top of page
Search

അനുപമം അവർണ്ണനീയം ഈയനുഭവങ്ങൾ | KAIROS MALAYALAM | MARCH 2026

  • Writer: Kairos Media
    Kairos Media
  • May 30
  • 3 min read

ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം എംഇഎസ് കോളേജിലെ ബിഎസ്‌സി മാത്തമാറ്റിക്സ് പഠനകാലയളവിലാണ് ജീസസ് യൂത്ത് കൂട്ടായ്മയിൽ ഞാനെത്തുന്നത്. മുസ്ലീം കോളേജ് ആയതിനാൽ അവിടെ നിന്ന് കുറച്ചകലെ ഒരു ജോർജ് സാറിന്റെ വീട്ടിൽ കുറച്ചു പേരടങ്ങുന്ന ഒരു പ്രാർത്ഥന ഗ്രൂപ്പ് വെള്ളിയാഴ്ചകളിൽ ഉണ്ടെന്നറിഞ്ഞു. ഒന്ന് പോയി നോക്കാമെന്ന് കരുതി, അതായിരുന്നു തുടക്കം. ലീഡർഷിപ്പ് പ്രോഗ്രാമിൽ പങ്കെടുത്തതിലൂടെയാണ് കുറച്ചുകൂടി ശക്തമായി ജീസസ് യൂത്ത് ആധ്യാത്മികതയിൽ മുന്നോട്ട് പോകാൻ കഴിഞ്ഞത്. ക്യാമ്പസ് മീറ്റ്, ട്രെയിനിംഗ് പ്രോഗ്രാം, ഹൈറേഞ്ച് മേഖല കരിസ്മാറ്റിക് കൺവെൻഷൻ അങ്ങനെ നീളുന്ന പ്രോഗ്രാമുകളുടെ ഒരു നീണ്ട ലിസ്റ്റ്. ഞാൻ ഒന്നും നഷ്ടപ്പെടുത്തിയില്ല. വീട്ടിലും സന്തോഷമായിരുന്നു. വളരെ കഷ്ടപ്പാടിലൂടെയുള്ള പഠനമായിരുന്നെങ്കിലും നേതൃപാടവമുണ്ടാ- യിരുന്നതിനാൽ കോളേജ് വൈസ് ചെയർപേഴ്സൺ ആയി മത്സരിക്കാൻ അവസരം ലഭിച്ചു. വിജയിക്കാൻ കഴിഞ്ഞതിന് പിന്നിൽ ജീസസ് യൂത്ത് മാത്രം.


വീട്ടിലെ പ്രയാസമോർത്താൽ ഡിഗ്രിക്ക് ശേഷം എന്തെങ്കിലും ജോലി എന്നതായിരുന്നു ലക്ഷ്യം. അപ്പോഴാണ് ഫുൾടൈമർ എന്നതിനെക്കുറിച്ച് അറിഞ്ഞത്. വീട്ടിൽ ആദ്യം വിസമ്മതിച്ചു. എനിക്ക് രണ്ട് ചേട്ടന്മാരാണുള്ളത്. വീട്ടിലെ ഇളയ മകൾ, ഒറ്റയ്ക്ക് വിടാനുള്ള ഭയം അങ്ങനെ നീളുന്നു കാരണങ്ങൾ. പക്ഷേ പ്രീഡിഗ്രി കഴിഞ്ഞപ്പോഴേ എല്ലാ കാര്യങ്ങളും സ്വയംചെയ്യാനും എല്ലായിടത്തും പോകാനും പപ്പ നല്ല പരിശീലനം നൽകുമായിരുന്നു. അതിലുപരി ഇടവക ദേവാലയത്തോട് ചേർന്നുള്ള ജീവിതമായിരുന്നു ഞങ്ങളുടേത്. അതെല്ലാമെന്നെ സഹായിച്ചു. പിന്നെ കട്ടപ്പന സോണിൽ നിന്നും നല്ല പിന്തുണ ലഭിച്ചു. എനിക്ക് ലഭിച്ച 40 ദിവസത്തെ ഫുൾടൈമർഷിപ്പ് പരിശീലനം എന്റെ മാതാപിതാക്കളെയും വളരെ സ്വാധീനിച്ചു. ആരുടെ മുന്നിലും സംസാരിക്കാനുള്ള ആത്മധൈര്യവും മറ്റു കൂട്ടായ്മകളിൽ നിന്ന് വ്യത്യസ്തമായി യുവജനങ്ങളുടെ പക്വതയാർന്ന പെരുമാറ്റവും അവർ അത്ഭുതത്തോടെ നോക്കി കണ്ടു. ഒരുവർഷം ദൂരത്തേക്ക് എന്നെ വിടാനുള്ള ധൈര്യമവർക്ക് കിട്ടി.


കാസർഗോഡ് സോണിലേക്കായിരുന്നു ഞാൻ ഫുൾടൈമറായി പോയത്. ആദ്യമായിട്ടാണെങ്കിലും പപ്പയുടെ ധൈര്യം, ബസ്സിൽ കട്ടപ്പനയിൽ നിന്ന് കാസർകോട് ജില്ലയിലെ നീലേശ്വരത്തേക്ക് എന്നെ ഒറ്റയ്ക്കുവിട്ടു. ആദ്യദിനം ഞാൻ കാണുന്നത് അവിടുത്തെ ബിജോ ചേട്ടനെയാണ്. എനിക്കെപ്പോഴും നല്ല സ്വാതന്ത്ര്യമുണ്ടായിരുന്ന ബിജോ ചേട്ടന്റെ കുടുംബം മുതൽ പിന്നെ ചെന്നെത്തിയ എല്ലാ വീടുകളും അവിടെയുള്ളവരും സ്വന്തമായി മാറി. ആദ്യമായി അവിടുത്തെ കൂട്ടായ്മയിൽ എത്തിയപ്പോൾ ഞാനൊന്ന് ഞെട്ടി. ഇത്രയും ആൾക്കാരുടെ ഇടയിൽ എന്ത്, എങ്ങനെയെന്നാലോചിച്ചു. ബലഹീനതയിലാണ് കർത്താവിന്റെ ശക്തി പ്രകടമാവുന്നത് എന്ന് ഈശോ അവിടെവെച്ച് എനിക്ക് ബോധ്യപ്പെടുത്തി തന്നു. ഓരോ നിമിഷത്തിലും ധൈര്യപ്പെടുത്തിയ എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു. ഒരുവർഷം എങ്ങനെ കടന്നുപോയി എന്ന് പറയാനാവില്ല.


ഒരനുഭവമോർക്കുന്നു. ഒറ്റയ്ക്ക് ഒരു വഴിയാത്രയ്ക്കിടയിൽ ഒരു ജീപ്പ് കാണുന്നു. തിരുവല്ല രൂപതയുടെ പിതാവ് ഗീവർഗീസ് മാർ തിമോത്തിയോസ് ജീപ്പിന്റെ പുറകിലിരിക്കുന്നു. ഞാൻ കൈനീട്ടി, പെട്ടെന്ന് വണ്ടി നിർത്തി, എന്നെയും ജീപ്പിൽ കയറ്റി... വിശേഷങ്ങളൊക്കെ പങ്കുവെച്ചു. അങ്ങനെയാണ് പിതാവ് ഈ പ്രവർത്തനം മനസ്സിലാക്കുന്നത്. സുന്ദര നിമിഷങ്ങൾ. പിതാവ് ചോദിച്ചു, മോൾ ഒറ്റയ്ക്ക് ഇങ്ങനെ ഈ വഴിയിൽ...? അതിന്റെ മറുപടി ഞാൻ ഇങ്ങനെ പറഞ്ഞു: 'അതാണ് ജീസസ്.' പിതാവിന് ഒരുപാടിഷ്ടമായി.


ഫുൾടൈമർഷിപ്പ് കഴിഞ്ഞ് ജോലി എന്ന സ്വപ്നവുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് കല്യാണാലോചന വന്നത്. ആറ് സമർപ്പിതരുള്ള കുടുംബത്തിൽ നിന്നാണ് കല്യാണാലോചന. ഞാനൊന്ന് പകച്ചു. ചിന്തിക്കാനാവുന്നില്ല. പഠിച്ചു ജോലി ചെയ്ത് എന്റെ മാതാപിതാക്കളെ രക്ഷിക്കണം. ശേഷം ബാക്കി കാര്യങ്ങൾ എന്നാണ് ആഗ്രഹിച്ചിരുന്നത്. പക്ഷേ ഈശോ മുൻകൂട്ടി എന്നെ ഒരുക്കുകയായിരുന്നു. എന്റെയാഗ്രഹം പോലെ തന്നെ ഒരു തൊഴിലറിയാവുന്ന വ്യക്തിയാണ്, ഇലക്ട്രീഷ്യൻ ആണ്. ദൈവകൃപയാൽ മുന്നോട്ടുപോകാനാവുന്ന കുടുംബം. പള്ളിയിലെ ഗായകസംഘത്തിലുള്ള ആളാണെന്ന് കേട്ടപ്പോൾ മനസ്സിൽ ഒരാഗ്രഹം. വിവാഹം സമ്മതിക്കാൻ കാരണം, ഭർത്താവിന്റെ പിതാവ് എന്നെ എത്ര പഠിപ്പിക്കാനും തയ്യാറായ വ്യക്തിയായിരുന്നു. എന്നാലും സാമ്പത്തികം വേണ്ടേ. പക്ഷേ പിന്നീട് നടന്നത് ദൈവപരിപാലനയുടെ ഒരു ഘോഷയാത്ര തന്നെയാണ്. ഒന്നുമില്ലായ്മയിൽ നിന്ന് ദൈവം ഉയർത്തിയ നിമിഷങ്ങൾ.

'രക്ഷിക്കാൻ കഴിയാത്ത വിധം കർത്താവിന്റെ കരം കുറുകി പോയിട്ടില്ല, കേൾക്കാനാവാത്ത വിധം അവിടുത്തെ കാതുകൾക്ക് മാന്ദ്യം സംഭവിച്ചിട്ടില്ല' (ഏശയ്യാ 59:1).എല്ലാ കഷ്ടപ്പാടുകൾക്കും ആഗ്രഹങ്ങൾക്കും ഒരുത്തരമായിരുന്നു ഈ വിവാഹം. അതിലുപരി എന്നെ കരുതുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു നല്ല അച്ചായൻ. ജീസസ് യൂത്ത് ഒന്നും പരിചയമില്ലെങ്കിലും എല്ലാത്തിനും എന്നെ വിടാൻ മനസ്സുണ്ട്. വിവാഹം നടന്ന വർഷം തന്നെ ബി.എഡ് പൂർത്തിയാക്കി. തൊട്ടടുത്ത വർഷം മുതൽ ജോലിക്ക് പോയിത്തുടങ്ങി. 2019ൽ അദ്ധ്യാപികയായി സ്ഥിരജോലിയിൽ പ്രവേശിച്ചു. അതിന്റെ കൂടെ എംഎസ്‌സി മാത്തമാറ്റിക്സും എംഎസ്‌സി സൈക്കോളജിയും പഠിച്ചു. പിഎസ്‌സി ഹെഡ്മാസ്റ്റർ ഡിപ്പാർട്ട്മെന്റ് ടെസ്റ്റ് 2019 മുതൽ എഴുതാൻ തുടങ്ങി. തുടർച്ചയായ ശ്രമങ്ങൾക്ക് ശേഷം ഈ വർഷം വിജയിച്ചു. കുടുംബത്തിന്റെ പൂർണ്ണ പിന്തുണയോടെ ഇപ്പോൾ 46 മത്തെ വയസ്സിൽ ഞാൻ കെ-ടെറ്റ് (KTET) പഠനത്തിലാണ്. ജീവിതത്തിന്റെ നാൾവഴികളിൽ ഈശോയുടെ കൈപിടിച്ച് നേടിയതാണെല്ലാം. നിരന്തരമായ പ്രാർത്ഥനയുടെ ഫലമായി ചെറിയ ജീസസ് യൂത്ത് പ്രോഗ്രാമിൽ കുടുംബത്തോടെ പോയി. ഇപ്പോഴും ജീസസ് യൂത്തിൽ അത്ര സജീവമാകാൻ സാധിച്ചിട്ടില്ല. വളരെ സന്തോഷപൂർവ്വമുള്ള കുടുംബജീവിതം നൽകി ഈശോ അനുഗ്രഹിച്ചു. മക്കൾ മൂന്നുപേരും മിടുക്കരായി പഠിക്കുന്നു. പാഠ്യേതര വിഷയങ്ങളിലും വിജയിച്ചു മുന്നേറുന്നു.

'ഈശോയ്ക്ക് വേണ്ടിയാണ് എല്ലാം ചെയ്യുന്നതെങ്കിൽ, എൻ മനമേ ആശങ്ക വേണ്ട... ' സ്കൂളിൽ വ്യത്യസ്തയായ അധ്യാപികയാകാൻ കഴിഞ്ഞുവെന്നാണ് ഞാൻ കരുതുന്നത്. എല്ലാവരെയും സ്നേഹിക്കാനും ആരോടും പിണങ്ങാതെയും മുന്നോട്ട് പോകാൻ ശ്രമിക്കുന്നു. അധ്യാപന ജീവിതത്തിൽ നിയമനം ശരിയാവാനും ശമ്പളം ലഭിക്കാനും തടസ്സം നേരിട്ടില്ല. ഏത് ഓഫീസിൽ പോകാനും അധികാരികളോട് സംസാരിക്കാനും ശക്തി ലഭിച്ചത് ജീസസ് യൂത്ത് പരിശീലനങ്ങളിൽ നിന്നാണ്. സംസ്ഥാനതലം വരെ ലഹരിക്കെതിരെയുള്ള പ്രവർത്തനത്തിന്റെ ഭാഗമായി പ്രവർത്തിക്കാൻ കഴിഞ്ഞു. കൂടാതെ ഗണിതശാസ്ത്ര വിഷയത്തിൽ ജില്ലാ സംസ്ഥാന തലങ്ങളിൽ റിസോഴ്സ് ഗ്രൂപ്പ് അംഗമായി. ഭർത്താവും മക്കളും നന്നായി പാടും. ആ മേഖലയിലും എത്താൻ കഴിഞ്ഞു. ഞാൻ മാതാവിന്റെ ഉദരത്തിൽ ആയിരിക്കുമ്പോൾ തന്നെ ദൈവം എന്നെ പ്രത്യേകം തിരഞ്ഞെടുത്തു. തന്റെ കൃപയാൽ അവിടുന്ന് എന്നെ വിളിച്ചു... (ഗലാത്തി 1: 15).


ഒൻപതാമത്തെ ഫുൾടൈമർ ബാച്ചിൽ മലങ്കര കത്തോലിക്കാ സഭയിൽ നിന്നുള്ള ഏക വ്യക്തി ഞാനായിരുന്നു. സീറോ മലങ്കരയിലെ എല്ലാ ഇടവകകളിലും ജീസസ് യൂത്ത് പടർന്ന് പന്തലിക്കണം എന്നത് അന്നേന്റെ സ്വപ്നമായിരുന്നു. സഭ ശക്തമായി ഉണരുന്ന ഈ ജൂബിലി വർഷത്തിൽ എല്ലാ മലങ്കര രൂപതകളിൽ നിന്നുമുള്ള ജീസസ് യൂത്ത് ഒരുമിച്ചു കൂടി, അങ്ങനെ ആ സ്വപ്നവും പൂവണിഞ്ഞു. ഞങ്ങളുടെ ഒൻപതാമത്തെ ബാച്ച് ഫുൾടൈമേഴ്സ് ഗ്രൂപ്പ് വലിയ കരുത്ത് ലഭിക്കുന്ന ഒരിടമാണ്. എല്ലാ സന്തോഷവും സങ്കടവും പങ്കുവെക്കാൻ പറ്റുന്ന ഒരു സ്നേഹവലയം. ജോർജ് അച്ചൻ, റെജി ചേട്ടൻ, ബേബിച്ചായൻ.... പറയാൻ ഒരുപാട് പേരുണ്ട്. അവരിലൂടെ ഞങ്ങൾക്ക് ലഭിച്ച വിശ്വാസത്തിലും തീക്ഷ്ണതയിലും ഇന്നും ജീവിക്കുന്നു. ഞങ്ങളുടെ ബാച്ചിലെ വൈദികർ ഞങ്ങൾക്ക് വലിയ ശക്തിയാണ്. കാരണം വിശുദ്ധ കുർബാന അർപ്പിച്ച് ഞങ്ങളുടെ ജീവിത നിയോഗങ്ങൾക്ക് വേണ്ടി അവർ പ്രാർത്ഥിക്കുന്നു. ജീസസ് യൂത്തിൽ വരുന്നവർ ഒരിക്കലും എന്തൊക്കെ വന്നാലും നിരാശരാവുകയില്ല എന്നുറപ്പാണ്. അനേകം മക്കൾ ഇതുപോലെ കടന്നുവന്ന് സഭയെ പടുത്തുയർത്തുന്നതിൽ പങ്കാളികളാവട്ടെ.


ബിൻസി, കട്ടപ്പന

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page