top of page
Search

അപ്രതീക്ഷിതമായ ഒരു പ്രേഷിത യാത്ര-ഓർമ്മയും ഉൾക്കാഴ്ചയും ചേർത്ത് വാക്ക് പ്രപഞ്ചം തീർക്കാനാണ് തൻറെ വിളി I ഫ്രം ദി ഹാര്‍ട്ട് I ഡോ. എഡ്‌വേര്‍ഡ് എടേഴത്ത്‌ I KAIROS MALAYALAM I JULY 2026

  • smithajose4
  • Jul 1
  • 4 min read

ഫ്രം ദി ഹാര്‍ട്ട് എന്നതിയിൽ 'അപ്രതീക്ഷിതമായ ഒരു പ്രേഷിത യാത്ര' എന്ന ടൈറ്റിലിൽ ഡോ. എഡ്വേർഡ് എടേഴത്ത് നമ്മോട് പറയുന്നത്, തൻറെ ഓർമ്മയും ഉൾക്കാഴ്ചയും ചേർത്ത് വാക്ക് പ്രപഞ്ചം തീർക്കാനാണ് തൻറെ വിളി എന്ന സ്വാനുഭവം തന്നെയാണ്. തൻ്റെ എഴുത്തിന്റെ ഴികളിലൂടെയുള്ള ഒരു യാത്ര.

''

ഞാന്‍ പ്രാര്‍ഥിക്കുമ്പോള്‍, ഒരു പേനയാണ് കാണുന്നത്. കര്‍ത്താവ് താങ്കളെ എഴുതാനായി വിളിക്കുന്നു.'' 1986ല്‍ ജീസസ് യൂത്ത് നേതൃനിര മുഴുവന്‍ പങ്കെടുത്ത ഒരു ധ്യാനത്തിനിടെ അവിടത്തെ ഒരു കൗണ്‍സിലര്‍ എനിക്ക് നല്‍കിയ സന്ദേശം. ദൈവം ആഗ്രഹിക്കുന്നെങ്കില്‍ അത് നടക്കട്ടെ, എന്ന് മാത്രം ഞാന്‍ ഉള്ളില്‍ പറഞ്ഞു. ഇന്ന്, നാല് പതിറ്റാണ്ട് കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോള്‍ ഒരു കാര്യം ഞാന്‍ തിരിച്ചറിയുന്നു, പടിപടിയായി ആ വഴിയില്‍ ഞാന്‍ ഏറെ നടന്നു കഴിഞ്ഞിരിക്കുന്നു.


എഴുത്തിന്റെ വഴിയിലെ ആദ്യ ചുവടുകള്‍


ഒരു കോളേജ് അധ്യാപകന്‍ എന്ന നിലയില്‍ വായനയും കുറിപ്പുകള്‍ തയ്യാറാക്കലുമൊക്കെ എനിക്ക് അന്യമായിരുന്നില്ല. പിന്നെ, ഏതെങ്കിലും മാസികകള്‍ ആവശ്യപ്പെട്ടാല്‍ തരുന്ന വിഷയം അനുസരിച്ച് എന്തെങ്കിലും എഴുതുകയും ചെയ്യുമായിരുന്നു. എന്നാല്‍, എന്റെ കുറിപ്പുകള്‍ ജീസസ് യൂത്ത് ദര്‍ശനവുമായി ബന്ധപ്പെടുത്തണം എന്ന ചിന്ത എങ്ങനെയോ ഉണ്ടായിരുന്നില്ല.


1993ലാണ് അതിന് ഒരു വഴിത്തിരിവുണ്ടായത്. കേരള മെത്രാന്‍ സമിതിയുടെ പി.ഓ.സി. വിളിച്ചുചേര്‍ത്ത യുവജന മുന്നേറ്റങ്ങളുടെ ഒരു നേതൃസമ്മേളനത്തില്‍ അന്ന് ആദ്യമായി ജീസസ് യൂത്തിനും ക്ഷണം കിട്ടി. ആദ്യ ദിവസംതന്നെ ഒരു നിര്‍ദേശവുമുണ്ടായി, പിറ്റേദിവസം ഓരോ ഗ്രൂപ്പും തങ്ങളുടെ ദര്‍ശനം എഴുതി അവതരിപ്പിക്കണം. എന്റെ കൂട്ടുകാര്‍ ആ ഉത്തരവാദിത്വം എന്റെ തലയില്‍ വച്ചു, ''എന്തെങ്കിലും ചുരുക്കത്തില്‍ എഴുതി നാളെ ഒന്ന് അവതരിപ്പിക്കണം കേട്ടോ.'' അങ്ങനെ അന്നുരാത്രി ഒരു പേജ് നീളുന്ന ജീസസ് യൂത്ത് ദര്‍ശനരേഖ എങ്ങനെയോ ഒരുകണക്കിന് തയ്യാറാക്കി, പിറ്റേന്ന് അവിടെ അവതരിപ്പിച്ചു. അത് മുന്നേറ്റത്തില്‍ തന്നെ ആദ്യമായിട്ടായിരുന്നു.


പിന്നെ ജീസസ് യൂത്തിനെ സംബന്ധിച്ച് ഏത് ദര്‍ശനരേഖ വേണ്ടിവന്നാലും അത് തയ്യാറാക്കാനുള്ള ഉത്തരവാദിത്വം എനിക്കായി, ചിലപ്പോള്‍ മെത്രാന്‍ സമിതിക്ക്, പിന്നെ ദേശീയ അന്തര്‍ദേശീയ വേദികളില്‍, ചില ജേര്‍ണലുകളില്‍, കോണ്‍ഫറന്‍സുകളുടെ സമാപന പ്രസ്താവന, അങ്ങനെ പലതും.


ഇതിനിടെ ചിലരെങ്കിലും എന്നെ കളിയാക്കുമായിരുന്നു, 'താങ്കളുടെ എഴുത്ത് സഭാ രേഖകള്‍ പോലെയാണ്, വായിക്കാന്‍ ഏറെ വിരസവുമാണ്.'' അതും എന്നെ സഹായിച്ചു. വേണ്ടതുപോലെ സ്വീകരിക്കാനായാല്‍ വിമര്‍ശനവും സഹായകരമാകുമല്ലോ.


അടുത്ത വഴിത്തിരിവ് വന്നത് 2015ലാണ്. മലയാളം കെയ്‌റോസിന്റെ ചീഫ് എഡിറ്റര്‍ ചാക്കോച്ചന്‍ വിളിച്ചു, മുന്നേറ്റത്തിന്റെ ദര്‍ശനത്തെക്കുറിച്ച് മാസികയില്‍ ഒന്നെഴുതാമോ? അങ്ങനെ ജീസസ് യൂത്ത് ചരിത്രസ്മരണകളും ദര്‍ശനചിന്തകളും ഇടകലരുന്ന ഒരു പംക്തി അവിടെ ആരംഭിച്ചു. 2016ല്‍ കെയ്‌റോസ് ഗ്ലോബല്‍ ആരംഭിച്ചപ്പോള്‍, ഇംഗ്ലീഷ് പതിപ്പിനായി സമാനമായ എന്തെങ്കിലും ചെയ്യണമെന്ന് ചാക്കോച്ചന്‍ വീണ്ടും നിര്‍ദേശിച്ചു. കുറച്ചു മാസങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ ഇത് വേണ്ടിവരില്ല എന്നായിരുന്നു എന്റെ ചിന്ത. പക്ഷേ മാസാമാസം വിളി വന്നുകൊണ്ടിരുന്നു, അതിന് പ്രതികരണമായി എന്റെ എഴുത്തും. വര്‍ഷങ്ങള്‍ കടന്നുപോയി.

ഏതായാലും അത് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു.


തുറന്ന കാതും അന്വേഷിക്കുന്ന മനസ്സും


ജീസസ് യൂത്തില്‍ എനിക്ക് പ്രധാന ഉത്തരവാദിത്വങ്ങള്‍ ഒന്നും ഇല്ലെങ്കിലും നേതൃനിരയിലെ പലരും വിവിധ ടീമുകളും ഒന്ന് ''ഒന്നിച്ചിരിക്കാന്‍'' ഇടയ്ക്കിടെ വരാറുണ്ട്, അല്ലെങ്കില്‍ വിളിക്കാറുണ്ട്. ആ ചര്‍ച്ചാ വേളകളില്‍ ആദ്യപടി ശ്രദ്ധാപൂര്‍വം അവരെ കേള്‍ക്കുക എന്നതാണ്, ജീസസ് യൂത്ത് വിശേഷങ്ങള്‍, ചില വെല്ലുവിളികള്‍, നിര്‍ദേശങ്ങള്‍ ഒക്കെയാകും പൊതുവേ വിഷയം. പിന്നെ ഞാന്‍ എന്റെ ഉള്‍ക്കാഴ്ചകള്‍ പങ്കിടും. ഈ സംഭാഷണ വേദികളാണ് എന്റെ പ്രധാന പഠന വിചിന്തന അവസരങ്ങള്‍. ദൈവാത്മാവ് മുന്നേറ്റത്തിലൂടെ ചെയ്യുന്ന പുതുകാര്യങ്ങള്‍ ഞാന്‍ കാണുന്നത് ഇതിനിടെയാണ്. അതോടൊപ്പം എന്റെ നവീകരണ യാത്രയുടെ തുടക്കം മുതലുള്ള വിവിധ അനുഭവങ്ങളുമായി ഇന്നത്തെ കാര്യങ്ങളെ ഒന്ന് തട്ടിച്ചു നോക്കി ഉള്‍ക്കാഴ്ചകള്‍ പങ്കുവയ്ക്കാനും ഞാന്‍ ശ്രമിക്കും.


എന്റെ പഴമ്പുരാണങ്ങള്‍ക്ക് മിക്കവാറും ഒരു ക്രമമുï്. എന്റെ ഈ യാത്ര ആരംഭിച്ചത് 1976ല്‍ നവീകരണ പരിപാടിയില്‍ പങ്കെടുത്ത് ഒരു പ്രാര്‍ഥനാ കൂട്ടായ്മയുടെ ഭാഗമായതോടെയാണ്. നല്ല കുറേ കൂട്ടുകാരൊന്നിച്ച് ദൈവാത്മ പ്രേരണയില്‍ അനേക പരീക്ഷണങ്ങള്‍ക്ക് അത് വേദിയായി. സജീവ കൂട്ടായ്മയും വചന വിചിന്തനവും സുന്ദര വരദാന ശൈലിയും മിനിസ്ട്രികളും പാവങ്ങളോടുള്ള പ്രതിബദ്ധതയുമൊക്കെ പരിശീലിക്കാന്‍ അത് ഞങ്ങളെ സഹായിച്ചു. പിന്നെ 1978ല്‍, കേരള കരിസ്മാറ്റിക് ഏകോപന ശ്രമങ്ങള്‍ക്കൊപ്പം യുവാക്കളെ ഒത്തുകൂട്ടാനും ശ്രമം തുടങ്ങി. ഒരു യുവജന ശൃംഖലയും കേരളതല സമ്മേളനവും മറ്റൊരു വലിയ തുടക്കമായി. തുടര്‍ന്നുള്ള നാഴികക്കല്ലുകള്‍ - 1981ല്‍ ഇതിനെല്ലാം ഒരു ദര്‍ശന വ്യക്തത, 1982ല്‍ ഫസ്റ്റ് ലൈന്‍ എന്ന നേതൃത്വ ഗ്രൂപ്പിന്റെ രൂപീകരണം, ഒടുവില്‍ അന്താരാഷ്ട്ര യുവജന വര്‍ഷത്തില്‍ നടന്ന ജീസസ് യൂത്ത് '85 എന്നറിയപ്പെടുന്ന ഏറെ പ്രധാന സമ്മേളനം. ഈ ചുവടുവയ്പുകള്‍ എന്നെ നിരവധി പാഠങ്ങള്‍ പഠിപ്പിച്ചു. ഒരു വിധത്തില്‍ ഇന്നത്തെ നേതാക്കളോടൊപ്പമുള്ള ചര്‍ച്ചകളില്‍ ഈ കഴിഞ്ഞ യാത്രാ വഴികള്‍ ഒരു പുതു വെളിച്ചത്തില്‍ കാണാനും ഇന്നത്തെ അനുഭവങ്ങള്‍ക്ക് വേറിട്ട മാനങ്ങള്‍ തേടാനും കുറേക്കൂടെ വ്യക്തതയോടെ ദൈവാത്മാവിന്റെ മുന്നോട്ടുള്ള നയിക്കല്‍ ദര്‍ശിക്കാനും ഒക്കെ സാധിക്കാറുï്.


മുന്‍പറഞ്ഞ ചര്‍ച്ചാ വേളകളില്‍ കതിരിടുന്ന നല്ല വിളവുകളാണ് ഓരോ മാസവും കെയ്‌റോസ് ലേഖനങ്ങളില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. അതില്‍ പതിറ്റാണ്ടുകള്‍ക്കുമുന്നിലെ കഥകളും ആളുകളും ജീസസ് യൂത്ത് വേദികളും പുനരവതാരം ചെയ്യുന്നു. ഒപ്പം ഈയിടെ എന്നോട് സംസാരിച്ച പലരും യഥാര്‍ഥ പേരുകളിലും ചിലപ്പോള്‍ സാങ്കല്‍പിക പേരുകളിലും കടന്നുവരുന്നു. ഇന്നത്തെ മുന്നേറ്റത്തെയും മുപ്പത് നാല്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സംഭവങ്ങളെയും ഒത്തുവയ്ക്കുമ്പോള്‍ അതിലൂടെ ഒരു ദര്‍ശന വ്യക്തത ഉണ്ടാകട്ടെ എന്ന ചിന്തയാണ് എനിക്ക്. അങ്ങനെ ഇന്നത്തെ ഗ്രൂപ്പുകള്‍ക്കും അതിന്റെ നേതാക്കള്‍ക്കും കൂടുതല്‍ വ്യക്തമായ ഒരു ദിശാബോധം കൈവരിക്കാന്‍ ആകുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.


ഞാന്‍ ഇതെഴുതുന്ന രീതി


ഞാന്‍ സൂചിപ്പിച്ച പോലെ ഉള്‍ക്കാഴ്ചകള്‍ക്കും പ്രചോദനത്തിനും വേണ്ടി ഞാന്‍ ഏറെ ചെവിയോര്‍ക്കാറുണ്ട്. അത് വരുന്നത് മറ്റുള്ളവരുടെ സംഭാഷണത്തില്‍ നിന്ന്, പ്രാര്‍ഥനയ്ക്കിടെ, യാത്രകള്‍ക്കിടെ, അങ്ങനെ പലവിധത്തിലാകും. ആത്മാവിന്റെ ഈ പ്രചോദനങ്ങള്‍ എളുപ്പം വഴുതിപ്പോകാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കും. അവ നഷ്ടപ്പെടുത്താതിരിക്കാന്‍ കിട്ടുന്ന ചിന്തകള്‍ ഫോണില്‍ കുറിക്കാനും വോയ്‌സ്-ടൈപ്പ് ചെയ്യാനും ഒക്കെ ഞാന്‍ ശ്രമിക്കും. ചിലപ്പോള്‍, നടക്കുമ്പോള്‍ അല്ലെങ്കില്‍ പ്രാര്‍ഥനയ്ക്കിടെ എന്റെ കൈ ഫോണിലേക്ക് നീങ്ങും. അതുപോലെ പ്രധാനപ്പെട്ട സംഭാഷണങ്ങള്‍ക്ക് ശേഷമെല്ലാം എന്തെങ്കിലും ഞാന്‍ കുറിച്ചിടും.


ഇത് ചുമ്മാ വലയില്‍ എല്ലാം ശേഖരിക്കുന്ന രീതിമാത്രം. ഇനി ലേഖന രചനയ്ക്ക് സമയമാകുമ്പോള്‍ അടുത്ത വെല്ലുവിളി അതിനായി ഒരു ഫോക്കസ് കണ്ടെത്തുക എന്നതാണ്. പലപ്പോഴും അതെളുപ്പമല്ല, പലപ്പോഴും ആ ദിവസങ്ങളിലെ സംഭാഷണങ്ങളില്‍ പൊന്തിവന്ന എന്തെങ്കിലും ചോദ്യം ഓര്‍മയില്‍ വരും. പിന്നെ ആ ചിന്ത തുടരും. സാവധാനം ഒരു രൂപരേഖ തയ്യാറാക്കും.


ലേഖനരചനയില്‍ എന്റെ മുന്നിലെ ചോദ്യം ഇതാണ്: ഇക്കാണുന്ന വെല്ലുവിളിയെ ജീസസ് യൂത്ത് എങ്ങനെ സമീപിക്കും, സമീപിക്കണം? അത് പല വീക്ഷണ കോണില്‍ നിന്നും ആകാമല്ലോ. അവിടെയും വലിയൊരു പ്രശ്‌നമുണ്ട് ഈ ചര്‍ച്ച അധികം വിരസമാകരുത്. കഴിയുന്നതും രുചികരമായി ഈ ചിന്ത വായിക്കുന്നവരുടെ മുന്നില്‍ എത്തണം. ചിലപ്പോള്‍ അത് എളുപ്പമാണ്, മറ്റു സമയങ്ങളില്‍ അത് ഏറെ ശ്രമകരവും.


പിന്നെ ഇതിനൊരു സമയപരിധിയുണ്ട്. എല്ലാ മാസവും നിശ്ചിത തീയതിയില്‍ എന്റെ കൈയില്‍നിന്ന് ഒരു ലേഖനരൂപത്തില്‍ അത് പോകണം. ഓഫീസില്‍നിന്ന് സാജന്റെ ഓര്‍മപ്പെടുത്തല്‍ കൃത്യമായി എത്തും. ചിലപ്പോള്‍ ഒന്ന് താമസിച്ചാല്‍ സാജന്‍ ഒന്നുകൂടെ കുറിപ്പയക്കും. അതോടെ ഞാന്‍ അത് അയച്ചിരിക്കും.


പഠന വിചിന്തന പാഠങ്ങള്‍


കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീസസ് യൂത്ത് ഇന്റര്‍നാഷണല്‍ കൗണ്‍

സില്‍ പുതിയ കൗണ്‍സിലുകള്‍ക്കും ടീമുകള്‍ക്കും ഒരു പ്രാരംഭ പരിശീലനത്തിന് പദ്ധതിയൊരുക്കി. അതില്‍ എന്നെ ഏല്‍പിച്ച വിഷയം - ഈ സമിതികള്‍ക്ക് മിഷണറി കൂട്ടായ്മകള്‍ വളര്‍ത്താന്‍ എങ്ങനെ സാധിക്കും? എന്റെ പല കെയ്‌റോസ് ലേഖനങ്ങളുടെ വിഷയവും അതുതന്നെ.


ഈ ടീം പരിശീലനമൊരുക്കുന്ന ഒരു രീതിയുണ്ട്. യുകെയില്‍

നിന്നുള്ള ഫെബിന ഓരോ രാജ്യത്തെയും ജെ.വൈ കൗണ്‍സിലു

മായി ബന്ധപ്പെട്ട് ഒരു തീയതി നിശ്ചയിക്കും, എന്നിട്ട് പ്രസക്തമായ ചില കെയ്‌റോസ് ലേഖനങ്ങള്‍ മുന്‍കൂട്ടി അവര്‍ക്ക് നല്‍കും.

ആ ഗ്രൂപ്പ് സൂം മീറ്റിംഗില്‍ ഒത്തുവരുമ്പോള്‍ ഞാന്‍ ഹ്രസ്വമായ ഒരാമുഖം നല്‍കും തുടര്‍ന്ന് ഒരു ചര്‍ച്ചാ സമയമാണ്. അനുഭവ

വിവരണങ്ങളും ചോദ്യങ്ങളും ഒക്കെയായി പൊതുവേ ഏറെ ഹൃദ്യമായ ഒരു സമയമായി തീരുമത്.


കെയ്‌റോസ് ലേഖനങ്ങളുടെ ഒരു നല്ല ഉപയോഗം വിവിധ ഇടങ്ങ

ളില്‍ നടക്കുന്ന സമാന പരിശീലന പരിപാടികളിലെ പഠന സഹായി ആയിട്ടാണ്. പല രാജ്യങ്ങളിലും നേതൃപരിശീലനത്തിന് ഇതില്‍

പല ലേഖനങ്ങളും കാര്യമായി ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കെയ്‌റോസ് പ്രസിദ്ധീകരിച്ചിട്ടുള്ള ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ലേഖനസമാഹാരങ്ങള്‍ ഇതിന് ഏറെ സഹായിക്കുന്നുമുണ്ട്.


പതിറ്റാണ്ടുകള്‍ പിന്നിട്ടു വളര്‍ന്ന് ഏറെ രാജ്യങ്ങളില്‍ വേരൂന്നി വളരുന്ന ജീസസ് യൂത്ത് മുന്നേറ്റം, ഇതിനിടെ അനേക ഗവേഷകരുടെ

പഠന വിഷയമാണ്. അവരുടെ പല ചോദ്യങ്ങള്‍ക്കും മറുപടി പല ലേഖനങ്ങളിലുമുണ്ടല്ലോ. പ്രധാനമായും അവരെ മുന്നില്‍ കണ്ട്

അടുത്തയിടെ ഈ ലേഖനങ്ങള്‍ ഓണ്‍ലൈനില്‍ ബ്ലോഗുകളായി

പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ഇംഗ്ലീഷിലും മലയാളത്തിലും വന്ന എല്ലാ ലേഖനങ്ങളും ബ്ലോഗുകളില്‍ വന്നുകഴിഞ്ഞു. അങ്ങനെ ആരെങ്കിലും ഏതെങ്കിലും ജെ.വൈ വിവരങ്ങള്‍ ആവശ്യ

പ്പെടുമ്പോള്‍ അവര്‍ക്കത് നല്‍കാന്‍ ഇപ്പോള്‍ ഏറെ എളുപ്പമായി.


തിരിഞ്ഞുനോക്കുമ്പോള്‍, അന്നത്തെ ആ ചെറിയ സന്ദേശം ഒട്ടും അസ്ഥാനത്തായില്ല എന്ന് ഞാന്‍ കരുതുന്നു. കര്‍ത്താവിന് ഒരു പദ്ധതി ഉണ്ടായിരുന്നു. ഇന്നതിന് കുറച്ചുകൂടെ വ്യക്തത വന്നിരിക്കുന്നു. ചര്‍ച്ചകളും ചിന്തകളും അക്ഷരങ്ങളുമൊക്കെ ഇടകലര്‍ന്ന ഈ വഴി എന്റെ ജീവിത യാത്രയുടെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. അവിടെ, ആത്മാവിന്റെ ചെറു പ്രേരണകളെ ചെവിയോര്‍ത്തു കേള്‍ക്കാനും, ജീസസ് യൂത്തിലൂടെ അവന്‍ ചെയ്ത കാര്യങ്ങള്‍ വിലമതിക്കാനും, അവിടന്ന് നമ്മളെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് തിരിച്ചറിയാനും ഒക്കെ അതെന്നെ

പരിശീലിപ്പിക്കുന്നു. ഈ ലേഖനങ്ങള്‍ എത്തേണ്ടവരിലേയ്‌ക്കെല്ലാം എത്തിയിട്ടില്ലായിരിക്കാം. പക്ഷേ, ഒരു കാര്യം തീര്‍ച്ച, ഈ ഓര്‍മകളും

ചിന്തകളും അവയില്‍നിന്ന് ഉരുത്തിരിയുന്ന പാഠങ്ങളും ഇന്ന് ഏവര്‍ക്കും ലഭ്യമാണ്. ആവശ്യം വരുമ്പോള്‍ ആ ചരിത്രവും ദര്‍ശന വിവരണങ്ങളും വായിക്കാനും അതില്‍നിന്ന് പ്രചോദനം ഉള്‍കൊള്ളാനും ഏവര്‍ക്കും ഇന്ന് അത് ലഭ്യമാണ്. ഇനിയും ചോദ്യങ്ങള്‍ ഉയരുമ്പോള്‍ ഉത്തരങ്ങള്‍ തേടിക്കണ്ടെത്താന്‍ ഇടങ്ങളുമായി.

ലേഖകന്‍ ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ തുടക്കക്കാരില്‍ പ്രധാനി. അന്തര്‍ദേശീയ പ്രഭാഷകനും എഴുത്തുകാരനുമാണ്. 2018ല്‍ ഷെവലിയര്‍പട്ടം സ്വീകരിച്ചിട്ടുണ്ട്.


 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page