് നാവികസേനാ ഉദ്യോഗസ്ഥൻ ആണെന്ന് അവകാശപ്പെടുന്ന മറ്റൊരാളും (നരേൻ) കുര്യാച്ചനെ തേടിവരുന്നു. മരംവെട്ടുകാരായി ലോറിയുമായെത്തുന്ന സോമനും സുകുമാരനും (ബിനു പപ്പു) കുര്യാച്ചനെ തേടി തന്നെയാണ് എസ്റ്റേറ്റിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ മൂഡ് ക്രിയേറ്റ് ചെയ്യുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഇവർ യഥാർത്ഥത്തിൽ ആരായിരുന്നുവെന്നത് അവസാനം വെളിപ്പെടുന്നു. ചിത്രത്തിന്റെ കഥാഗതി വികസിക്കുമ്പോൾ, പീയൂസിനെയും കൂട്ടി ഇവർ, കുര്യാച്ചൻ ഒളിച്ചുതാമസിക്കുന്നുവെന്ന് കരുതപ്പെടുന്ന ഒരു ഗുഹ തേടി പോകുന്നു. പീയൂസുമായി അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഏറ്റുമുട്ടലിൽ സോമനും സുകുമാരനും കൊല്ലപ്പെടുന്നു. കഥയുടെ പൊരുൾ കൂടുതൽ തെളിവാർന്ന് പ്രേക്ഷകരിലേക്ക് എത്തുമ്പോഴും നിഗൂഢതകളുടെ ചുരുളുകൾ ഓരോന്നായി അഴിഞ്ഞു നിവരുമ്പോഴും പ്രേക്ഷകർ ശ്വാസമടക്കി അത്ഭുതംകൂറുന്ന മനസ്സോടെ, കഥയുടെ തീവ്രഗതിയിലേക്ക് സംവിധായകനോടൊപ്പം എത്തിച്ചേരുകയാണ്. ഒരു പ്രഹേളികയായി എന്നും നമ്മെ അമ്പരപ്പിക്കുന്ന മനുഷ്യമനസ്സിൽ, ജിജ്ഞാസയുണർത്തി പ്രേക്ഷക മനോധർമ്മങ്ങൾക്ക് പകർന്നു നൽകുന്ന മായാജാലമാണ് കഥാന്ത്യം. കുര്യാച്ചൻ ജീവിച്ചിരിപ്പുണ്ടോ? എസ്റ്റേറ്റിലുള്ള കുര്യാച്ചന്റെ ഭാര്യ സോയി എന്ന ഭ്രാന്തിച്ചേടത്തി യഥാർത്ഥത്തിൽ ആരാണ്? എസ്റ്റേറ്റ് കാവൽക്കാരനായ പീയൂസിന്റെ ലക്ഷ്യം എന്തായിരുന്നു? ചോദ്യങ്ങൾ ബാക്കിയാക്കിയാണ് ചിത്രം പൂർത്തിയാകുന്നത്.
കൊന്നിട്ടാണെങ്കിലും കാവൽ നിൽക്കാൻ മാത്രം പരിശീലനം ലഭിച്ച നായ്ക്കളെ, യഥാർത്ഥത്തിൽ വർത്തമാനകാല മനുഷ്യജീവിതത്തിന്റെ വിജയാപചയങ്ങളിലേക്ക് വെളിച്ചം വീശുന്ന ആജ്ഞാനുവർത്തി -കളായിട്ടാണ് ചിത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്.
പാട്ടും ഡാൻസും തമാശകളും മസാലകളും നിറഞ്ഞ തട്ടുപൊളിപ്പൻ ചിത്രത്തിനായി കാത്തിരിക്കുന്നവർക്ക് ഈ സിനിമ ആസ്വാദ്യകരമായിരിക്കില്ല. പക്ഷെ ഗൗരവമുള്ള വിഷയത്തെ ആദ്യവസാനം സസ്പെൻസ് മൂഡിൽ ആസ്വാദ്യകരമായി കാണാനാഗ്രഹിക്കുന്ന ഏതൊരാൾക്കും ഇതൊരു ഒരു കിടിലൻ മൂവിയാണ്. വ്യക്തിപരമായ അഭിപ്രായത്തിൽ ഈയടുത്തുനാളിൽ കണ്ട ഏറ്റവും മനോഹരമായ ചിത്രവും ഇതുതന്നെയാണ്.
എക്കോയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ‘കിഷ്‌കിന്ധാകാണ്ഡം' സംവിധാനം ചെയ്ത ദിൻജിത്ത് അയ്യത്താനാണ്. രചനയും ഛായാഗ്രഹണവും ബാഹുൽ രമേശ്. 125 മിനിറ്റ് ദൈർഘ്യമുള്ള ഈ മലയാള ചലച്ചിത്രം അഞ്ചുകോടി രൂപ മുതൽമുടക്കിൽ 50 കോടിയോളം കളക്ഷൻ നേടിയത് പ്രദർശന വിജയത്തിന്റെ തെളിവും മികവുമാണ്. ഈ 2025 നവംബറിൽ റിലീസായ ചിത്രം ഡിസംബർ അവസാനത്തോടെ നെറ്റ്ഫ്ലിക്സിൽ ലഭ്യമായിട്ടുണ്ട്. ഒ.ടി.ടി തുറക്കുമ്പോൾ കാണാൻ മറക്കേണ്ട.
സാജൻ സി. എ.



Comments