top of page

ഇൻ്റർവ്യൂ: FAKE Vs REAL I KAIROS MALAYALAM I MAY 2026

  • digital974
  • May 20
  • 3 min read

എൻ്റെ ഒരു സ്ഥാപനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പുതിയ ഉദ്യോഗാർത്ഥികൾക്കായി ഇൻ്റർവ്യൂ നടന്നു. പല യുവജനങ്ങളെയും നേരിൽ കാണാനും, അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും കേൾക്കാനും എനിക്ക് അവസരം ലഭിച്ചു. ആ ദിവസങ്ങൾ എന്നെ വലിയ വിഷമത്തിലാക്കിയത് യോജിച്ച കഴിവുകളുള്ള യുവജനങ്ങൾ പോലും അനേകം കാര്യങ്ങൾ ആവശ്യമില്ലാതെ കുത്തിനിറച്ച അപേക്ഷകളുമായിട്ടായിരുന്നു വന്നത്.


പല കാൻഡിഡേറ്റുകളും അവരുടെ റെസ്യൂമെകൾ തയ്യാറാക്കിയിരുന്നത് സത്യത്തെ അലങ്കരിച്ച്, ചിലപ്പോൾ സത്യത്തെ മറച്ചുകൊണ്ടുമായിരുന്നു. ചിലരോട് ചെറിയ ചോദ്യങ്ങൾ ചോദിച്ചപ്പോൾ, അവരുടെ മറുപടികളിൽ നിന്ന് വ്യക്തമായി മനസ്സിലായി - അത് അവരുടെ ജീവിതാനുഭവമോ കഴിവുകളോ അല്ല, മറിച്ച് ഇൻ്റർവ്യൂവിന് വേണ്ടി മാത്രം തയ്യാറാക്കിയ ഒരു പേപ്പർ റെസ്യൂമെ വ്യക്തിത്വം മാത്രമാണെന്ന്. അവിടെ യഥാർത്ഥത്തിൽ കണ്ടത് കഴിവുകളുടെ നീണ്ട ലിസ്റ്റല്ല മറിച്ച്, സത്യസന്ധതയുടെ കുറവായിരുന്നു.


ഒരു യുവാവ് വലിയ ആത്മവിശ്വാസത്തോടെ സംസാരിച്ചു. അവൻ്റെ റെസ്യൂമെയിൽ നിരവധി കഴിവുകൾ. പക്ഷേ ഒരു ലളിതമായ ചോദ്യത്തിൽ അവൻ നിശ്ശബ്ദനായി. അവൻ ഒടുവിൽ പറഞ്ഞു: ‘Sir... I just added that to get selected.’ ആ നിമിഷം അവനെ ഞാൻ കുറ്റപ്പെടുത്തിയില്ല. പകരം, "സത്യം പറഞ്ഞാൽ താൻ തോറ്റുപോകുമോ?" എന്ന ഭയം അവനിൽ കണ്ടു.


FAKING: വിജയത്തിൻ്റെ വഴിയോ?


ഇന്ന് ലോകം നമ്മോട് പറയുന്നത്: ‘സ്മാർട്ട് ആകൂ’, ‘ഇംപ്രസ് ചെയ്യൂ’ എന്നെല്ലാമാണ്. പക്ഷേ ബൈബിൾ നമ്മോട് പറയുന്നു: "നിങ്ങളുടെ പഴയ ജീവിതരീതിയിൽ നിന്ന് രൂപംകൊണ്ട വഞ്ചനനിറഞ്ഞ ആസക്തികളാൽ കലുഷിതനായ പഴയ മനുഷ്യനെ ദൂരെയെറിയുവിൻ. വ്യാജം വെടിഞ്ഞ് എല്ലാവരും തങ്ങളുടെ അയൽക്കാരോട് സത്യം സംസാരിക്കണം." (എഫേസൂസ് 4:22-25)


നാം ചെയ്യുന്ന ചില കള്ളത്തരങ്ങൾ നമ്മെ മുന്നോട്ട് കൊണ്ടുപോകുന്ന പോലെ തോന്നും. പക്ഷേ അത് നമ്മുടെ അടിത്തറയെത്തന്നെ തകർക്കും. കള്ളം പറഞ്ഞ് ജോലി നേടാം. പക്ഷേ പിന്നെന്തെന്ന് ചിന്തിച്ചിട്ടുണ്ടോ? പേടി, സമ്മർദ്ദം, എപ്പോഴും എക്സ്പോസ്ഡ് ആകുമോ എന്ന ഭയം ഇതെല്ലാം നമ്മെ വേട്ടയാടിക്കൊണ്ടേയിരിക്കും. യേശു പറയുന്നു: ഒരുവൻ ലോകം മുഴുവൻ നേടിയാലും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അതുകൊണ്ട് അവന് എന്ത് പ്രയോജനം? (മർക്കോസ് 8:36)


സത്യം: ക്രിസ്തീയ ജീവിതത്തിൻ്റെ ഹൃദയം


യേശു നമ്മോട് വ്യക്തമായി പറയുന്നു: "വഴിയും സത്യവും ജീവനും ഞാനാണ്" (യോഹന്നാൻ 14:6). അതിനാൽ, സത്യം ഒരാശയം മാത്രമല്ല; അത് ക്രിസ്തുവിൻ്റെ സ്വഭാവമാണ്. സത്യത്തിൽ ജീവിക്കുന്നത് യഥാർത്ഥത്തിൽ, ക്രിസ്തുവിൽ ജീവിക്കുന്നതാണ്. വിശുദ്ധ അഗസ്റ്റിൻ ഓർമ്മിപ്പിക്കുന്നു: "കള്ളം പറയുന്നവൻ മറ്റൊരാളെ മാത്രമല്ല വഞ്ചിക്കുന്നത്; തന്നെത്തന്നെയാണ് വഞ്ചിക്കുന്നത്." അതുപോലെ, വിശുദ്ധ ജോൺ ബോസ്കോ യുവജനങ്ങളോട് പറയുന്നു: "നല്ല ക്രിസ്ത്യാനിയും നല്ല പൗരനുമാകുക, -സത്യസന്ധതയിൽ തുടങ്ങുക." വിശുദ്ധ ജോൺ പോൾ രണ്ടാമൻ നമ്മെ പ്രോത്സാഹിക്കുന്നു: "സത്യം എളുപ്പമല്ല, പക്ഷേ അത് നിങ്ങളെ സ്വതന്ത്രരാക്കും."

ഇതെല്ലാം ചേർന്ന് നമ്മെ ഒരു ലളിതമായ സത്യത്തിലേക്ക് നയിക്കുന്നു: സത്യത്തിൽ നിൽക്കുന്നത് എപ്പോഴും എളുപ്പമല്ല, പക്ഷേ അതാണ് ശരിയായ വഴി. അതുകൊണ്ടാണ് യേശു നമ്മോട് പഠിപ്പിക്കുന്നത്: "നിങ്ങളുടെ വാക്ക് അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളത് ദുഷ്ടനിൽനിന്ന് വരുന്നു" (മത്തായി 5:37). ഇത് വെറും ഒരു ഉപദേശം മാത്രമല്ല - ഒരു ജീവിതരീതിയാണ്, സത്യത്തിൽ ഉറച്ചു നിൽക്കുന്ന ഒരു ക്രിസ്തീയ ജീവിതം.


ഇൻ്റർവ്യൂ കഴിഞ്ഞ് ഒരു യുവതി എന്നെ സമീപിച്ച് ചോദിച്ചു.. "Sir... I didn't clear... but I told only what I truly know." അവളുടെ മുഖത്ത് നിരാശയുണ്ടായിരുന്നു. പക്ഷേ അവളുടെ കണ്ണുകളിൽ ഒരു സമാധാനമുണ്ടായിരുന്നു. ആ സമാധാനം ഒരു ജോലിയേക്കാൾ വിലയേറിയതാണ്. സത്യം പറയുന്നവർക്ക് ചിലപ്പോൾ അവസരം നഷ്ടപ്പെടാം. പക്ഷേ അത് അവസാനമല്ല. സത്യം വൈകിയാലും വിജയിക്കും. പക്ഷേ അത് ഒരിക്കലും തോറ്റുപോവില്ല. സത്യമെന്നത് വൈകി കൈവരുന്ന സുനിശ്ചിത വിജയം തന്നെയാണ്.


ചില പ്രായോഗിക നിർദ്ദേശങ്ങൾ


ഇൻ്റർവ്യൂവിൽ നമ്മൾ ചെയ്യേണ്ടത് വളരെ ലളിതമാണ്. അറിയാത്ത കാര്യങ്ങൾ മറയ്ക്കാൻ ശ്രമിക്കാതെ തുറന്നു പറയുക. എല്ലാം അറിയുന്നവനായി അഭിനയിക്കുന്നതിനുപകരം, പഠിക്കാൻ തയ്യാറാണെന്ന് ആത്മവിശ്വാസത്തോടെ പറയുക. ഒരു ഫേക്ക് ഇമേജ് ഉണ്ടാക്കി ഇംപ്രസ് ചെയ്യാൻ ശ്രമിക്കുന്നതിനേക്കാൾ, യഥാർത്ഥമായ സ്വഭാവത്തിൽ നിൽക്കുന്നതാണ് കൂടുതൽ വിലപ്പെട്ടത്. അതിനൊപ്പം, നമ്മൾ ചെയ്യുന്ന ശ്രമങ്ങൾ ദൈവത്തിന് സമർപ്പിച്ച്, അവനിൽ വിശ്വാസം വെച്ചാൽ, ശരിയായ അവസരം അവൻ തന്നെയാണ് നമുക്കായി ഒരുക്കുക. "ദൈവമേ, അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു; ഞാൻ ഒരിക്കലും ലജ്ജിതനാകാതിരിക്കട്ടെ! ശത്രുക്കൾ എൻ്റെമേൽ വിജയം ആഘോഷിക്കാതിരിക്കട്ടെ!" (സങ്കീർത്തനങ്ങൾ 25:2)


ജീവിതത്തിൽ പല ഇൻ്റർവ്യൂകളും വരും. പക്ഷേ ഏറ്റവും വലിയ ഇൻ്റർവ്യൂ നിൻ്റെ മനസ്സാക്ഷിയോടാണ് - അവിടെ കള്ളം പറയാൻ കഴിയില്ല. ചിലപ്പോൾ സത്യം പറഞ്ഞതിനാൽ ചില അവസരങ്ങൾ നമ്മൾ നഷ്ടപ്പെടുത്താം. അപ്പോൾ മനസ്സ് ചോദിക്കും: "ഞാൻ സത്യം പറഞ്ഞത് തെറ്റായോ?" പക്ഷേ വിശ്വാസം നമ്മോട് പറയുന്നത് വേറെയാണ് - സത്യം ഒരിക്കലും തോറ്റുപോവില്ല. അത് ചിലപ്പോൾ വൈകും, എന്നാൽ ദൈവത്തിൻ്റെ സമയത്തിൽ തന്നെ വിജയിക്കും. ബൈബിൾ ഉറപ്പുനൽകുന്നു: "കർത്താവിൽ ആശ്രയിക്കുന്നവർ നിരാശരാകുകയില്ല" (റോമ 10:11), കൂടാതെ "ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവർക്ക്, അവിടുന്ന് സകലതും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്ന് നമുക്കറിയാമല്ലോ" (റോമർ 8:28). അതുകൊണ്ട്, ഒരു അവസരം നഷ്ടപ്പെട്ടാലും അത് അവസാനമല്ല; ദൈവം നിനക്കായി പുതിയ വാതിലുകൾ തുറക്കാൻ സന്നദ്ധനാണ്.


"നിൻ്റെ പ്രവൃത്തികൾ ഞാനറിയുന്നു. ഇതാ, നിൻ്റെ മുൻപിൽ ആർക്കും പൂട്ടാൻ കഴിയാത്തവിധം തുറന്നുകിടക്കുന്ന ഒരു വാതിൽ ഞാൻ സ്ഥാപിച്ചിരിക്കുന്നു." (വെളിപാട് 3:8). നീ സത്യത്തിൽ ഉറച്ചു നിൽക്കുമ്പോൾ, ദൈവം നിനക്കായി ശരിയായതും മികച്ചതുമായ വഴികൾ ഒരുക്കും. അതിനാൽ, പ്രിയ യുവജനങ്ങളേ, ഒരു ഇൻ്റർവ്യൂവിൽ തോറ്റാലും സത്യം നഷ്ടപ്പെടുത്തരുത്. നിൻ്റെ സത്യസന്ധത ദൈവത്തിൻ്റെ കൈകളിൽ ഏൽപ്പിക്കൂ; അവൻ അതിനെ അനുഗ്രഹമായി തിരികെ നൽകും. നിൻ്റെ ഹൃദയം, നിൻ്റെ വാക്കുകളിലും പ്രവൃത്തികളിലും പ്രതിഫലിക്കട്ടെ. അങ്ങനെ നിന്നിലുള്ള ക്രിസ്തുവിനെ മറ്റുള്ളവർ തിരിച്ചറിയട്ടെ.

-ബിലാസ് ജോസഫ്

..................................................................................


 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page