അവനിലാണ് എല്ലാം | KAIROS MALAYALAM | APRIL 2026
- Kairos Media

- May 29
- 2 min read

കുറ്റപ്പെടുത്താതെ നമ്മെ സ്വീകരിക്കുന്ന ക്രിസ്തുവിനെ ഉള്ളാലറിയണം. ഒരു റീടേക്കിനുള്ള സാധ്യത എപ്പോഴും അവൻ്റെ മുന്നിൽ നമുക്കുണ്ട്.
ഔദ്യോഗിക ആവശ്യത്തിനായി ജെബൽ അലി ഫ്രീസോണിൽ പോയപ്പോൾ, അവിടെ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ നാമത്തിൽ സ്ഥാപിതമായ ദേവാലയം സന്ദർശിച്ചു. ആ ദേവാലയത്തിലെ നിത്യാരാധനാ ചാപ്പലിൽ കുറച്ചു നേരം മൗനമായി പ്രാർത്ഥനയിൽ മുഴുകി.
"ദാവീദിൻ്റെ പുത്രനായ യേശുവേ, എന്നിൽ കനിയണമേ" എന്നു വഴിയരികിൽ കരഞ്ഞു വിളിച്ച അന്ധനായ ബർത്തീമേയൂസിൻ്റെ നിലവിളി കേട്ട് അവൻ്റെ ചാരെ അണഞ്ഞവൻ! ജനസഞ്ചയത്തിൻ്റെ നടുവിൽ വിശ്വാസത്തോടെ തൻ്റെ വസ്ത്രത്തിൻ്റെ അറ്റം സ്പർശിച്ച സ്ത്രീയ്ക്ക് സൗഖ്യം നൽകിയവൻ! മകൻ്റെ ശവമഞ്ചത്തിൻ്റെ അരികിൽ ഹൃദയം തകർന്നു കരഞ്ഞ അമ്മയുടെ കണ്ണീർ തുടച്ച് മകനെ വീണ്ടും ജീവിപ്പിച്ചവൻ! ആ കരുണാമയനായ ഈശോയുടെ സന്നിധിയിലാണ് ഞാനും ഇപ്പോൾ ശാന്തമായി ഇരിക്കുന്നത്.
ഈശോയുടെ തിരുസാന്നിധ്യത്തിൽ മനസ്സ് നിശബ്ദമാകുന്നു. ആഴമുള്ള ഒരു സമാധാനം ഹൃദയത്തിൽ നിറയുന്നു. ആ ദൈവിക സന്നിധിയിൽ ലയിച്ചിരിക്കുമ്പോൾ ആ തിരുമുഖത്തു നിന്നും ഒഴുകുന്ന കരുണയും സ്നേഹവും ശാന്തമായ മഴപോലെ മനസ്സിലേക്ക് പെയ്തിറങ്ങുന്നു.
അവൻ ഒരിക്കലും എന്നോട് ചോദിച്ചില്ല - "എന്തേ നീ ഇതുവരെ വന്നില്ല?" ഒരിക്കലും എന്നോട് പരിഭവിച്ചില്ല; കുറ്റപ്പെടുത്തിയില്ല. മുൻവിധികളുടെ മൂർച്ച എനിക്കെതിരെ ഉയർത്തിയിട്ടുമില്ല. വീഴ്ചകളിൽ പോലും അവൻ കൈവിട്ടില്ല. സക്രാരിയുടെ മുൻപിൽ ഇരിക്കുമ്പോൾ, കടന്നുപോയ വഴികൾ എപ്പിസോഡുകൾപോലെ കടന്നു വരുന്നു. "ഞാനാണ് നിൻ്റെ വലതുകരം പിടിച്ചിരിക്കുന്ന ദൈവം! നിന്നെ വഴി നടത്തുന്നതും ഞാനാണ്. നിനക്കായി സക്രാരിയിൽ കാത്തിരിക്കുന്നതും ഞാനാണ്." ഹോറെബിൻ്റെ നെറുകയിൽ മോശയെ കാത്തിരുന്നതുപോലെ, നീ എന്നെ തേടി വരുമെന്ന ഈ നിമിഷത്തിനായി ഞാൻ ഇവിടെ നിന്നെ കാത്തിരിക്കുകയായിരുന്നു. നിൻ്റെ തിരക്കുകളുടെ ഇടയിലും നീ എന്നെ മറന്നില്ലല്ലോ? എൻ്റെ കണ്ണുകളിലേക്ക് നീ നോക്കിയിരുന്നപ്പോൾ, നിൻ്റെ കണ്ണുകൾ നനയുന്നത് ഞാനും കണ്ടു. എന്നെ അനുഗമിക്കുവാൻ ആഗ്രഹിച്ചവർ പലരും ജീവിതത്തിൻ്റെ തിരക്കുകളിൽ എന്നെ മറന്ന് കാലിടറി വീഴുമ്പോൾ, നീ എന്നെ തേടി വന്നല്ലോ. നിനക്കായി എൻ്റെ ഹൃദയം ഇതാ തുറന്നിടുന്നു.
"ഞാൻ ഹൃദയം കീറി കുർബാനയായത് നിൻ്റെ ഹൃദയത്തിൽ സ്നേഹമായി വസിക്കാനായിരുന്നു." ഞാൻ നിങ്ങളെ പഠിപ്പിച്ച സ്നേഹത്തിൻ്റെ പാരമ്പര്യത്തേക്കാൾ, മഹത്തായ എന്തു പാരമ്പര്യമാണ് നിങ്ങൾക്ക് ഉള്ളത്? ആൾക്കൂട്ടങ്ങളുടെ നടുവിൽ ഇന്നും ആ അന്ധൻ്റെ പഴയ നിലവിളി ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്നു: "ദാവീദിൻ്റെ പുത്രാ, എന്നിൽ കനിയണമേ!" എൻ്റെ അനുയായികൾ എന്ന് വിളിക്കുന്നവരുടെ, തർക്കങ്ങളും വാഗ്വാദങ്ങളും പോരാട്ടവിളികളും രക്തരൂക്ഷിത അതിക്രമങ്ങളും എൻ്റെ ഹൃദയം എത്രയധികം വേദനിപ്പിക്കുന്നു! നീ എന്നെ തേടി വരൂ.. ആചാരങ്ങളുടെ ഭാരമില്ലാതെ, അഹങ്കാരങ്ങളുടെ മതിലുകളില്ലാതെ, ഒരു കുഞ്ഞിൻ്റെ നൈർമല്യമുള്ള ഹൃദയത്തോടെ!
ഞാൻ ഈശോയോടു പറഞ്ഞു: "ഈശോ, നീ കരയുന്നുവോ? നിൻ്റെ കണ്ണുനീർ കാണാൻ എനിക്കാവില്ല, നാഥാ." നിനക്കായി ഞാൻ പോകാം. നീ ആഗ്രഹിക്കുന്ന ഇടങ്ങളിലെല്ലാം നിനക്കായി ഞാൻ സാക്ഷ്യം വഹിക്കാം. ഗതാഗത തിരക്കിൻ്റെ മറ്റൊരു ലോകത്തേക്ക് ഞാനും ഈശോയെ വിളിച്ചുകൊണ്ട് ഒരു പുതു ചൈതന്യത്തോടെ മടങ്ങി. കുറ്റപ്പെടുത്താതെ നമ്മെ സ്വീകരിക്കുന്ന ക്രിസ്തുവിനെ ഉള്ളാലറിയണം. ഒരു റീടേക്കിനുള്ള സാധ്യത എപ്പോഴും അവൻ്റെ മുന്നിൽ നമുക്കുണ്ട്. കാരണം, സ്നേഹവും കരുണയും ക്ഷമയും വേണ്ടുവോളം അവൻ നമ്മിലേക്ക് ഒഴുക്കിക്കൊണ്ടേയിരിക്കുന്നു. മനസ്സേ ആശങ്ക വേണ്ട...അവനിലേക്ക് വരൂ. അവനിലേക്ക് മാത്രം... സ്വസ്ഥതയും സമാധാനവും അവനിലാണ്. അവനിലാണെല്ലാം.
ജിബി ജോർജ്, ഷാർജ



Comments