അബ്രുവിന്റെ ജിബ്രു | KAIROS MALAYALAM | JUNE 2026
- Kairos Media

- May 31
- 2 min read

അമ്മയെയും അബ്രുവിനെയും കൂട്ടി പപ്പ ടാക്സി കാറിൽ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. അല്പം അമ്പരപ്പോടെ അവൻ പപ്പയോട്, അമ്മയ്ക്ക് എന്തുപറ്റിയെന്നും അമ്മയെ എന്തിനാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതെന്നും ചോദിക്കുന്നുണ്ടായിരുന്നു. അമ്മയ്ക്ക് ഒന്നും പറ്റിയതല്ലെന്നും ഡോക്ടറെ കാണിക്കാൻ വേണ്ടി പോകുകയാണെന്നും അവനെ പറഞ്ഞു മനസ്സിലാക്കി. എങ്കിലും അമ്മയുടെ അടക്കിപ്പിടിച്ച കരച്ചിലും വേദനയുമൊക്കെ കണ്ടപ്പോൾ കാറിലിരുന്ന അബ്രു എന്തെന്നില്ലാതെ അസ്വസ്ഥനായിരുന്നു. അവൻ അമ്മയുടെ കയ്യിൽ പിടിച്ച് കരഞ്ഞുകൊണ്ടിരുന്നു. കാർ ആശുപത്രിയുടെ ഗേറ്റിലൂടെ അകത്തു കടന്നു. ഉടനെ തന്നെ സ്ട്രെച്ചറിൽ കിടത്തി അമ്മയെ അകത്തേക്ക് കൊണ്ടുപോയി. കൂടെ അബ്രുവും പപ്പയും.
അമ്മയെ അകത്തേക്ക് കൊണ്ടുപോയി ഡോക്ടറെ കണ്ടതിനു ശേഷം അബ്രുവും പപ്പയും പുറത്ത് കാത്തിരിക്കുകയായിരുന്നു. അന്നേരമാണ് പപ്പ വിശദമായി അബ്രുവിനോട് കാര്യങ്ങൾ പറഞ്ഞത്. അമ്മയുടെ വയറ്റിലെ കുഞ്ഞുവாவ ഇപ്പോൾത്തന്നെ വരുമെന്നും ഉടനെതന്നെ അബ്രു ഒരു ചേട്ടനാകുമെന്നും പപ്പ പറഞ്ഞത് കേട്ടപ്പോൾ അബ്രുവിന്റെ കണ്ണുകൾ വിടർന്നു. അവന് സന്തോഷമായി. പപ്പ അവനെ ചേർത്തുപിടിച്ച് കുഞ്ഞുവாவയെ കുറിച്ച് പറഞ്ഞുകൊടുത്തു. കുഞ്ഞവാവ വന്നു കഴിയുമ്പോൾ അബ്രുച്ചേട്ടനാണ് വാവയെ നോക്കേണ്ടതെന്നും പറഞ്ഞപ്പോൾ അവൻ സന്തോഷം കൊണ്ട് മതിമറന്നു. മൂന്നു വയസ്സുള്ള അബ്രു തന്റെ കുഞ്ഞുവാവയെയും കാത്ത് പപ്പയോടൊപ്പം അവിടെയിരുന്നു.
ഒമ്പത് മാസം പൂർത്തിയായ അവന്റെ അമ്മയ്ക്ക് ഓപ്പറേഷൻ വേണ്ടിവരുമെന്ന് ഡോക്ടർ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇടയ്ക്ക് അകത്തുനിന്നും നഴ്സ് വന്ന് പപ്പയോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അതുകേട്ട് വലിയ സന്തോഷത്താൽ പപ്പ, ഉടനെ കുഞ്ഞുവാവ വരുമെന്നും അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും അവനോട് പറഞ്ഞു. അവർ ഇരുന്ന സ്ഥലത്തിനടുത്ത് പൂന്തോട്ടത്തിൽ മാതാവിന്റെ ശില്പമുണ്ടായിരുന്നു. അവിടേക്ക് നോക്കി അവൻ കൈകൾ കൂപ്പി പ്രാർത്ഥിച്ചു.
ഇടയ്ക്ക് പപ്പ ഫോണിൽ ആരോടൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. ഏറെനേരം അവരവിടെ ഇരുന്നു. ഓപ്പറേഷൻ കഴിഞ്ഞുവെന്നും പെൺകുഞ്ഞ് ആണെന്നും നഴ്സ് പുറത്തുവന്ന് പപ്പയോട് പറയുന്നത് അബ്രു അറിഞ്ഞില്ല. പിന്നീട് കളികൾക്കിടയിൽ അവനെ വിളിച്ച് പപ്പ അനുജത്തി പിറന്ന കാര്യം അവനെ അറിയിച്ചു. ഒരു വലിയ ചുവന്ന ബോളും പിന്നെയൊരു ടെഡിയെയും വാങ്ങണമെന്ന് അപ്പോൾ തന്നെ അവൻ പപ്പയോട് പറഞ്ഞു. പപ്പ ചിരിച്ചുകൊണ്ട് സന്തോഷത്തോടെ തലയാട്ടി. നഴ്സ് വന്ന് അവരെ അകത്തേക്ക് വിളിച്ച് അമ്മയെയും കുഞ്ഞാവയെയും കാണിച്ചുകൊടുത്തു. പൊടി വാവയെ നേരിട്ട് കണ്ടപ്പോൾ തൊട്ടുനോക്കാൻ മടി കാണിച്ച അബ്രുവിന്റെ കൈകൾ പപ്പ പിടിച്ചുകൊണ്ട് അവനെ വാവയെ തൊടുവിച്ചു. ക്ഷീണിതയായ അമ്മ, അബ്രുവിനെ തലോടി കുഞ്ഞാവയെ കാണിച്ചുകൊടുത്തു. പപ്പയും അവനും പുറത്തേക്കിറങ്ങു- മ്പോൾ അബ്രുവിന്റെ മനസ്സ് നിറയെ സ്വപ്നങ്ങളായിരുന്നു. വാവ വീട്ടിലെത്തുമ്പോൾ പാർക്കിൽ പോകണം, ഊഞ്ഞാലാടണം, ഐസ്ക്രീം കഴിക്കണം എന്നിങ്ങനെ നീണ്ട പ്ലാനുകളായിരുന്നു അബ്രുവിന്റെ മനസ്സിൽ. അബ്രഹാം എന്നു മാമ്മോദീസ പേരുള്ള അവനെ അബ്രുവെന്നാണ് വിളിച്ചിരുന്നത്. പുതിയ അനുജത്തി വാവയ്ക്ക്, അവർ വീട്ടിൽ സെലക്ട് ചെയ്തു വെച്ചിരുന്ന സാറാ എന്ന പേര് കൊടുക്കാമെന്ന കാര്യം പപ്പ പറഞ്ഞപ്പോൾ, അബ്രു സെലക്ട് ചെയ്തു വച്ചിരുന്ന ജിബ്രു എന്ന പേര് മതിയെന്ന് അവൻ വാശിപിടിച്ചു. പേരിന്റെ കാര്യം കുഞ്ഞുവാവയും അമ്മയും വീട്ടിലെത്തിയതിനു ശേഷം നമുക്ക് സെറ്റാക്കാമെന്ന് പപ്പ അവനോട് പറഞ്ഞു. കുഞ്ഞാവ വീട്ടിലെത്തിയതിനു ശേഷം നമുക്ക് ജിബ്രു എന്ന് വിളിക്കാമെന്ന് അവനും പറഞ്ഞു.
അബ്രുവും പപ്പയും ഗാർഡനിലെ മാതാവിന് മുന്നിൽ ചെന്ന് നന്ദി പറഞ്ഞു പ്രാർത്ഥിച്ചു. പ്രാർത്ഥിക്കുന്ന നേരത്ത് കുഞ്ഞുവാവയുടെ കരച്ചിൽ പുറത്തു കേൾക്കാമായിരുന്നു. അതുകേട്ട് അബ്രു പപ്പയെ തോണ്ടി വിളിച്ച് അങ്ങോട്ടേക്ക് ചൂണ്ടിക്കാണിച്ചു. ചിരിച്ചുകൊണ്ട് പപ്പ വീണ്ടും കൈകൾ കൂപ്പി. പപ്പയോടൊപ്പം അബ്രുവും കൈകൾ കൂപ്പി കണ്ണുകളടച്ച് പ്രാർത്ഥനയിൽ മുഴുകി. സമയം ഉച്ചയ്ക്ക് പന്ത്രണ്ടു മണി. ആശുപത്രിയിലെ ചാപ്പലിൽ നിന്നും പ്രാർത്ഥനയ്ക്കുള്ള പള്ളിമണിയുടെ സ്വരമുയർന്നു.
സെറീൻ ഏഞ്ചൽ



Comments