അപ്പാ, ഞാൻ മരിച്ചിട്ടില്ല | ജിന്റോ പോൾ. സി, ബാംഗ്ലൂർ | KAIROS MALAYALAM | AUGUST 2026
- smithask2009
- Aug 1
- 3 min read
Updated: 1 day ago

മകളുടെ ബർത്ത്ഡേ പാർട്ടി കഴിഞ്ഞ് കുറച്ചു ക്ഷീണിച്ചാണ് അയാൾ ഉറങ്ങാൻ കിടന്നത്. സമാധാനമായി ഉറങ്ങണമെങ്കിൽ മകൾ ആദ്യം ഉറങ്ങണം. പുറത്ത് ചെറിയ ശബ്ദത്തോടെ തണുത്തകാറ്റ് വീശുന്നുണ്ടായിരുന്നു. തെങ്ങോലകൾ പരസ്പരം തൊട്ടുരുമ്മി കുശലം പറയുന്നത് കേൾക്കാം. എല്ലാവരും ഉറങ്ങാൻ തുടങ്ങിയത് കൊണ്ടായിരിക്കണം, രാത്രിയുടെ നിശബ്ദതയ്ക്ക് കനക്കൂടുതൽ തോന്നി. അതിനെ കീറിമുറിച്ചുള്ള നായയുടെ കുര പണ്ടത്തെ പ്രേതസിനിമകളെ ഓർമ്മപ്പെടുത്തി. ഇടയ്ക്കിടെ കുന്നുംപുറത്ത് നിന്നും കുറുക്കന്മാർ ഓരിയിടുന്നതും കേൾക്കാമായിരുന്നു. ഈ ശബ്ദ കോലാഹലത്തിനിടയിൽ ഉറങ്ങാൻ കഷ്ടപ്പെടുന്ന മകൾ അയാളുടെ നെഞ്ചത്ത് അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും കിടക്കുന്നുണ്ടായിരുന്നു. കുറച്ചധികം സമയം ഗുസ്തി പിടിച്ചതിനു ശേഷം അവർ രണ്ടുപേരും ഉറക്കത്തിലേക്ക് വഴുതിവീണു.
കോളിംഗ് ബെൽ കേട്ടാണയാൾ ഉണർന്നത്. ഡോർ തുറന്നപ്പോൾ ഒരു കത്ത് ഉമ്മറത്ത് വന്ന് കിടക്കുന്നത് കണ്ടു. അയാളുടെ പേരിലുള്ളതായിരുന്നു, അതയാളെ ആശ്ചര്യപ്പെടുത്തി. കൗതുകം കൊണ്ട് അയാളത് പെട്ടെന്ന് തുറന്നു നോക്കി. ആ കത്തിലെ ആദ്യ വാചകം തന്നെ അയാളെ പിടിച്ചിരുത്തി. പ്രിയപ്പെട്ട അപ്പാ എന്നായിരുന്നു ആ കത്തിലെ ആദ്യ വാചകം. ‘അപ്പക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു. എനിക്ക് ഇവിടെ സുഖം തന്നെ.’ അയാളുടെ ചിന്തകൾ കാടുകയറി. തെല്ല് പരിഭ്രമത്തോടെ അയാൾ വായന തുടർന്നു. പിന്നീട് വായിച്ച വരികൾ അയാളെ കുറച്ചു വർഷങ്ങൾ പിറകോട്ട് കൊണ്ടുപോയി. സ്കാനിംഗ് റൂമിന് പുറത്ത് അക്ഷമനായി ഭാര്യയ്ക്ക് വേണ്ടി കാത്തിരുന്ന അയാളെ കുറിച്ച് അതിൽ എഴുതിയിട്ടുണ്ട്. സങ്കടത്തോടെ ഭാര്യ അയാളോട്, കുഞ്ഞിന് ഹൃദയമിടിപ്പില്ല എന്നു പറഞ്ഞതും അതിലുണ്ട്.
അപ്പയുടെയും അമ്മയുടെയും പ്രാർത്ഥനകൾക്ക് എന്നെ രക്ഷിക്കാൻ സാധിച്ചില്ലെന്ന് ഡോക്ടർ പറഞ്ഞപ്പോൾ നിങ്ങൾ രണ്ടാളും തകർന്നു പോകുന്നത് കണ്ടിട്ട് ഞാൻ കുറേ കരഞ്ഞു. അതുവരെ ഗർഭപാത്രത്തിൽ നേരിയ ശബ്ദത്തിൽ നിങ്ങളെ കേട്ടിരുന്ന എനിക്ക് അപ്പൊ പൂർണ്ണമായും കാണാൻ സാധിച്ചിരുന്നു. ആശുപത്രി മുറിയിൽ കരയുന്ന അമ്മയെ ആശ്വസിപ്പിക്കുന്ന അപ്പയെ കണ്ടപ്പോൾ, അപ്പയുടെ മനോധൈര്യം എന്നെ അത്ഭുതപ്പെടുത്തി. പെട്ടെന്ന് ആരോടോ ഫോണിൽ സംസാരിച്ചു മുറിയുടെ പുറത്ത് കടന്ന അപ്പ പൊട്ടി കരയുന്നത് കണ്ടപ്പോൾ മനസ്സിലായി സങ്കടമെല്ലാം ഉള്ളിൽ ഒതുക്കി പിടിച്ചിരിക്കുകയായിരുന്നുവെന്ന്. ആ സമയം ഒന്ന് കെട്ടിപ്പിടിച്ചു ആശ്വസിപ്പിക്കണമെന്ന് എനിക്ക് തോന്നിയതാ, പക്ഷേ നമ്മുടെ ലോകങ്ങൾ തമ്മിൽ ഒരുപാട് ദൂരവും അന്തരവും ഉണ്ടായിരുന്നത് കൊണ്ട് എനിക്ക് സാധിക്കാതെ പോയി.
അമ്മയുടെ ഉള്ളിൽ നിന്നും വരുന്ന ഓരോ രക്ത പൊട്ടുകളിലും എന്റെ ശരീരം തിരയുന്നത് കണ്ടിട്ട് എനിക്ക് നിങ്ങളോടുള്ള സ്നേഹം കൂടിക്കൊണ്ടിരുന്നു. പിന്നീട് ഒരു നാൾ പള്ളിയിൽ വെച്ച് വി. കാർലോ അക്വിറ്റിസിന്റെ തിരുന്നാൾ കുർബാന കാണുന്ന സമയത്ത്, ഞാനുണ്ടായിരുന്നെങ്കിൽ 'കാർലോസ്' എന്ന് പേരിടാമായിരുന്നു എന്ന് രണ്ടാളും ഒരേപോലെ ചിന്തിച്ചത് എന്നെ അത്ഭുതപ്പെടുത്തി. നിങ്ങളുടെ ചിന്തകളിൽ ഞാൻ മരിച്ചിട്ടില്ല എന്നറിഞ്ഞപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി. അതിനു ശേഷം ഞാൻ ഇവിടെ വരുന്നവരോട് എന്നെ പരിചയപ്പെടുത്തുന്നത് കാർലോസ് എന്നാണ്. ഇവിടെ ദിവസവും ഒരുപാട് കുഞ്ഞുങ്ങൾ എത്തിപ്പെടുന്നുണ്ട്. കുറച്ചു പേരൊക്കെ എന്നെപ്പോലെ, അപ്പനും അമ്മയും ആഗ്രഹിച്ചിട്ടും ജനിക്കാൻ കഴിയാതെ പോയവരാണ്. ബാക്കിയുള്ള എല്ലാവരും, അവരെ വേണ്ടാത്തത് കൊണ്ട് ജനിക്കാൻ സമ്മതിക്കാതെ ഇവിടെ എത്തിപ്പെട്ടവരാണ്. എങ്ങനെ എത്തിയവരാണെങ്കിലും ഞങ്ങൾ ഇവിടെ ഒരു കുടുംബം പോലെ ഒരു പിതാവിന് മക്കളായി തുടരുന്നു.
അപ്പയെന്നും സന്ധ്യാപ്രാർത്ഥനയുടെ അവസാനം എനിക്കും മറ്റുള്ള കുഞ്ഞുങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുമ്പോൾ ഇവിടെ എല്ലാവരും ഭയങ്കര സന്തോഷത്തിൽ ആയിരിക്കും. മിക്ക കുഞ്ഞുങ്ങൾക്കും എന്നെപ്പോലെ പ്രാർത്ഥിക്കാൻ പോയിട്ട് ഒന്നു ഓർക്കാൻ പോലും അവരുടെ അപ്പയോ അമ്മയോ ശ്രമിക്കാറില്ല. അവർക്കൊക്കെ അപ്പയാണ് അവരുടെ അപ്പ, എന്നും അവർക്കുവേണ്ടി പ്രാർത്ഥിക്കുന്ന അവരുടെ സ്വന്തം അപ്പ.
ഞാനുണ്ടായിരുന്ന സമയത്ത് എടുത്ത ഫോട്ടോസ് കാണുമ്പോഴെല്ലാം, ഈ ഫോട്ടോയിൽ കാർലോസ് ഉണ്ടെന്ന് നിങ്ങൾ പറയുമ്പോൾ എന്റെ കണ്ണുകൾ ഈറനണിയും. അപ്പയും അമ്മയും എനിക്കുവേണ്ടി അത്ര മാത്രം ആഗ്രഹിച്ചിരുന്നു എന്നറിഞ്ഞിട്ട്, എത്രയും വേഗം ഒരു ഉണ്ണിവാവയെ കൊടുക്കണേ എന്ന് ഞാൻ പ്രാർത്ഥിക്കാറുണ്ട്. എന്തായാലും ഞാൻ ഇപ്പൊ ഹാപ്പിയാണ്, കുറച്ചു കഴിഞ്ഞാണെങ്കിലും എനിക്ക് ഒരു അനിയത്തിയെ കിട്ടിയല്ലോ. അവൾ അപ്പയുടെ നെഞ്ചത്ത് ചൂട് പറ്റി കിടന്നുറങ്ങുന്നത് കാണുമ്പോൾ എനിക്ക് കൊതിയാവാറുണ്ട്, ഒന്നതുപോലെ കിടന്നുറങ്ങാൻ. എന്തു ചെയ്യാൻ കാലം എനിക്ക് അതനുവദിച്ചു തന്നില്ല. അവളുടെ മാമ്മോദീസ ദിവസം കുർബാനയ്ക്ക് ശേഷം, എല്ലാവരോടും എന്നെ പറ്റി പരിചയപ്പെടുത്താൻ അപ്പയും അമ്മയും തയ്യാറെടുത്തത് എന്നെ വളരെ അധികം അത്ഭുതപ്പെടുത്തി. എന്നെ ഒരു നോക്ക് കാണാൻ പോലും കഴിഞ്ഞിട്ടില്ലെങ്കിലും, ഞാൻ ആരാണെന്ന് അറിഞ്ഞിട്ടില്ലെങ്കിലും ഇത്രയും വർഷങ്ങൾക്ക് ശേഷവും നമ്മുടെ കുടുംബത്തിന്റെ ഒരു ഭാഗമായി എന്നെ കരുതുന്ന നിങ്ങളുടെ നല്ല മനസ്സിന് ഞാൻ നൂറിൽ നൂറു മാർക്ക് കൊടുക്കും. എന്റെ അനിയത്തിയുടെ ജനനം മുതൽ ഈ പിറന്നാൾ ദിവസം വരെ നിങ്ങൾ രണ്ടാളും അവളോട് കാണിക്കുന്ന സ്നേഹം ജീവിതാവസാനംവരെ ലഭിക്കാൻ അവൾക്ക് ഭാഗ്യമുണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഞാൻ നിർത്തട്ടെ. എന്ന് നിങ്ങളുടെ സ്വന്തം കാർലോസ്.
ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു. തെല്ല് അത്ഭുതത്തോടെ അയാൾ കണ്ണുകൾ തിരുമ്മി. മകൾ അരികത്ത് സുഖമായി കിടന്നുറങ്ങുന്നുണ്ട്, തൊട്ടപ്പുറത്ത് ഭാര്യയും. ജനൽ ചില്ലിലൂടെ തെളിച്ചം കുറഞ്ഞ സൂര്യ വെളിച്ചം മുറിയിലേക്ക് വീഴുന്നുണ്ട്. വാതിലിനപ്പുറത്ത് നിന്നും ശാലോം ടിവിയിൽ വചനം വായിക്കുന്നത് കേൾക്കാമായിരുന്നു. ഞായറാഴ്ച ആയതുകൊണ്ട് പള്ളിയിൽ പോവാൻ അപ്പച്ചൻ വാതിലിൽ മുട്ടി വിളിച്ചതാണ്. ഇത്രനേരം താൻ കണ്ടതെല്ലാം സ്വപ്നമായിരുന്നു എന്നയാൾക്ക് മനസ്സിലാക്കാൻ കുറച്ചു സമയമെടുത്തു. മെല്ലെ അയാൾ വീണ്ടും കിടന്നു കണ്ണുകൾ അടച്ചു, വീണ്ടും സ്വപ്നം കാണാൻ, അങ്ങനെയെങ്കിലും കാർലോസിന്റെ മുഖം ഒന്ന് കാണാൻ വേണ്ടി. അപ്പോൾ അയാളുടെ ചുണ്ടുകളിൽ പ്രാർത്ഥന ഉയരുന്നുണ്ടായിരുന്നു…ഗർഭപാത്രത്തിൽ വെച്ച് മരണപ്പെടുന്ന കുഞ്ഞുങ്ങളെ, സ്വർഗ്ഗത്തിൽ അങ്ങയോടൊപ്പം സന്തോഷിക്കാൻ ഇടയാക്കണമേ. ……………………………..
ജിന്റോ പോൾ. സി, ബാംഗ്ലൂരിലെ ഈസ്റ്റ് പോയിന്റ് നഴ്സിംഗ് കോളേജിൽ പീഡിയാട്രിക്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ആയി ജോലി ചെയ്യുന്നു. ഭാര്യ സ്റ്റെഫി, മകൾ കെയ്ൻ സാറ. തൃശൂർ സ്വദേശി, ബാംഗ്ലൂരിൽ താമസിക്കുന്നു.



Comments