ഇവിടെ എനിക്ക് സുഖം | KAIROS MALAYALAM | JUNE 2026
- Kairos Media

- May 31
- 2 min read

സര്‍വ്വതും ദാനമായി കിട്ടിയത്. എന്നിട്ടും അങ്ങനെയല്ലെന്നമട്ടില് ജീവിക്കുന്നതെന്ത്? നാം നാമായതിനു പിന്നില്‍ ആരൊക്കെയെന്ന് അറിഞ്ഞിട്ടുണ്ടോ? ഈ വായനയിലതറിയും, പിന്നെ നന്ദി മാത്രമേ ഉള്ളില്‍ നിറയൂ.
''ഒരാളെ ഓര്‍മ്മിക്കുവാന്‍ ഒരു പാട് വഴികളുണ്ടത്രെ, മറക്കുവാന്‍, മറക്കുക എന്നതല്ലാതെ മറ്റു വഴികളൊന്നുമില്ലത്രെ.'' (നീല്‍ ക്ലീറ്റസ്)
ഒരു പാവം പിടിച്ച പെണ്‍കുട്ടി നഴ്സിങ് പഠനം കഴിഞ്ഞ് നല്ല തണുപ്പൊക്കെയുള്ള ഒരു യൂറോപ്യന്‍ രാജ്യത്ത് ഒരു വിധത്തില്‍ എത്തിപ്പെടുന്നു. മഞ്ഞുകാലത്തെ അഭിമുഖീകരിക്കുവാനായി വിന്റര്‍ ഉടുപ്പ് വാങ്ങാന്‍ ആരോ ഇത്തിരി പണം ഏല്പിച്ചു. നാട്ടിലെ കണക്ക് വെച്ച് സാമാന്യം ഭേദപ്പെട്ട ഒരു തുകയാണ്. വീട്ടില്‍ താഴെയുള്ളതുങ്ങളുടെ ഞെരുക്കങ്ങളറിയാവുന്ന അവള്, കട്ടപ്പനയില്‍ നിന്നായതുകൊണ്ടാവണം, കുറച്ച് തണുപ്പൊക്കെ പിടിച്ച് നില്ക്കാനാവും എന്ന ധൈര്യത്തില്‍ ആ പണം നാട്ടിലേക്ക് അയച്ചുകൊടുക്കുന്നു.
ശരിക്കുമുള്ള തണുപ്പ് വരാനിരിക്കുന്നതേയുള്ളു. ആ കൊടിയ തണുപ്പില്‍ റൂംഹീറ്റര്‍ ഇല്ലാത്ത മുറിയില്‍ ഇരുന്ന് കത്തെഴുതുന്ന അവളുടെ ആദ്യ വരിയില്‍ അവള് എഴുതുന്നു. 'ഇവിടെ എനിക്ക് സുഖം തന്നെ.'
വീട്ടിലെ സാമ്പത്തികസ്ഥിതി അത്രയൊന്നും നല്ലതല്ലാത്ത പഴയ കാലത്ത് ഒരമ്മ, കഞ്ഞി എല്ലാവരുടെ പാത്രത്തിലും പങ്കിട്ടിട്ട് എന്നും ബാക്കി വരുന്ന കഞ്ഞി വെള്ളം, അപൂര്‍വ്വമായി ബാക്കി വരുന്ന വറ്റോടെ മോന്തുമായിരുന്നു. ഇളയ മകനാണ് ചോദിച്ചത് 'ഇതെന്താ ഇങ്ങനെ'. ആരെയും ഉപദ്രവിക്കാത്ത ഒരു നിര്‍ദ്ദോഷ നുണയായിരുന്നു മറുപടി, 'മോനേ, അമ്മയ്ക്ക് ചോറിന്റെ വറ്റ് കഴിച്ചാല്‍ വയറിന് വേദന വരും അതാ.' പിന്നെ വീട്ടിലെന്നെങ്കിലും വാങ്ങുന്ന വില കുറഞ്ഞ മീനിന്റെ മുള്ള് മാത്രം കഴിക്കുമ്പോഴും അമ്മ ഇതു പോലെയെന്തൊക്കെയോ പറഞ്ഞ് കൊണ്ട് മക്കള്‍ക്കായി നല്ല ഭാഗം പകുത്തു കൊടുത്തു. കാലം ഇളയ മകനെ വലിയൊരു വൈദികനാക്കി. അമ്മ അപ്പോഴേക്കും യാത്രയായിരുന്നു. അച്ചന് എവിടെയോ കുറിച്ചു, 'അമ്മ ഉണ്ണാത്ത ചോറാണ് ഞാന്‍'.
ദൈവപരിപാലനയുടെ സാക്ഷ്യമായ ഒരു സന്യാസസമൂഹത്തിന്റെ ആദ്യ നാളുകള്‍. അവിടെ ആര്‍ക്കും വേണ്ടാത്ത മാനസിക, ശാരീരിക വൈകല്യം വന്ന കുട്ടികള്‍, സ്ത്രീകള്‍ ഇവരെയൊക്കെ പൊന്നുപോലെ പരിചരിക്കുകയാണ് ആ അമ്മമാര്‍. വേണ്ടത്ര കട്ടിലൊന്നുമില്ലാത്ത കാലമാണ്. 'മക്കള്‍ക്ക്' കട്ടിലും കിടക്കയും നല്കി പ്രായമായ മദര്‍ ഉള്‍പ്പെടെ സിസ്റ്റേഴ്സ് താഴെ നിലത്ത് കിടന്നായിരുന്നു ഉറങ്ങിയിരുന്നത്.
ബൈബിളില്‍ ഇടയ്ക്കൊക്കെ കാണുന്ന ഒരു പ്രത്യേക പദമാണ് 'കൃതഘ്നത' (2 തിമോത്തി 3:2). ഈ വാക്കിന്റെ അര്‍ത്ഥം മനസ്സിലാക്കാനുള്ള എളുപ്പമാര്‍ഗ്ഗം കൃതജ്ഞതയുടെ വിപരീതപദം എന്ന് മനസ്സിലാക്കുക
എന്നതാണ്. നിര്‍ഭാഗ്യവശാല്‍ 'കൃതഘ്നത' നമ്മുടെ ഈ കാലഘട്ടത്തിന്റെ ഒരു പര്യായപദമായി തന്നെ മാറിയെന്നതാണ്
.
അപ്പനോ, അമ്മയോ, ചേച്ചിയോ, ചേട്ടനോ ഒക്കെ അന്യ ദേശത്ത് തണുത്ത് വിറച്ചിട്ടാണ് തന്റെ തണുപ്പകറ്റുന്നതെന്നും, തന്നെ പഠിപ്പിക്കുന്നതെന്നും ഓര്‍മ്മിക്കാതെ അവരെ മറന്നും, വേദനിപ്പിച്ചും ലഹരിയിലും, ഐ-ഫോണിലും 'ഇന്‍സ്റ്റാ' പ്രണയത്തിലും സ്വയം മറന്ന് ജീവിതം കൊണ്ടാടുന്ന യുവത്വം ഓര്‍മ്മിപ്പിക്കുന്നത് ഈ പദം തന്നെയല്ലേ? കൃതഘ്നന്റെ പ്രത്യാശ ശീതകാലത്തെ മൂടല്‍മഞ്ഞുപോലെ ഉരുകും; ഉപയോഗശൂന്യമായ ജലം പോലെ ഒഴുകിപ്പോകും (ജ്ഞാനം 16:29). ഈ വചനമൊക്കെ മനസിലായിരുന്നെങ്കില്‍ നമ്മുടെ കാലം ഇത്രമാത്രം ഹോപ്പ്ലെസ് ആകുമായിരുന്നില്ല. ആരൊക്കെയോ ഉണ്ണാത്ത ചോറും, അവരുടെ കണ്ണുനീരും ത്യാഗവുമാണ് ഇവിടം വരെയെത്തിച്ചതെന്ന് മറന്നു തുടങ്ങുന്നിടത്താണ് അഹങ്കാരത്തിന്റെ ഉത്തുംഗശൃംഗത്തില്‍ നിന്ന് അഗാധതയിലേക്കുള്ള പതനത്തിന്റെ തുടക്കം.
നിനക്ക് എന്തു പ്രത്യേക മാഹാത്മ്യമാണുള്ളത്? ദാനമായി ലഭിച്ചതല്ലാതെ നിനക്ക് എന്തുണ്ട്? എല്ലാം ദാനമായിരിക്കേ, ദാനമല്ല എന്ന മട്ടില്‍ എന്തിനു നീ അഹങ്കരിക്കുന്നു? (1 കോറിന്തോസ് 4:7) വിശുദ്ധ പൗലോസിന്റെ ഈ ഓര്‍മ്മപ്പെടുത്തല്‍ നമ്മോടു തന്നെ. കുറച്ചു നാള് മുന്‍പ് കുമ്പസാരിക്കാന്‍ പോയതാണ്, റിട്ടയര്‍ ചെയ്ത വൈദികരുടെ മന്ദിരത്തില്‍. പഴയ കാലത്തെ കുമ്പസാരക്കാരനും, ധ്യാനഗുരുവുമൊക്കെയായ വൈദികനെ അവിടെ കണ്ടെത്തി, കുറച്ചു സമയം ചിലവഴിച്ചു. എന്തെങ്കിലും സഹായം വേണോ എന്ന ചോദ്യത്തിന് 'ബുദ്ധിമുട്ടില്ലെങ്കില്‍ കാല് ഒന്ന് തടവി തരാമോ' എന്നായിരുന്നു മറുപടി. കുറേ ഓടിനടന്ന വൈദികനാണ്.
ഏതൊക്കെയോ ഗോതമ്പുമണികള്‍ നിലത്ത് വീണഴിഞ്ഞിട്ടാണ് നമ്മുടെയൊക്കെ ജീവിതം ഇങ്ങനെ കതിരണിഞ്ഞു നില്‍ക്കുന്നത്. നമുക്ക് സുഖമുള്ള ഓര്‍മ്മകളും, ഭേദപ്പെട്ട ജീവിതവുമൊക്കെ തരാനായി ആരൊക്കെയോ മുറിഞ്ഞ് ഇല്ലാതായിട്ടുണ്ട് എന്ന തിരിച്ചറിവാണ് ജീവിതത്തെ വിമലീകരിക്കുന്നതും, നിര്‍മ്മമതയോടെ സമീപിക്കാന്‍ പ്രേരിപ്പിക്കുന്നതും. നമ്മളെ ആത്മീയമായി വളര്‍ത്താന്‍ ഇന്നലെകളില്‍ തൊണ്ടപൊട്ടി പാട്ടു പാടിയവരും, വചനം പങ്കിട്ടവരും, തളര്‍ന്ന മനസുമായി കയറി ചെന്നപ്പോള്‍ വാച്ചു നോക്കാതെ കൂടെയിരുന്ന് സാന്ത്വനിപ്പിച്ചവരുമൊക്കെ ഇന്ന് എവിടെയുണ്ടാകും.
ഇനി ഈ ജൂണ്‍ മാസത്തില്‍ വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ രണ്ടറ്റം മുട്ടിക്കാന്‍ പാടുപെടുന്ന ശുശ്രൂഷകരുടെ കുടുംബങ്ങളും, വേദിയില്‍ നിര്‍ത്തി കൈയടിച്ച് നാം പ്രോത്സാഹിപ്പിച്ചു വിട്ട 'വലിയ കുടുംബ'ങ്ങള്‍ക്കുമൊക്കെ ശരിക്കും 'സുഖമാണോ?' സഹോദരരേ, നിങ്ങളുടെയിടയില്‍ അദ്ധ്വാനിക്കുകയും കര്‍ത്താവില്‍ നിങ്ങളെ നയിക്കുകയും അനുശാസിക്കുകയും ചെയ്യുന്നവരെ അവരുടെ അദ്ധ്വാനം പരിഗണിച്ച് അത്യധികം സ്നേഹത്തോടെ ബഹുമാനിക്കണമെന്നു ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു; 1 തെസ്സലോനിക്കാ 5:12-13..
ശശി ഇമ്മാനുവേല്‍



Comments