ആദ്യരാത്രി. അമ്മായിയമ്മ. ആശങ്കകൾ..! I കവര്‍സ്റ്റോറി I സാജന്‍ സി എ I KAIROS MALAYALAM I JULY 2026
- smithajose4
- Jul 1
- 2 min read
വൈവാഹിക ജീവിതത്തെ കുറിച്ചുള്ള ആശങ്കകളും സംശയങ്ങളും ചോദ്യങ്ങളും നിറഞ്ഞ ചർച്ചകളുടെ സാരാംശം..

തലക്കെട്ട് കണ്ട് തലപുകയേണ്ട! ഈ കുറിപ്പില്‍ നിന്നും പെറുക്കിയുടുത്ത
ചില വാക്കുകള്‍ മാത്രമാണത്. വായിച്ചോളൂ.
ഇക്കഴിഞ്ഞയിടെ ജീസസ് യൂത്ത് ഒരുക്കിയ, വിവാഹത്തിനുവേണ്ടി ഒരുങ്ങുന്ന ചെറുപ്പക്കാര്‍ക്കായുള്ള ഒരു പരിപാടിയില്‍ ഒരു ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ടായി. യുവതീയുവാക്കളുടെയൊപ്പം ഇരുന്നപ്പോള്‍ കേട്ട നിരവധിയായ ചോദ്യങ്ങളും സംശയങ്ങളും ജിജ്ഞാസകളുമൊക്കെയാണ് ഇത്തരമൊരു ചെറുകുറിപ്പിന് കാരണം. അവിടെ ഉയര്‍ന്നുവന്ന ചോദ്യങ്ങളും സംശ
യങ്ങളും ആശങ്കകളും മാത്രമാണിവിടെ കുറിച്ചിടുന്നത്. ചര്‍ച്ചകളുടെ പൂര്‍ണരൂപവും പലരുടെ പങ്കുവയ്ക്കലുകളും പരിസമാപ്തിയുമൊക്കെ പിന്നീട് പ്രതിപാദിക്കുകയാവും നല്ലത്.
ഓരോരുത്തരുടെയും ദൈവവിളി എന്തെന്ന് നിശ്ചയമായും അറിയേണ്ടതുണ്ട്. അതിനു നമ്മെ സഹായിക്കുന്നതും ദൈവം തന്നെയാണ്.
ദൈവസന്നിധിയിലിരുന്ന് ആലോചന നടത്തുക, പ്രാര്‍ഥിക്കുക, വിവേകപൂര്‍ണമായ ചര്‍ച്ചകള്‍ ഉണ്ടാവുക എന്നതൊക്കെ ഇതിനു സഹായകരമാണ്.
നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ പ്ലാനുകള്‍ അറിയുകയെന്നതാണ് പ്രധാനം. അടിസ്ഥാന വിദ്യാഭ്യാസത്തിനുശേഷം എന്തു പഠിക്കണം എന്താകണം എന്നതിനെക്കുറിച്ചും പിന്നീട്, വിവാഹ ജീവിതത്തിലേക്കാണ് വിളിയെങ്കില്‍ എങ്ങനെ സന്തോഷകരമായ ഒരു ദാമ്പത്യ ജീവിതം നയിക്കാമെന്നും നാം അറിയണം. ചുരുക്കത്തില്‍ ദൈവത്തിന്റെ ഹിതമെന്തെന്ന് പ്രാര്‍ഥനാപൂര്‍വം അറിയുക, എന്റെ ഇഷ്ടാനിഷ്ടങ്ങള്‍ ദൈവഹിതത്തോടുചേര്‍ത്ത് വയ്ക്കുക; ഇതാണ് നമുക്ക് കരണീയമായിട്ടുള്ളത്. ആത്മീയ കാര്യങ്ങളിലുള്ള താത്പര്യവും ശ്രദ്ധയും ഇതിനു നമ്മെ സഹായിക്കും.
വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത്? അല്ലെങ്കില്‍തന്നെ എല്ലാ കാര്യങ്ങളും മനസ്സിലാക്കിയതിനു ശേഷം വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ ആര്‍ക്കാണാവുക? ഭയത്തോടെയാണോ അതോ ഏറെക്കുറെ ധാരണയോടുകൂടിയാണോ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. ദാമ്പത്യ ജീവിതത്തെക്കുറിച്ചും ശാരീരിക, ലൈംഗിക ജീവിതത്തെക്കുറിച്ചും അടിസ്ഥാനപരമായ കാര്യങ്ങളെങ്കിലും അറിവുണ്ടായിരിക്കേണ്ടേ?
മുന്‍പ് പറഞ്ഞ പരിപാടിയില്‍ പങ്കെടുത്ത യുവതീയുവാക്കള്‍, സ്ത്രീകളും പുരുഷന്മാരും പ്രത്യേകം പ്രത്യേകം ഗ്രൂപ്പുകളിലായി ചര്‍ച്ചകള്‍ നടന്നത് ഏറെ ഉപകാരമായിരുന്നെന്ന് തോന്നി. വലിയ ആഴമായ ചിന്തകളിലേക്കും ചര്‍ച്ചകളിലേക്കും പോയില്ലായെങ്കിലും ഏറെക്കുറെ എല്ലാവരുംതന്നെ ആശങ്കകളോടെയാണ് വിവാഹ ജീവിതത്തെ കണ്ടിരുന്നതെന്നു മനസ്സിലായി. ഡോക്ടേഴ്‌സും സൈക്കോളജിസ്റ്റുകളും ഉള്‍പ്പെടെയുള്ള മുതിര്‍ന്നവരുടെ കൂടെയുള്ള അവരുടെ ചര്‍ച്ചകളില്‍ ജീവിതപങ്കാളി ഏതാണെന്ന് ഉറപ്പിക്കുന്ന കാര്യത്തിലും ആദ്യരാത്രിയെ ക്കുറിച്ചും സംശയങ്ങളുണ്ടായിരുന്നു. സ്ത്രീകളുടെ ആര്‍ത്തവ സമയവുമായി ബന്ധപ്പെട്ട മൂഡ് ചെയ്ഞ്ചിങ്ങിനെക്കുറിച്ചുള്ള കാര്യങ്ങളും ലൈംഗിക കാര്യങ്ങളോടുള്ള പുരുഷന്മാരുടെ താത്പര്യവും സമീപന രീതികളും പ്രത്യേകതകളുമൊക്കെ ചര്‍ച്ചയില്‍ വന്നു. കുട്ടികള്‍ എപ്പോള്‍ വേണമെന്നും എത്ര വേണമെന്നും അക്കാര്യത്തിലുള്ള നിയന്ത്രണങ്ങളും ചര്‍ച്ചയായി. കാഴ്ചയില്‍ തുടങ്ങുന്ന പുരുഷന്മാരുടെ ലൈംഗിക ആകര്‍ഷണം, ഗര്‍ഭധാരണ കാലത്തെ ശാരീരിക ലൈംഗിക ബന്ധങ്ങള്‍, കുടുംബജീവിതത്തിലെ സാമ്പത്തിക ക്രമീകരണങ്ങള്‍, ഇഷ്ടാനിഷ്ടങ്ങളുടെ തിരിച്ചറിയലുകള്‍ എന്നിങ്ങനെ നിരവധി കാര്യങ്ങളായിരുന്നു പുരുഷന്മാരുടെ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞത്.
അമ്മായിയമ്മ എങ്ങനെയായിരിക്കുമെന്ന ആശങ്കയായിരുന്നു സ്ത്രീകള്‍ പൊതുവേ പങ്കുവച്ച ഒരു കാര്യം. പ്രാര്‍ഥിച്ചും ആലോചിച്ചുമൊക്കെ തീരുമാനിച്ച് നടക്കുന്ന വിവാഹത്തില്‍, ഉദ്ദേശിച്ചപോലെ കാര്യങ്ങള്‍ നടന്നില്ലായെങ്കില്‍ പിന്നീടെങ്ങനെയാണ് മുന്നോട്ടുപോകാനാവുക, വിവാഹബന്ധം വേര്‍പെടുത്താനാവുമോ? കുഞ്ഞുങ്ങള്‍ ജനിക്കുന്ന
കാര്യത്തില്‍ പരസ്പര ധാരണയ്ക്ക് ഇടമുണ്ടാകുമോ? പ്രസവത്തിനുശേഷം ചിലരെങ്കിലും ഡിപ്രഷനിലേക്ക് പോകുന്നത് പലരും ഭയത്തോടും ആശങ്കയോടും കൂടെ ചര്‍ച്ചയിലേക്ക് കൊണ്ടുവന്നു. ശാരീരിക, ലൈംഗീക കാര്യങ്ങളെക്കുറിച്ചൊക്കെ പലരും, ചര്‍ച്ചയ്ക്ക് സഹായിക്കാന്‍ വന്നിരുന്നവരോട് പിന്നീട് വ്യക്തിപരമായി ചോദിച്ചറിയുകയുമുണ്ടായി.
ഈ ചര്‍ച്ചകള്‍ കാണുമ്പോഴും കേള്‍ക്കുമ്പോഴുമൊക്കെ മനസ്സിലാകുന്നത്, ഇക്കണ്ട സംശയങ്ങളും ആശങ്കകളുമെല്ലാം നമ്മുടെ സര്‍വ വജനങ്ങള്‍ക്കും ഉള്ളതുതന്നെയാണെന്നാണ്. ഇതൊന്നുമറിയാതെയാണ് മിക്കവാറും ആളുകള്‍ വിവാഹത്തിലേക്ക് പ്രവേശിക്കുന്നത്. ചെറിയൊരു ശതമാനം ആളുകള്‍ക്കു മാത്രമാണ് ഇത്തരം കാര്യങ്ങള്‍ കേള്‍ക്കാനും അറിയാനും ഇടയാകുന്നത്. ആ സാഹചര്യം മാറേണ്ടതുണ്ട്. ജാതിമത സാമൂഹിക അതിര്‍വരമ്പുകളില്ലാതെ യുവജനങ്ങള്‍ക്കിടയില്‍ ഇത്തരം കാര്യങ്ങള്‍ തുറന്ന ചര്‍ച്ചയ്ക്ക് വിഷയമാകണം. കുടുംബമെന്ന ദൈവത്തിന്റെ സ്വപ്നം നമ്മുടെയിടയില്‍ സാക്ഷാത്ക്കരിക്കപ്പെടണം. അങ്ങനെ ലോകത്തിന്റെ തന്നെ നിലനില്‍പ്പിന് അടിസ്ഥാനശിലയായ, മാതാപിതാക്കളും മക്കളുമടങ്ങുന്ന കുടുംബങ്ങള്‍ ഈ ഭൂമിയില്‍ നാമ്പെടുത്ത് വളരണം, ഫലസമൃദ്ധമായി പൂത്തുലയണം.
ലേഖകന്‍ കെയ്‌റോസ് മാസികയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററാണ്; എറണാകുളത്ത് താമസിക്കുന്നു.



Comments