top of page
Search

അച്ചാ, പിച്ചല്ലേ പിച്ചല്ലേ! | അഡ്വ. കെ. ജെ ജോൺസൺ | KAIROS MALAYALAM | AUGUST 2026

  • smithask2009
  • Aug 1
  • 1 min read

വർഷങ്ങൾക്ക് മുൻപ് നടന്ന യുവജനങ്ങൾക്കായുള്ള ഒരു പരിശീലന പരിപാടിയിൽ, രാവിലെ ദിവ്യബലി അർപ്പിക്കാൻ കൃത്യസമയത്തു വന്ന പള്ളിവാതുക്കലച്ചൻ കണ്ടത് ഒഴിഞ്ഞ കസേരകളാണ്. സമയം തെറ്റി ഓടിയെത്തിയ സാജു ചെറിയാൻ അച്ചന്റെ മുൻപിൽ വന്നുപെട്ടു. രാത്രി വൈകിയാണ് ഉറങ്ങിയതെന്ന ഒഴികഴിവും, അച്ചാ പിച്ചല്ലേയെന്ന സാജുവിന്റെ രോദനവും അച്ചന്റെ മുൻപിൽ വിലപ്പോയില്ല. വേദന കൊണ്ട് പുളഞ്ഞ സാജുവിനെ ആശ്വസിപ്പിക്കാൻ പോലും പറ്റാതെ മറ്റുള്ളവർ നിന്നു. ആ സമയം അച്ചന്റെ അടുത്തു വന്ന എല്ലാവർക്കും ആ നുള്ളിന്റെ സുഖം കിട്ടി.


ശാന്തമായല്ലോ കാര്യങ്ങൾ എന്ന് കരുതിയിരിക്കുമ്പോഴാണ് അച്ചൻ എല്ലാവരോടും ഇരിക്കാൻ പറഞ്ഞത്. അക്രമം എന്നാൽ എന്താണെന്ന് നിങ്ങൾക്കറിയുമോ? അച്ചന്റെ ചോദ്യം കേട്ടവർ ചിന്തിച്ചത് നാട്ടിൽ

നടമാടുന്ന അതിക്രമങ്ങളെ കുറിച്ചാണ് എന്നാണ്. അച്ചൻ തുടർന്നു: “ക്രമമില്ലാത്ത അവസ്ഥയാണ് അക്രമം എന്ന് പറയുന്നത്. നാട്ടിലെ അക്രമങ്ങൾ നിങ്ങൾ കാണുന്നുണ്ടാവും. രോഷം കൊള്ളുന്നുണ്ടാകും. എന്നാൽ നിങ്ങൾ അനുതപിക്കേണ്ടത് നിങ്ങളുടെ ജീവിതത്തിലെ ക്രമമില്ലാത്ത അവസ്ഥയെക്കുറിച്ചാണ്. വ്യക്തി ജീവിതത്തിൽ ക്രമമില്ലെങ്കിൽ നിങ്ങളുടെ ഭാവി മാത്രമല്ല, ലോകം തന്നെ ഇരുട്ടിലാകും.”

ജെസ്യൂട്ട് സെമിനാരി പരിശീലനത്തിലൂടെ ലഭിച്ച അച്ചടക്കത്തിന്റെ മാഹാത്മ്യം ജീവിതത്തിൽ അനുവർത്തിച്ച് തെളിയിച്ച വ്യക്തിയാണ് ഫാദർ എബ്രഹാം പള്ളിവാതുക്കൽ എന്ന പ്രിയപ്പെട്ടവരുടെ പള്ളിയച്ചൻ. വ്യക്തികളുടെ ജീവിതത്തിൽ കാർക്കശ്യത്തോടെ സ്വയം ശീലിക്കേണ്ട ഒന്നാണ് അച്ചടക്കം. അച്ചടക്കമില്ലാത്ത ജനതകൾ നയിക്കപ്പെടുന്നത് അസ്വസ്ഥതകളിലേക്കാണ്. സമ്പത്ത്, സമയം, ബന്ധങ്ങൾ, ഭക്ഷണം, വസ്ത്രധാരണം, ശുചിത്വം ഇതിനെല്ലാം പുറമെ ചിന്തകളിൽ പോലും പുലർത്തേണ്ട അച്ചടക്കം ചെറുപ്പകാലങ്ങളിൽ തന്നെ പരിശീലിക്കപ്പെടേണ്ടതുണ്ട്. വികാരങ്ങൾ, പ്രവർത്തികൾ, ശീലങ്ങൾ എന്നിവയിലെ അച്ചടക്കം വ്യക്തിയുടെ അന്തസ്സുയർത്തുന്നു. നിയമങ്ങൾ പാലിക്കുമ്പോഴും ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുമ്പോഴും വ്യക്തികൾ വിലമതിക്കുന്നുണ്ട്. ആത്മീയമായ അച്ചടക്കങ്ങൾ ഒരുവന്റെ മനസ്സിൽ ആനന്ദവും സമാധാനവും നിറയ്ക്കുമെന്ന് ആത്മീയാചാര്യന്മാർ പറഞ്ഞുവെക്കുന്നു.


പരിശീലന പരിപാടിയുടെ മറ്റൊരു ദിവസം പള്ളിയച്ചൻ വീണ്ടും വന്നു. അതുവരെ ബഹളം കൂട്ടിയിരുന്ന അവർ പെട്ടെന്ന് നിശബ്ദരായി. വട്ടത്തിൽ കസേരയിട്ട് ഇരുന്ന ചെറുപ്പക്കാർക്കിടയിൽ നിന്ന് സാജുവിനെ അച്ചൻ വിളിച്ചു. ബാഗിലുണ്ടായിരുന്ന ഒരു പൊതി അവനെ ഏൽപ്പിച്ചു. വിദേശത്തു നിന്നും വന്ന ഒരു സുഹൃത്ത് കൊണ്ടുവന്ന മിഠായികളാണ് നീ എല്ലാവർക്കും പങ്കുവെച്ചു കൊടുക്കൂ എന്ന് പറഞ്ഞു.


കാർക്കശ്യത്തോടെ പെരുമാറുന്നതോടൊപ്പം സ്നേഹത്തോടെയും നിർമ്മലതയോടെയും ചേർത്തുപിടിക്കുന്നതാകണം ഓരോ പരിശീലനങ്ങളും. പ്രോഗ്രാമിന്റെ അവസാന ദിവസം വന്ന അച്ചനെ കണ്ട് അവർ ഏറെ സന്തോഷത്തോടെ പാടി.... Father Abraham had many sons, many sons had father Abraham, I am one of you...


 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page