അമ്മയോടല്ലാതെ ആരോടു പറയും? | ജിബി ജോർജ്, ഷാർജ | KAIROS MALAYALAM | AUGUST 2026
- smithask2009
- Aug 1
- 2 min read
Updated: 2 days ago

കഴിഞ്ഞ ആഴ്ച വിശ്വാസപരിശീലന ക്ലാസിൽ കുട്ടികളോട് ദേവാലയത്തിന്റെ മഹത്വത്തെക്കുറിച്ചും അവിടെ പ്രവേശിക്കുമ്പോൾ നമ്മുടെ മനോഭാവം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചും സൂചിപ്പിച്ചു. ദേവാലയത്തിലെ അതിവിശുദ്ധ സ്ഥലമായ മദ്ബഹായെ ആദരപൂർവ്വം തലകുനിച്ച് വണങ്ങുന്നതിന്റെ അർത്ഥവും പ്രാധാന്യവും അവരോട് പങ്കുവെച്ചു. വിശുദ്ധ കുർബാനയിൽ പങ്കെടുക്കുമ്പോൾ അലസമായി നിൽക്കാതെ, ഹൃദയപൂർവ്വം ശബ്ദമുയർത്തി പ്രാർത്ഥിക്കണമെന്നും ഓർമ്മിപ്പിച്ചു. ഒരുമിച്ച് ആലപിക്കാനായി ചില ഗാനങ്ങളുടെ പരിശീലനവും നൽകി.
കുട്ടികൾ നിഷ്കളങ്കരാണ്. സ്നേഹത്തോടെ പറയുന്നതെല്ലാം അവർ ശ്രദ്ധയോടെ കേൾക്കും. അടുത്ത വെള്ളിയാഴ്ച എത്തുമ്പോൾ ചിലർ മറന്നുപോയേക്കാം. പക്ഷേ, ഒരു കാര്യത്തിന്റെ പ്രാധാന്യം ഹൃദയത്തിൽ പതിഞ്ഞാൽ അവർ അതിനെ പക്വതയോടെ സ്വീകരിക്കുമെന്ന വിശ്വാസം എനിക്കുണ്ട്.
അതേസമയം, ദേവാലയത്തിനുള്ളിൽ മുതിർന്നവർ പ്രകടിപ്പിക്കുന്ന ചില പെരുമാറ്റങ്ങൾ പലപ്പോഴും എന്നെ ചിന്തിപ്പിക്കാറുണ്ട്. ചിലർ ബെഞ്ചിന്റെ അറ്റത്ത് അങ്ങനെ ഇരിക്കും; മറ്റൊരാൾക്ക് ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചാൽ അസ്വസ്ഥത നിറഞ്ഞ ഒരു നോട്ടം സമ്മാനിക്കും. ചിലർ എവിടെയിരുന്നാലും പുരോഹിതനിൽ നിന്ന് മാത്രമേ വിശുദ്ധ കുർബാന സ്വീകരിക്കൂ എന്ന ഉറച്ച നിലപാടോടെ മറ്റുള്ളവരെ വകഞ്ഞു മാറ്റി മുന്നേറുന്നത് കാണാം. ചിലർ ദേവാലയത്തിനുള്ളിലും നിരന്തര സംഭാഷണങ്ങളിൽ മുഴുകുന്നു. ഇതെല്ലാം കണ്ടുകൊണ്ടാണ് നമ്മുടെ കുട്ടികൾ വളരുന്നത്. എന്നിട്ടും അവർ പലപ്പോഴും നമ്മേക്കാൾ ഭക്തിയോടെയും ശാന്തതയോടെയും പെരുമാറുമ്പോൾ, അവരെക്കുറിച്ച് അഭിമാനിക്കാതിരിക്കാൻ കഴിയില്ല.
"സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാർത്ഥന പോലും വ്യക്തമായി ചൊല്ലാൻ അറിയാത്ത ചില കുട്ടികളെ ഞാൻ കണ്ടിട്ടുണ്ട്. അതിലും വേദനിപ്പിക്കുന്നത്, അത് ശ്രദ്ധിക്കാതെയും തിരുത്താൻ ശ്രമിക്കാതെയും പോകുന്ന ചില മാതാപിതാക്കളെയാണ്. കുട്ടികളുടെ ജീവിതത്തിന്റെ അടിത്തറ മാതാപിതാക്കളുടെ കൈകളിലാണ് നിർമ്മിക്കപ്പെടുന്നത്. ആ അടിത്തറ ഉറപ്പുള്ളതാക്കേണ്ട ഉത്തരവാദിത്വവും മാതാപിതാക്കളായ നമ്മിൽ മാത്രം നിക്ഷിപ്തമാണ്.
കഴിഞ്ഞ ഞായറാഴ്ച ദേവാലയത്തിൽ ഒരു യുവ മാതാവ് തന്റെ മൊബൈൽ ഫോൺ കുട്ടിയുടെ കൈകളിൽ ഏൽപ്പിക്കുന്നത് ഞാൻ കണ്ടു. അപ്പനും അമ്മയും ഭക്തിപൂർവ്വം കുർബാനയിൽ പങ്കെടുക്കുമ്പോൾ, കുട്ടി ശാന്തമായി സ്ക്രീനിൽ മുഴുകിയിരുന്നു. ആ കാഴ്ച ഒരു ചോദ്യമായി മനസ്സിൽ അവശേഷിച്ചു - കുട്ടികളെ നാം നിശ്ശബ്ദരാക്കി ഗാഡ്ജറ്റിന് അടിമകളാക്കുകയാണോ? അതോ വളർത്തുകയാണോ?
അടുത്ത കാലത്ത് ഒരു ബഹുമാന്യ വൈദികന്റെ പ്രസംഗം ശ്രവിക്കുവാൻ അവസരം ലഭിച്ചു. കുട്ടികളെ സ്നേഹിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിക്കുമ്പോൾ പറഞ്ഞ ഒരു വാക്ക് മനസ്സിൽ ആഴമായി പതിഞ്ഞു - ഇന്നത്തെ കാലത്തെ കുട്ടികൾ “Digitally Distracted” ആണെന്ന്.
ഇന്ന് പല മാതാപിതാക്കളും തങ്ങളുടെ മക്കളുടെ അപക്വമായ പെരുമാറ്റ പ്രശ്നങ്ങൾക്കായും, പ്രേമബന്ധങ്ങൾ തകരുന്നതിനെ തുടർന്ന് ഉണ്ടാകുന്ന മാനസിക നിരാശയ്ക്കായും, ജീവിത വിജയത്തിന് പ്രചോദനം നൽകുന്ന പരിശീലന ക്ലാസുകൾക്കായും, വിവിധ തരത്തിലുള്ള മാനസിക സംഘർഷങ്ങൾക്കായും മനശാസ്ത്ര വിദഗ്ദ്ധരുടെ സഹായം തേടുന്ന പ്രവണത വർദ്ധിച്ചിരിക്കുന്നു.
നമ്മുടെ ബാല്യകാലത്ത് അത്ര സാധാരണമായിരുന്നില്ല ഇത്തരം ശൈലികൾ ഇന്ന് സമൂഹത്തിൽ പതിവായ കാഴ്ചയായി മാറിയിരിക്കുന്നു. സാങ്കേതികവിദ്യ ജീവിതത്തെ ഏറെ എളുപ്പമാക്കിയെങ്കിലും, അതിന്റെ അനിയന്ത്രിതമായ ഉപയോഗം മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധങ്ങളെ പോലും ദോഷകരമായി ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചിരിക്കുന്നു.
ഈശോ പറഞ്ഞത് ഓർക്കാം: "കുട്ടികളെപ്പോലെയുള്ളവർക്കാണ് സ്വർഗ്ഗരാജ്യം"! ഒരു കുഞ്ഞിന്റെ മനസ്സിൽ ആദ്യം നന്മയുടെ ചിത്രങ്ങൾ വരയ്ക്കുന്നത് മാതാപിതാക്കളാണ്. അവർ പറയുന്നതും ജീവിച്ചുകാണിക്കുന്നതുമാണ് കുട്ടികളുടെ ജീവിതത്തിലെ ഏറ്റവും വലിയ പാഠപുസ്തകം. ബഹുമാനവും സ്നേഹവും കരുണയും അവർ പഠിക്കുന്നത് മാതാപിതാക്കളായ നമ്മുടെ ജീവിതത്തിൽ നിന്നാണ്.
ഒരു പ്രശസ്ത സിനിമയിൽ കൗമാരക്കാരിയായ ഒരു പെൺകുട്ടി തന്റെ നിസ്സഹായതയിൽ അമ്മയോട് ചോദിക്കുന്ന ഒരു രംഗമുണ്ട്: "അമ്മയോട് അല്ലാതെ ഞാൻ ആരോടാണ് ഇത് പറയേണ്ടത്?'' ആ ചോദ്യം എല്ലാ മാതാപിതാക്കൾക്കും ഉള്ള ഒരു സന്ദേശമാണെന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്. അതുകൊണ്ട് ""മക്കളെ സ്നേഹിക്കണം'' എന്ന പഴകിയ വാചകം മാത്രം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മക്കളുടെ കൂടെ സഞ്ചരിക്കണം. അവരുടെ ലോകം മനസ്സിലാക്കണം. അവരുടെ താല്പര്യങ്ങളും ആശങ്കകളും സ്വപ്നങ്ങളും കേൾക്കണം. സമയത്തിന്റെ മൂല്യവും സാങ്കേതികവിദ്യയുടെ ശരിയായ ഉപയോഗവും ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളും അവർ മനസ്സിലാക്കേണ്ടത് നമ്മിൽ നിന്നുമാണ്. മക്കൾ കേൾക്കാൻ ആഗ്രഹിക്കുന്നത് ഉപദേശങ്ങൾ മാത്രമല്ല; നമ്മുടെ ജീവിതാനുഭവങ്ങളുമാണ്.
ഒരു കുട്ടിയുടെ ഹൃദയത്തിൽ ഏറ്റവും വലിയ സുരക്ഷാബോധം എന്താണെന്ന് അറിയാമോ? ""എന്റെ അപ്പനും അമ്മയും എനിക്കുവേണ്ടിയാണ് ജീവിക്കുന്നത്'' എന്ന ഉറച്ച വിശ്വാസം. നമ്മുടെ മക്കൾ നമ്മുടെ വാക്കുകൾ കേട്ട് മാത്രമല്ല, ജീവിതം കണ്ടും പഠിക്കട്ടെ. കാരണം, കുട്ടികൾ നാം പറയുന്നത് ചിലപ്പോൾ മറന്നേക്കാം; എന്നാൽ നാം ജീവിച്ചുകാണിക്കുന്നത് അവർ ജീവിതകാലം മുഴുവൻ ഓർമ്മിക്കും. ……………………………………………………………. ജിബി ജോർജ് കുടുംബത്തോടൊപ്പം ഷാർജയിൽ താമസിക്കുന്നു. ഷാർജ സെന്റ് മൈക്കിൾസ് ദേവാലയത്തിലെ മലയാളം കമ്മ്യൂണിറ്റി സെക്രട്ടറിയും സീറോ മലബാർ വിശ്വാസ പരിശീലകനുമാണ്. ജീസസ് യൂത്തിന്റെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ ലിനി, മക്കൾ കൃപ, ഗ്രീഷ്മ, ക്രിസ്റ്റഫർ.



Comments